Image

ഒരിടത്ത് വിജയം, മറ്റൊരിടത്ത് തോല്‍വി (ലൗഡ് സ്പീക്കര്‍ 11: ജോര്‍ജ് തുമ്പയില്‍)

Published on 18 November, 2017
ഒരിടത്ത് വിജയം, മറ്റൊരിടത്ത് തോല്‍വി (ലൗഡ് സ്പീക്കര്‍ 11: ജോര്‍ജ് തുമ്പയില്‍)
അക്ഷരാരംഭം കുറിക്കുന്നതിനായി അരിയില്‍ എഴുതുന്നത് കേരളത്തില്‍ പതിവാണ്. എന്നാല്‍ അമേരിക്കയില്‍ അതിനൊരു സാധ്യതയുണ്ടോയെന്ന് ആരും തിരക്കിയിട്ടില്ല. എന്നാല്‍, ന്യൂയോര്‍ക്കിലെ പ്ലെയിന്‍സ് ഗുരുകുലം സ്കൂളില്‍ അങ്ങനെയൊരു സംഭവം അരങ്ങേറി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഇവിടെ മലയാളപഠനം നടക്കുന്നുണ്ട്. ഗുരുകുലത്തിന്റെ പ്രിന്‍സിപ്പല്‍ ജെ. മാത്യൂസ് സര്‍ മാതൃഭാഷയ്ക്ക് വേണ്ടി നടത്തുന്ന ഈ പ്രവര്‍ത്തനത്തിന് അഭിനന്ദനങ്ങള്‍. കൊച്ചുകുട്ടികള്‍ക്ക് ആദ്യാക്ഷരം ചൊല്ലി കൊടുത്ത് ആചാര പ്രകാരം അരിയിലെഴുതിച്ചത് പ്രൊഫ. വിദ്യാസാഗര്‍ ആയിരുന്നു. എന്തായാലും, ഈ കര്‍മ്മം അനസ്യൂതം തുടരട്ടെയെന്ന് ആശംസിക്കുന്നു.

*** *** ***

മലയാളികള്‍ വിജയക്കൊടി പാറിക്കുമ്പോള്‍ നമുക്ക് ആഹ്ലാദമാണ്. അത്തരത്തിലൊരു വിജയമായിരുന്നു വിന്‍ ഗോപാലിന്റേതും. പേരില്‍ തന്നെ വിജയം എന്നര്‍ത്ഥമുള്ള വിന്‍ ഗോപാല്‍ ന്യു ജേഴ്‌സിയിലെ സ്‌റ്റേറ്റ് ഇലക്ഷനില്‍ സ്‌റ്റേറ്റ് സെനറ്ററായാണ് വിജയിച്ചത്. പതിനൊന്നു വര്‍ഷമായി സ്‌റ്റേറ്റ് സെനറ്ററായ റിപ്പബ്ലിക്കന്‍ ജെന്നിഫര്‍ ബെക്കിനെ 28,750 വോട്ട് നേടിയാണു ഗോപാല്‍ പരാജയപ്പെടുത്തിയത്. ബെക്കിനു 25,08 വോട്ട് മാത്രമേ കിട്ടിയുള്ളു. ആസ്ബറി പാര്‍ക്ക്, ഫ്രീഹോള്‍ഡ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഡിസ്ട്രിക്ട് 11-ല്‍ ഗോപാല്‍ 2011-ലും മത്സരിച്ചിരുന്നു. ഗോപാലിന്റെ പിതാവ് ഡോ. കൃഷ്ണമേനോന്‍ വൈക്കം സ്വദേശിയാണ്. ഡോക്ടറായ അമ്മ തമിഴ്‌നാട് സ്വദേശിനിയും. പ്രാദേശികതലത്തില്‍ പത്രങ്ങളും മാസികകളും പ്രസിദ്ധീകരിക്കുകയും ചെയ്ത ഗോപാല്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും കാര്യമായ പങ്ക് വഹിച്ചിരുന്നു. മോണ്‍മത്ത് കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാനായും വിന്‍ ഗോപാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലെത്തി മലയാളികള്‍ വിജയിച്ചു കയറുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമുണ്ട്. ഇതു മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാണ്. അവരും വിന്‍ ഗോപാലിന്റെ പാത പിന്തുടരട്ടെ എന്നു നമുക്ക് ആശംസിക്കാം. 2018-ല്‍ നടക്കുന്ന ഇലക്ഷനു വേണ്ടി ന്യൂജേഴ്‌സി ഏഴാം ഡിസ്ട്രിക്ടില്‍ നിന്നും മത്സരിക്കുന്ന പീറ്റര്‍ ജേക്കബ് അരയും തലയും മുറുക്കി രംഗത്തിറങ്ങി കഴിഞ്ഞു. 2016-ല്‍ മത്സരിച്ച പീറ്റര്‍ ജേക്കബിന് 43 ശതമാനം വോട്ട് ലഭിച്ചിരുന്നു. ജയിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലേനാര്‍സ് ലാന്‍സിന് 54 ശതമാനമാണ് ലഭിച്ചത്. മലയാളി സമൂഹത്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്ന പീറ്റര്‍ ജേക്കബിന് വിജയാശംസകള്‍ നേരുകയും ചെയ്യാം.

*** *** ***

പാലു കുടിക്കാന്‍ വിസമ്മതിച്ച മൂന്നു വയസ്സുകാരി മലയാളി കുട്ടിയെ പാതിരാത്രിയില്‍ വീടിനു പുറത്ത് ഇറക്കി നിര്‍ത്തുകയും ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്തത് ഏറെ വാര്‍ത്തയായിരുന്നു. ഇതാ ചിക്കാഗോയില്‍ നിന്നും മറ്റൊരു വാര്‍ത്ത. ഇവിടെ ആറു വയസ്സുള്ള മകന് ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കുറ്റത്തിന് മാതാപിതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നു. 2015 മുതല്‍ ഇവര്‍ കുട്ടിയെ പട്ടിണിക്കിട്ടിരുന്നുവത്രേ. കേള്‍ക്കുമ്പോള്‍ തന്നെ നെഞ്ചില്‍ ഇടിനാദം മുഴങ്ങുന്നു. ഇവരൊക്കെയും മനുഷ്യരാണോ? ശിക്ഷയുടെ ഭാഗമായാണേ്രത പിതാവ് മൈക്കിള്‍ റോബര്‍ട്ടും, വളര്‍ത്തമ്മ ജോര്‍ജിനയെയും കുട്ടിയെ ഇങ്ങനെ ക്രൂരമായി ശിക്ഷിച്ചത്. സതേണ്‍ ഇല്ലിനോയ് കമ്മ്യൂണിറ്റി (ജേഴ്‌സിവില്ല) ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുവന്ന 6 വയസ്സുക്കാരന് വെറും 17 പൗണ്ട് തൂക്കം മാത്രമായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആവശ്യമായ പോഷകാഹാരമോ, ഭക്ഷണമോ നല്‍കാതെ കുട്ടിയെ അപകടപ്പെടുത്തിയതിനാണ് ഇവരുടെ പേരില്‍ കേസ്സെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ മാതാപിതാക്കള്‍ക്ക് കോടതി 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. ഇതൊക്കെ നടക്കുന്നത് ഇവിടെയാണല്ലോ എന്നോര്‍ക്കുമ്പോഴാണ് വിഷമം. നാട് എത്ര പുരോഗമിച്ചാലും മനുഷ്യമനസ്സ് പ്രാകൃതാവസ്ഥയിലാണെങ്കില്‍ ഇതും ഇതിലപ്പുറവും നടക്കും. കഷ്ടം തന്നെ...

*** *** ***

എന്തൊക്കെയാണ് കേരളത്തില്‍ നിന്നും കേള്‍ക്കുന്നത്. കോണ്‍ഗ്രസുകാര്‍ മുഴുവന്‍ പീഢകരായി മാറിയ സോളാര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് കേരള സര്‍ക്കാര്‍ തന്നെ. അതിലെ പ്രധാനപ്പെട്ട പല ഭാഗങ്ങളും അച്ചടിക്കാന്‍ പോലും വയ്യാത്തത്ര അശ്ലീലചുവയുള്ളത്. സരിതാ നായരുടെ ലൈംഗിക ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് സോളാര്‍ കമീഷന്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ ഇതൊരു സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടി പോലെ തോന്നുന്നു. ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും സരിതയെയും ടീം സോളാറിനെയും സഹായിച്ചെന്നും സരിതയെ പരിചയമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് തെറ്റാണെന്നും കമീഷന്‍ കണ്ടെത്തിയിരിക്കുന്നു. ഒപ്പം, ഉമ്മന്‍ചാണ്ടി മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ശാരീരികമായി ചൂഷണം ചെയ്തു പോലും. 2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉമ്മന്‍ചാണ്ടി മാത്രമല്ല, ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തുകയും 25 ലക്ഷം രൂപ കൈപറ്റുകയും ചെയ്തു. ഇങ്ങനെ ഓരോരുത്തരുടെയും ഗുണഗണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കേരളനിയമസഭ വെബ്‌സൈറ്റില്‍ ലഭ്യവുമാണ്. വാട്‌സ് ആപ്പിലും ഇതിപ്പോള്‍ ചുറ്റിത്തിരിയുന്നു. അറിയേണ്ടവരെല്ലാം വായിച്ച് അറിഞ്ഞോണം. ഇതൊക്കെ കണ്ടാലും കേട്ടാലും നാണവും മാനവുമില്ലാതെ നടക്കുന്ന രാഷ്ട്രീയക്കാരെ കാണുമ്പോള്‍ കേരളത്തില്‍ ചെല്ലുമ്പോള്‍ മുണ്ട് തലവഴിയിട്ട് നടക്കുന്നതാണ് നാണമുള്ളവര്‍ക്ക് നല്ലതെന്ന് തോന്നിപ്പോവുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക