Image

ഹരിവരാസനം യേശുദാസ്‌ തിരുത്തി പാടുന്നു

Published on 20 November, 2017
ഹരിവരാസനം യേശുദാസ്‌  തിരുത്തി പാടുന്നു

കൊച്ചി: ശബരിമലക്ഷേത്രത്തില്‍ എന്നും ആലപിക്കുന്ന ഉറക്കുപാട്ടായ ഹരിവരാസനം തിരുത്തി റെക്കോര്‍ഡ്‌ ചെയ്യുന്നു.ഹരിവാസനം വിശ്വമോഹനം എന്ന ഗാനത്തെ അനശ്വരമാക്കിയ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്‌ തന്നെ വീണ്ടും ആലപിക്കുമെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ പത്മകുമാര്‍ പറഞ്ഞു. 

അമേരിക്കയിലുള്ള യേശുദാസുമായി ഇക്കാര്യം ചര്‍ച്ചചെയ്‌തുവെന്നും അടുത്തമാസം അദ്ദേഹം നാട്ടിലെത്തിയശേഷം റി റെക്കോര്‍ഡിങ്ങുമായി മുന്നോട്ടുപോകുമെന്നും പത്മകുമാര്‍ അറിയിച്ചു.


ഹരിവരാസനം ചിട്ടപ്പെടുത്തിയപ്പോള്‍ മൂലകൃതിയില്‍നിന്നും ഒഴിവാക്കിയ സ്വാമി എന്ന പദവും, അരി വിമര്‍ദ്ദനം എന്ന വരിയിലെ ഉച്ചാരണ പിശകും തിരുത്തിയാകും റീ റെക്കോര്‍ഡ്‌ ചെയ്യുക. 1920ല്‍ സംസ്‌കൃത മലയാളത്തില്‍ അഷ്ടകമായി എഴുതിയ വരികളാണ്‌ മനോഹരമായ ഹരിവരാസനമെന്ന ഉറക്കുപാട്ടായി മാറിയത്‌.

 1975ല്‍ സ്വാമി അയ്യപ്പന്‍ എന്ന സിനിമക്കായി സംഗീത സംവിധായകന്‍ ജി ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തി യേശുദാസ്‌ ആലപിച്ചതാണ്‌ ആ ഗാനം. ഗാനത്തിന്റെ സ്വീകാര്യത മനസിലാക്കിയ അന്നത്തെ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പിന്നീട്‌ എന്നും ശബരിമലയില്‍ അവസാന പൂജക്കുശേഷം ഈ ഗാനം കേള്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 


 അയ്യപ്പ ഭക്തന്‍ കൂടിയായ യേശുദാസ്‌ ക്ഷേത്രത്തിനായി വീണ്ടും പാടിയ ഗാനമാണ്‌ നട അടക്കുന്നതിനുമുന്നേ കേള്‍പ്പിക്കാറുള്ളത്‌.

മൂലകൃതിയില്‍ ഒരോ വരിക്കുശേഷവും 'സ്വാമി' എന്നുണ്ടായിരുന്നു. എന്നാല്‍ പാട്ട്‌ ചിട്ടപ്പെടുത്തിയപ്പോള്‍ സൌകര്യത്തിനായി ആ വാക്ക്‌ ഉപേക്ഷിക്കുകയായിരുന്നു. അതുപോലെ ശത്രുവിനെ നശിപ്പിക്കുക എന്നര്‍ത്ഥമുള്ള 'അര വിമര്‍ദ്ദനം' എന്ന വാക്കുകള്‍ ഒറ്റവാക്കായി 'അരിവിമര്‍ദ്ദനം' എന്നാണ്‌ ആലപിച്ചിട്ടുള്ളത്‌. ഈ പിശക്‌ മനസിലായപ്പോള്‍ വീണ്ടും തിരുത്തി പാടണമെന്നാണ്‌ ആഗ്രഹമെന്ന്‌ യേശുദാസും പറഞ്ഞിരുന്നു.

 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക