Image

ക്ഷണിച്ചുവരുത്താതെ കടന്നുവരുന്ന യഥാര്‍ത്ഥ സൗഹൃദങ്ങള്‍: ബെന്യാമിന്‍ -വിനോദ്

മീട്ടു റഹ്മത്ത് കലാം Published on 20 November, 2017
ക്ഷണിച്ചുവരുത്താതെ കടന്നുവരുന്ന യഥാര്‍ത്ഥ സൗഹൃദങ്ങള്‍: ബെന്യാമിന്‍ -വിനോദ്

എന്നെ ഞാനായി തിരിച്ചറിയാന്‍ കഴിയുന്ന സ്‌നേഹത്തെയാണ് ഞാന്‍ സൗഹൃദം എന്ന് വിളിക്കുക. അത് തനിയെ സംഭവിക്കുന്നതാണ്, സംഭവിപ്പിക്കുന്നതല്ല. ക്ഷണിച്ചുവരുത്താതെ കടന്നുവരുന്ന ഇന്ദ്രജാലമാണ് യഥാര്‍ത്ഥ സൗഹൃദങ്ങള്‍.

വളരെ പരിമിതമെങ്കിലും ആത്മാര്‍ത്ഥതയുള്ള ഒരുപിടി സുഹൃത്തുക്കളെ സമ്പാദിക്കാന്‍ ഭാഗ്യം ചെയ്ത ഒരാളാണ് ഞാന്‍. അവരില്‍ നിന്ന് ഒരു പേരു മാത്രം എടുത്തു പറയുന്നു എന്നതിനര്‍ത്ഥം മറ്റുള്ളവര്‍ എനിക്ക് ചെറുതാണ് എന്നല്ല. ഓരോ അവതാരങ്ങള്‍ക്കും ഓരോ ജന്മോദ്ദേശം ഉണ്ടെന്നതു പോലെ കൂട്ടുകാര്‍ക്കും നമ്മുടെ ജീവിതത്തില്‍ ഓരോ തരത്തിലുള്ള ദൗത്യം നിര്‍വഹിക്കാനുണ്ടെന്നതാണെന്റെ അനുഭവം. ബാല്യത്തിലെയും കൗമാരത്തിലെയും യൗവനത്തിലെയും അങ്ങനെ പല കാലത്തെ ചങ്ങാതിമാര്‍ക്കിടയില്‍ നിന്ന് വിനോദ് .എന്‍.സി എന്ന പേര് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം അവനുമായുള്ളത് ഏറ്റവും പഴക്കമേറിയ സൗഹൃദം ആയതുകൊണ്ടാകാം. കാലപഴക്കം വീഞ്ഞിന്റെ വീര്യവും രുചിയും കൂട്ടുന്നതുപോലെ ഞങ്ങളുടെ ബന്ധത്തിന്റെ മാധുര്യവും പതിന്മടങ്ങാക്കി. 

ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ ഞങ്ങള്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരാണ്. പിന്നീട് രണ്ടു സ്‌കൂളുകളില്‍ ആയെങ്കിലും ആ സൗഹൃദം സായാഹ്ന സംഗമങ്ങളിലൂടെയും ക്രിക്കറ്റ് കളിയിലൂടെയും ഒക്കെ പൂര്‍വാധികം ശക്തമായി തുടര്‍ന്നു. പഠനം പൂര്‍ത്തിയാക്കി ഞാന്‍ ഗള്‍ഫിലേക്കും അവന്‍ ബോംബെയിലേക്കും കൂടുമാറിയെങ്കിലും കത്തെഴുത്തിലൂടെ, പിന്നെ ഫോണ്‍ വിളികളിലൂടെ ഒക്കെ ആ ബന്ധം മുറിയാതെ ഞങ്ങള്‍ കാത്തുസൂക്ഷിച്ചു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം അതൊന്നുമായിരുന്നില്ല. എന്നെ സാഹിത്യത്തിലേയ്ക്കും കഥകളിലേയ്ക്കും ഒക്കെ അടുപ്പിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് വിനോദാണ് എന്നതാണ് എടുത്ത് പറയേണ്ടത്. മനോഹരമായി അവന്‍ ആലപിച്ചിരുന്ന കവിതകള്‍ കേട്ടാണ് പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങാന്‍ വേണ്ടി കഷ്ടപ്പെട്ട് പഠിച്ചെടുക്കാന്‍ മാത്രമുള്ളതല്ല അവയെന്നെനിക്ക് ബോധ്യപ്പെട്ടത്. വെറുതെ ലയിച്ചിരുന്ന് ആസ്വദിച്ച് ഞാനാ സുഖം അനുഭവിച്ചറിഞ്ഞു. 

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും കുരീപ്പുഴ ശ്രീകുമാറിന്റെയും കവിതകള്‍ വിനോദിന് നിന്നാണ് ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയത്. വായന ഒരു ഹരമായി തീര്‍ന്ന കാലത്ത്, ഗള്‍ഫിലെ എന്റെ ഏകാന്തജീവിതത്തെ സമ്പന്നമാക്കിയതും നാട്ടില്‍ നിന്ന് വിനോദ് എത്തിച്ചുതന്ന പുസ്തകങ്ങള്‍ തന്നെയാണ്.

സൗഹൃദങ്ങള്‍ക്ക് ഞാന്‍ കണ്ട ഒരു പ്രത്യേകതയുണ്ട്. കുറേ പഴകിക്കഴിയുമ്പോള്‍ പതിയെ വിളികള്‍ നിലച്ച് ചിലത് വിസ്മൃതിയിലേയ്ക്ക് വീണുപോകും. എന്നാല്‍ മറ്റു ചിലത് ഏറെക്കാലം വിളികള്‍ ഒന്നുമില്ലെങ്കിലും പിന്നൊരു ദിവസം കണ്ടുമുട്ടുമ്പോള്‍ ഇന്നലെ കണ്ടുപിരിഞ്ഞതുപോലെ പുനരാരംഭിക്കാന്‍ കഴിയും.

രണ്ടു വര്‍ഷം മുന്‍പ് പറഞ്ഞു നിര്‍ത്തിയിടത്ത് നിന്നാകും സംസാരം തുടങ്ങുക തന്നെ. അങ്ങനൊരു സൗഹൃദമാണ് എനിക്കും വിനോദിനുമിടയില്‍. ഓര്‍ക്കാനാണെങ്കില്‍ ഒരുപാടുണ്ട്. ഇപ്പോഴത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര സംഭവബഹുലമാണ് ഞങ്ങളുടെ കഥ.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒന്നിച്ച് കരിക്ക് മോഷ്ടിക്കാന്‍ പോയി തെങ്ങില്‍ നിന്നൂര്‍ന്ന് വീണത്, വൈകുന്നേരങ്ങളില്‍ പാടത്തു നിന്ന് വീശിയെത്തുന്ന കാറ്റേറ്റ് കവിത ആസ്വദിച്ചത്, നാടകം കാണാനും ഗാനമേള കേള്‍ക്കാനും ഊരുചുറ്റി നടന്നത്, നീ ഇന്ന് എന്റെ ബൗളിങ്ങില്‍ സിക്‌സര്‍ അടിക്കാമെങ്കില്‍ ഞാന്‍ എന്നെന്നേയ്ക്കുമായി ക്രിക്കറ്റ് കളി ഉപേക്ഷിക്കണമെന്ന് പന്തയംവെച്ചതും ഞാന്‍ വിജയിച്ചതും വിനോദ് കളി ഉപേക്ഷിച്ചതും തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര കാര്യങ്ങള്‍ ഞൊടിയിടയില്‍ മനസ്സില്‍ തിങ്ങിനിറയും.

സൗഹൃദം സ്ഫടികപ്പാത്രം പോലെയാണെന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. ഒന്നു കൈതെറ്റിയാല്‍ വീണുടയും. പൊട്ടാതെ തിരിച്ചുകിട്ടിയാല്‍ തന്നെ വീഴ്ചയില്‍ ഉണ്ടാകുന്ന പാട് അവശേഷിക്കും. എന്റെ കാര്യത്തില്‍ ഇതുശരിയല്ലെന്നു സമര്‍ത്ഥിക്കാന്‍ ഒരനുഭവമുണ്ട്.

ഒരിക്കല്‍ നിസാരമായ കാര്യത്തിന്റെ പേരില്‍ എനിക്കും വിനോദിനുമിടയിലൊരു തര്‍ക്കമുണ്ടായി. അന്നേരത്തെ ദേഷ്യത്തിന് ഞാനവന്റെ നെഞ്ചില്‍ കോമ്പസു കൊണ്ട് കുത്തി. ആരുടെയോ ഭാഗ്യത്തിന് അത് ആഴത്തിലേക്കിറങ്ങിയില്ല. എങ്കിലും പിറ്റേ ദിവസം ആ മുറിവ് നീരുവെച്ചു വീര്‍ക്കുന്നു. അദ്ധ്യാപകരോ വീട്ടുകാരോ അറിഞ്ഞിരുന്നെങ്കില്‍ ശിക്ഷ കിട്ടാനും സ്‌കൂളില്‍ നിന്ന് പുറത്താക്കാനും അത് മതിയായ കാരണമായിരുന്നു. എന്നാല്‍ ആരെയും അറിയിക്കാതെ വിനോദ് എല്ലാവരില്‍ നിന്നും സത്യം മറച്ചുവെച്ചെന്നെ രക്ഷിച്ചു.

സ്വയം മുറിവേറ്റ് നീറുമ്പോഴും കൂട്ടുകാരനുവേണ്ടി നില്‍ക്കുന്നതാണ് യഥാര്‍ത്ഥ സൗഹൃദമെന്ന് ആ ചെറിയപ്രായത്തില്‍ അവനെന്നോട് പറയാതെ പറഞ്ഞു. കുറ്റബോധം കൊണ്ട് ഞാനന്ന് ഒഴുക്കിയ കണ്ണീര്‍, സ്‌നേഹത്തിന്റെ ജലാശയമായി ഞങ്ങള്‍ക്കിടയിലൂടൊഴുകി. ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു.

(കടപ്പാട്: മംഗളം) 
ക്ഷണിച്ചുവരുത്താതെ കടന്നുവരുന്ന യഥാര്‍ത്ഥ സൗഹൃദങ്ങള്‍: ബെന്യാമിന്‍ -വിനോദ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക