Image

സെക്‌സി ദുര്‍ഗ ചലച്ചിത്രോത്സവത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സംവിധായകന്‍ സജീവന്‍ അന്തിക്കാട്

Published on 18 November, 2017
സെക്‌സി ദുര്‍ഗ ചലച്ചിത്രോത്സവത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സംവിധായകന്‍ സജീവന്‍ അന്തിക്കാട്

സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ ചലച്ചിത്രോത്സവത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സംവിധായകന്‍ സജീവന്‍ അന്തിക്കാട്. അന്താരാഷ്ട്ര സിനിമാ ഫെസ്റ്റിവെല്ലുകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മലയാള ചിത്രമായ സെക്‌സി ദുര്‍ഗ്ഗയെ ഒരു മൂലക്ക് ഒതുക്കുകയാണ് കേരള ചലച്ചിത്രോത്സവം ചെയ്തതെന്ന് സജീവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സെക്‌സി ദുര്‍ഗ്ഗ എന്ന സിനിമയിലെ സെക്‌സി.

സെക്‌സി ദുര്‍ഗ്ഗയിലെ സെക്‌സിയാണ് ഇന്ത്യന്‍ സദാചാരിക്ക് പ്രശ്‌നമാകുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ദുര്‍ഗ്ഗ എന്ന പേര് ഭഗവതിക്ക് മാത്രമല്ല ഇന്ത്യയിലുള്ളതെന്ന് അറിയാത്തവരാണോ ഇവര്‍ . ഇന്ത്യയിലെ ദുര്‍ഗ്ഗ എന്നു പേരുള്ള നൂറുകണക്കിന് പെണ്‍കുട്ടികളിലൊരാളായിക്കൂടെ സനല്‍ കുമാര്‍ ശശിധരന്റെ നായിക . ഈ ഒരു സാധ്യത പോലും പരിഗണിക്കാതെ ‘ജൂറിക്ക് പരാതിയില്ലാതിരുന്നിട്ടും” ഒരു ഭരണകൂടം ഇടപ്പെട്ട് സിനിമ പിന്‍വലിപ്പിക്കുന്ന നികൃഷ്ടമായ ഏര്‍പ്പാട് കേന്ദ്ര സര്‍ക്കാരിന്റെ തോന്നിവാസമാണ്. ഒന്നുകില്‍ ദുര്‍ഗ്ഗ എന്ന പേര് പെണ്‍കുട്ടികള്‍ക്കിടാന്‍ പാടില്ലെന്ന് ഫത്വ ഇറക്കുക. അല്ലെങ്കില്‍ സിനിമ ഒന്നു കണ്ടു നോക്കുകയെങ്കിലും ചെയ്യുക.

എല്ലാ മതക്കാര്‍ക്കും ഇങ്ങിനെ കുരു പൊട്ടുന്ന കുറെ പേരുകളുണ്ട്. കള്ളനും കൊലപാതകിയും ധനവാനും ദരിദ്രനും തന്റെ മക്കള്‍ക്ക് ഇടുന്ന ഒരു പേര് ഒരു ചോദ്യപേപ്പറില്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഒരു അദ്ധ്യാപകന്റെ കൈ വെട്ടിയെടുത്ത നാടാണിത്. മതമേതായാലും കലാകാരന് കഷ്ടകാലമാണെന്ന് മനസ്സിലാക്കാന്‍ ഇതൊക്കെ പോരെ. രാഷ്ടീയമേതായാലും ഇതു തന്നെ സ്ഥിതി. ഇതിനകം അന്താരാഷ്ട്ര സിനിമാ ഫെസ്റ്റിവെല്ലുകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മലയാള ചിത്രമായ സെക്‌സി ദുര്‍ഗ്ഗയെ ഒരു മൂലക്ക് ഒതുക്കുകയാണ് കേരള ചലച്ചിത്രോത്സവം ചെയ്തത്. ആരു ഭരിച്ചാലും കസേര മാറാത്ത ഒരു ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ഉപജാപക സംഘവും സനല്‍ കുമാറിനെ മാത്രമല്ല പുതിയ ആര്‍ട്ട് ഫിലിം സംവിധായകരെ മുഴുവന്‍ കേരള ഫിലിം ഫെസ്റ്റിവെല്ലില്‍ നിന്നോടിക്കുകയാണ്. അവസാന അഭയമായ കോടതിയും സംവിധായകരെ കയ്യൊഴിയുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേട്ടത്.

ഇന്ത്യയുടെ ചലച്ചിത്രോത്സവത്തില്‍ നിന്ന് ‘ സെക്‌സി ദുര്‍ഗ്ഗ പിന്‍വലിച്ചത് ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാരിനെതിരെ സനല്‍കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയുടെ ചലച്ചിത്രോത്സവം നവംബര്‍ 20 മുതലാണല്ലോ. നവംബര്‍ 20 ന് മുമ്പ് തീരുമാനമാകേണ്ട കേസ്സ് ഹൈക്കോടതി എടുക്കുന്നത് തന്നെ നവംബര്‍ 20 നാണ്. നിര്‍ഭാഗ്യവശാല്‍ കോടതിയും സര്‍ക്കാരിനു ഫേവറായി വരുമ്പോള്‍ കലാകാരന്‍ എന്തു ചെയ്യും? സര്‍ക്കാര്‍ മാറുന്നത് കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണോ?


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക