Image

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയായി; 20 സീറ്റുകള്‍ പാട്ടീദാര്‍ സമുദായത്തിന്‌

Published on 20 November, 2017
ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയായി;  20 സീറ്റുകള്‍ പാട്ടീദാര്‍ സമുദായത്തിന്‌


ആദ്യഘട്ട ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ്‌ പുറത്തുവിട്ടു. 77 അംഗ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ 20പേര്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്നുമുള്ളവരാണ്‌.പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 11 പേരെയും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും 7 പേരെയും ഉള്‍പ്പെടുത്തി സാമുദായിക സംവരണ സമവാക്യങ്ങളെ തൃപ്‌തിപ്പെടുത്തിക്കൊണ്ടാണ്‌ കോണ്‍ഗ്രസ്‌ ഇക്കുറി ബിജെപിക്കെതിരെ പോരാട്ടത്തിനൊരുങ്ങുന്നത്‌.

പാട്ടീദാര്‍ അനാമത്‌ ആന്ദോളന്‍ സമിതി നേതാവ്‌ ഹര്‍ദിക്‌ പട്ടേല്‍ 20 പേര്‍ക്ക്‌ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാതിനിധ്യം വേണമെന്നും ഒബിസി നേതാവ്‌ അല്‍പേഷ്‌ ഠാക്കൂര്‍ 11 പേരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. 

തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി സംവരണം സംബന്ധിച്ച്‌ പാട്ടീദാര്‍ സമുദായ നേതാക്കളുമായി ധാരണയിലെത്തിയെന്ന്‌ വ്യക്തമാക്കിയതിന്‌ പിന്നാലെയാണ്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്‌ വിട്ടത്‌. ഞായറാഴ്‌ച വൈകിട്ട്‌ നടന്ന പാട്ടീദാര്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം സംവരണം സംബന്ധിച്ച്‌ ഗാരണയിലെത്തിയതായി പാട്ടീദാര്‍ നേതാവ്‌ ദിനേഷ്‌ ബംഭാനിയയും വ്യക്തമാക്കിയിരുന്നു.


23 വര്‍ഷമായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ അധികാരം പിടിച്ചടക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്കാണ്‌ പട്ടേല്‍ സമുദായം പിന്തുണ നല്‍കുന്നത്‌. ബിജെപിയെ അധികാര കസേരയില്‍ നിന്നും താഴെയിറക്കാനാണ്‌ തങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നതെന്ന്‌ ഒബിസിദളിത്‌ഏക്താ മഞ്ച്‌ നേതാവ്‌ അല്‍പേഷ്‌ ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക