Image

അമ്മതന്‍ കണ്ണിലൂടെല്ലാമറിഞ്ഞു ഞാന്‍ (കവിത: പ്രൊഫ. കോശി തലയ്ക്കല്‍)

Published on 19 November, 2017
അമ്മതന്‍ കണ്ണിലൂടെല്ലാമറിഞ്ഞു ഞാന്‍ (കവിത: പ്രൊഫ. കോശി തലയ്ക്കല്‍)
അമ്മയെന്നുള്ള മധുസ്വര മാദ്യമായ്
വിശ്വവിഹായസ്സില്‍ വന്നു പതിക്കവേ
മണ്ണിന്‍റെ മാറു തരിച്ചുപോയ്, സ്വര്‍ഗ്ഗീയ
പീയൂഷ നിര്‍ഝരിയൊന്നായ് തുളുമ്പിപ്പോയ്
കണ്ണുതുറന്നത് കണ്ണിലേക്കാണെന്റെ
അമ്മതന്‍ കണ്ണിലൂടെല്ലാമറിഞ്ഞു ഞാന്‍
അമ്മതന്‍ കണ്ണിലുദിച്ചതു സൂര്യനാ-
ണെന്നെയാസൂര്യകിരണങ്ങള്‍ പുല്‍കവേ
അമ്മതന്‍ മാറിലെ ചൂടറിഞ്ഞല്ലയോ
ഞാനെന്‍റെ ജീവിത യാത്ര നടത്തുക.
അമ്മയെനിക്കായൊരുക്കിയ വീടതില്‍
സ്വച്ഛന്ദമായ് കുറെ നാളു കഴിച്ചു ഞാന്‍
ഞാനുരുവായാ നിമേഷം മുതലെന്നെ
ലാളിച്ചെനിക്കു വഴി കാട്ടിയായമ്മ
വേണ്ടതെല്ലാമെനിക്കേകി, ഞാനങ്ങനെ
മാലാഖയേപ്പോല്‍ കഴിഞ്ഞൊരാ നാളുകള്‍
വിസ്മൃതിയില്‍ പോയ്മറ, ഞ്ഞമ്മയെങ്കിലും
ജീവിത യാത്രയില്‍ ധന്യമാനാളുകള്‍
ഭൂവിലുമമ്മയാണെന്‍ വീട്-ഒരിക്കലാ
ജീവിതം തീരുകിലെന്‍ വീടനാഥമാം
അമ്മയെന്നുള്ള രണ്ടക്ഷരം പേറും
സനാതന സൗന്ദര്യം മറ്റെങ്ങു കണ്ടിടാന്‍
സര്‍വം സഹയായി സര്‍വാദരം നേടി
സര്‍വര്‍ക്കും മംഗള ദായിനിയാണമ്മ
അമ്മയൊരത്ഭുതമാണവര്‍ മുമ്പാകെ
എന്നഗ്‌നി ജ്വാലകളെല്ലാമണയുന്നു
അമ്മയൊരത്ഭുതമാണവര്‍ വാക്കുകള്‍
എന്‍റെയുള്ളില്‍ മൃദു സാന്ത്വനമേകുന്നു
ഇല്ല പകരം പറയുവാനമ്മയ്ക്കു
അമ്മ മാത്രം പകരം വച്ചീടുവാന്‍
വാക്കുകള്‍ കൊണ്ടല്ലെന്നമ്മയെ പൂജിപ്പ-
തെന്നുള്ളില്‍ പൂക്കും പനീരലര്‍ച്ചെണ്ടിനാല്‍
സ്വര്‍ഗ്ഗവാത്സല്യങ്ങള്‍ എന്നില്‍ പകരുന്ന
അമ്മയില്‍ ദൈവമുഖം കണ്ടിടട്ടെ ഞാന്‍.
അമ്മതന്‍ കണ്ണിലൂടെല്ലാമറിഞ്ഞു ഞാന്‍ (കവിത: പ്രൊഫ. കോശി തലയ്ക്കല്‍)
Join WhatsApp News
വിദ്യാധരൻ 2017-11-20 19:29:17
അമ്മയ്ക്ക് നാം ഒരു സംജ്ഞ -തേടിൽ 
ഉണ്മയിൽ ചെന്നങ്ങു  നില്ക്കും 
സ്നേഹം കരുണ അൻപും -ചേർന്നാൽ 
അമ്മയായ്  മുന്നിൽ നില്കും
അമ്മയെ വാഴ്ത്തി സ്തുതിപ്പോർ - കാട്ടും 
നിർദ്ദയത്ത്വമെന്നാൽ   ! കഷ്ടം 
വൃദ്ധസദനത്തിലക്കി -ചിലർ 
കയ്യും കഴുകി പോകും 
ഏകാന്തതയുടെ തടവിൽ -അമ്മ 
ദിനങ്ങൾ എണ്ണി കഴിയും  
(അച്ഛന്മാരെ കുറിച്ചു -പറയാൻ 
ഇവിടെ ഒരുത്തനും ഇല്ലേ ?)
അവരറിയുന്നുണ്ടോ  -നമ്മൾ 
അമ്മക്കവിത കോറുന്നെന്ന്?
അമ്മമാരെ  നിങ്ങൾ -ക്ഷമിക്കൂ
കുട്ടികളല്ലേ ഞങ്ങൾ 
എത്ര ഞങ്ങൾ വളർന്നാലും -നിങ്ങൾ 
കുട്ടീന്നല്ലേ വിളിക്കൂ.
കാപട്യമാണി ലോകം -മുഴുവൻ 
ഞങ്ങളും അങ്ങനെയായി
വന്നൊന്നു കാണുവാൻ -പോലും 
അമ്മെ സമയമില്ല പൊറുക്കൂ.
ഒരു പക്ഷെ'അമ്മ മരിച്ചാൽ -കാണാം 
പരലോകത്തു വച്ചു വീണ്ടും    

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക