Image

ദക്ഷിണേന്ത്യയുടെ ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേല്‍ അന്ന ജേക്കബ് നിര്യാതയായി

Published on 17 November, 2017
ദക്ഷിണേന്ത്യയുടെ ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേല്‍ അന്ന ജേക്കബ് നിര്യാതയായി
ചെന്നൈ : ഇന്ത്യന്‍ നഴ്‌സിങ് മേഖലയുടെ തലതൊട്ടമ്മമാരില്‍ ഒരാളും രാജ്യാന്തര നഴ്‌സിങ് കൗണ്‍സില്‍ ബോര്‍ഡിലെ ആദ്യ ഇന്ത്യക്കാരിയുമായ അന്ന ജേക്കബ് (103) നിര്യാതയായി. സം സ്കാരം തിങ്കളാഴ്ച വെല്ലൂരില്‍. ‘ദക്ഷിണേന്ത്യയുടെ ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍’ എന്നറിയപ്പെടുന്ന ഇവര്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ (സിഎംസി) ഇന്ത്യക്കാരിയായ ആദ്യ നഴ്‌സിങ് സൂപ്രണ്ടായിരുന്നു.

തിരുവല്ല മേപ്രാല്‍ പൂതിയോട്ട് കുടുംബാംഗമാണ്. തിരുവല്ല നിക്കോള്‍സണ്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിനെക്കുറിച്ചു വെല്ലൂര്‍ സിഎംസിയിലെ നഴ്‌സിങ് ട്യൂട്ടര്‍ എടുത്ത ക്ലാസാണു വഴിത്തിരിവായത്. 1932ല്‍ സിഎംസിയില്‍ ഹയര്‍ഗ്രേഡ് നഴ്‌സിങ്ങിന്റെ ആദ്യ ബാച്ചിലെ അഞ്ചുപേരില്‍ ഒരാളായി.മൂന്നര വര്‍ഷത്തിനുശേഷം അവിടെത്തന്നെ ജൂനിയര്‍ നഴ്‌സായി.

ലണ്ടന്‍ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങില്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ് ലഭിച്ചെങ്കിലും പ്രായം കുറവായതിനാല്‍ ഒരുവര്‍ഷം കാത്തിരിക്കാനായിരുന്നു നിര്‍ദേശം. അന്നയെ ഇന്റര്‍മീഡിയറ്റ് പഠനത്തിനായി സിഎംസി തന്നെ ചെന്നൈ വിമന്‍സ് ക്രിസ്ത്യന്‍ കോളജില്‍ അയച്ചു. തുടര്‍ന്നു കാനഡയില്‍ ഉപരിപഠനം നടത്തി മടങ്ങിയെത്തിയപ്പോള്‍ നഴ്‌സിങ് അസിസ്റ്റന്റ് സൂപ്രണ്ടായി. 1950ല്‍ സൂപ്രണ്ടുമായി. 1975ല്‍ വിരമിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക