Image

'ഗോഡ്‌സെയുടെ പ്രതിമ നീക്കണം'; ഹിന്ദുമഹാസഭയ്‌ക്ക്‌ ജില്ലാഭരണകൂടത്തിന്റെ നോട്ടീസ്‌

Published on 17 November, 2017
'ഗോഡ്‌സെയുടെ പ്രതിമ നീക്കണം'; ഹിന്ദുമഹാസഭയ്‌ക്ക്‌ ജില്ലാഭരണകൂടത്തിന്റെ നോട്ടീസ്‌


മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക്‌ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച അഖില ഭാരത ഹിന്ദുമഹാസഭയ്‌ക്ക്‌ ജില്ലാഭരണകൂടത്തിന്റെ നോട്ടീസ്‌. ഭോപ്പാലിലെ ഹിന്ദുമഹാസഭ ഓഫീസില്‍ സ്ഥാപിച്ച ഗോഡ്‌സെയുടെ പ്രതിമ ഉടന്‍ നീക്കം ചെയ്യണമെന്നാണ്‌ നിര്‍ദ്ദേശം. ക്ഷേത്രം വേണ്ട എന്നു പറഞ്ഞാല്‍ വിഗ്രഹാരാധനയും വേണ്ട എന്നാണ്‌ ഉദ്ദേശിക്കുന്നതെന്നും ജില്ലാഭരണകൂടം നോട്ടീസില്‍ വ്യക്തമാക്കി.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ ശിവ്‌ രാജ്‌ സിങ്‌ വര്‍മ്മയാണ്‌ ഹിന്ദുമഹാസഭ വൈസ്‌ പ്രസിഡന്റ്‌ ജയ്‌ വീര്‍ ഭരദ്വാജിന്‌ നോട്ടീസ്‌ അയച്ചത്‌. അഞ്ച്‌ ദിവസത്തിനകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.വിഗ്രഹം സ്ഥാപിക്കുകയും ആരാധന നടത്തുകയും ചെയ്‌തതോടെ ഹിന്ദുമഹാസഭ ഓഫീസിനെ ക്ഷേത്രമായി ബന്ധപ്പെട്ടവര്‍ പ്രഖ്യാപിക്കുകയാണുണ്ടായതെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു

ഗോഡ്‌സെയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസമാണ്‌ ഭോപ്പാലിലെ ഹിന്ദുമഹാസഭ ഓഫീസില്‍ പ്രതിമ സ്ഥാപിച്ചത്‌. ക്ഷേത്ര നിര്‍മ്മാണത്തിന്‌ സ്ഥലം ചോദിച്ച്‌ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന്‌ സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ ക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ്‌ പ്രതിമ സ്ഥാപിച്ച്‌ ആരാധന നടത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക