Image

മാര്‍പാപ്പയ്ക്കു ലഭിച്ച ലംബോര്‍ഗിനി കാര്‍ ലേലം ചെയ്യും

Published on 17 November, 2017
മാര്‍പാപ്പയ്ക്കു ലഭിച്ച ലംബോര്‍ഗിനി കാര്‍ ലേലം ചെയ്യും

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനി കാര്‍ സമ്മാനമായി നല്‍കി. നിര്‍മാണ കമ്പനി തന്നെയാണ് സ്‌പെഷ്യല്‍ എഡിഷന്‍ ഹറികെയ്ന്‍ മോഡല്‍ പേപ്പല്‍ തീമില്‍ ഡിസൈന്‍ ചെയ്ത് മാര്‍പാപ്പയ്ക്കു സമ്മാനിച്ചത്. മാര്‍പാപ്പ കാര്‍ ആശീര്‍വദിയ്ക്കുകയും ചെയ്തു.

1,65,000 പൗണ്ടാണ് വെള്ള നിറമുള്ള ലംബോര്‍ഗിനി കാറിന്റെ വില. കാര്‍ സ്വീകരിച്ചെങ്കിലും ഇതില്‍ യാത്ര ചെയ്യാന്‍ പോലും മാര്‍പാപ്പ തയാറായില്ല. താന്‍ തുടര്‍ന്നും പോപ്പ് മൊബീല്‍ തന്നെയാവും ഉപയോഗിക്കുക എന്നും, ഈ കാര്‍ ലേലം ചെയ്തു കിട്ടുന്ന തുകയില്‍ നിന്ന് ഇറാക്കിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാപ്പായുടെ ഇപ്പോഴത്തെ മൊബീല്‍ കാര്‍ ഫോര്‍ഡ് കന്പനിയുടെ നീല നിറമുള്ള ഫോക്കസ് ടൈപ്പാണ്.

സോത്ത്ബീസ് വഴി കാര്‍ ലേലം ചെയ്ത്, ആ തുക ഇറാക്കില്‍ ദുരിതം അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനം. മാര്‍പാപ്പ ആശീര്‍വദിച്ച കാറിന് നല്ല തുക ലേലത്തില്‍ കിട്ടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മാര്‍പാപ്പയാകും മുന്‍പ് അര്‍ജന്റീനയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പൊതു ഗതാഗത സംവിധാനങ്ങള്‍ മാത്രമാണ് അദ്ദേഹം യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്. വിലയേറിയ ആഡംബര കാറുകളും സ്മാര്‍ട്ട് ഫോണുകളും മറ്റും വാങ്ങിക്കൂട്ടുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിട്ടുമുണ്ട്. 2014 ല്‍ ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് കമ്പനി സമ്മാനമായി നല്‍കിയ മോട്ടോര്‍ സൈക്കളും പാപ്പാ ലേലത്തില്‍ വിറ്റ് ചാരിറ്റിയ്ക്കായി നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക