Image

യാത്രയായത് ഹൈറേഞ്ചിന്റെ അങ്ങാടി അച്ചന്‍

Published on 20 November, 2017
 യാത്രയായത് ഹൈറേഞ്ചിന്റെ അങ്ങാടി അച്ചന്‍
കുമളി: ഹൈറേഞ്ചിനെ നെഞ്ചിലേറ്റിയ അങ്ങാടി അച്ചനെന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ഫാ. തോമസ് അങ്ങാടിയില്‍ യാത്രയായി.

18 വര്‍ഷത്തിലധികം ഹൈറേഞ്ചിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ച അങ്ങാടി അച്ചന്‍ അനാരോഗ്യത്തെതുടര്‍ന്ന് തിരുവല്ല പള്ളിമലയിലെ വൈദിക ശുശ്രൂഷാകേന്ദ്രത്തില്‍ വിശ്രമജീവിതത്തിലായിരുന്നു. ഏതാനും ദിവസംമുന്പ് മുറിയില്‍ വീണ് അച്ചന്‍റെ തുടയെല്ല് പൊട്ടി തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹത്താല്‍ ഓപ്പറേഷന്‍ സാധിക്കാത്ത അവസ്ഥയിലായ അച്ചന്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് മരിച്ചത്.

റാന്നി തെള്ളിയൂര്‍ അങ്ങാടിയില്‍ പരേതരായ ഏബ്രഹാം - റേച്ചല്‍ ദന്പതികളുടെ നാലുമക്കളില്‍ രണ്ടാമനായ തോമസുകുട്ടി തിരുവല്ല രൂപത മെത്രാനായിരുന്ന ഐസക് മാര്‍ യൂഹാനോനില്‍നിന്ന് 1984 ഡിസംബര്‍ 26-ന് വൈദികപട്ടം സ്വീകരിച്ച് ഫാ. തോമസ് അങ്ങാടിയില്‍ എന്ന നാമധേയം സ്വീകരിച്ചു. പിറ്റേദിവസം ഇടവക പള്ളിയായ തെള്ളിയൂര്‍ സെന്‍റ് ഫ്രാന്‍സിസ് പള്ളിയില്‍ നവപൂജാര്‍പ്പണം നടത്തി.
വണ്ടന്‍മേട് പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായാണ് ദൈവിക ശുശ്രൂഷാരംഗത്തെ തുടക്കം. ചേറ്റുകുഴി, മുളകരമേട്, മേരിഗിരി, കൊച്ചുകാമാക്ഷി, ചക്കുപള്ളം, കുമളി, മുരിക്കടി പള്ളികളില്‍ സേവനമനുഷ്ഠിച്ചു.

മികച്ച കര്‍ഷകനായിരുന്ന അച്ചന്‍ ഇടവക ജനങ്ങളുടെ കൃഷി ഉന്നമനത്തിനായി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇടവക ജനങ്ങളുടെ വീടുകളില്‍ സന്ദര്‍ശനം പതിവാക്കിയിരുന്നു. മലങ്കര സഭയുടെ അണക്കരയിലെ സ്ഥലത്തെ കൃഷികളും അച്ചന്‍റെ ചുമതലയിലായിരുന്നു. ഏഴുവര്‍ഷത്തോളം കുമളി സെന്‍റ് മേരീസ് മലങ്കര പള്ളിയില്‍ വികാരിയായിരുന്നു.

ആറുമാസം മുന്പ് സഹോദരനോടൊപ്പം കുമളിയിലെത്തി തന്‍റെ പഴയകാല ശുശ്രൂഷാമേഖലകള്‍ കണ്ടു. കുമളി പള്ളിയും കോളജും കൃഷിസ്ഥലവുമെല്ലാം ഏറെ സന്തോഷത്തോടെയാണ് കണ്ടു യാത്രയായതെന്ന് പള്ളി വികാരി ഫാ. ഫിലിപ്പ് വട്ടമറ്റം പറഞ്ഞു.

ഇന്ന് 11-ന് തെള്ളിയൂര്‍ പള്ളിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മലങ്കര കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സംസ്കാര ശുശ്രൂഷകള്‍ തെള്ളിയൂര്‍ പള്ളിയില്‍ നടക്കും.
ബേബിച്ചന്‍, റോസമ്മ, പൊന്നച്ചന്‍ എന്നിവരാണ് അച്ചന്‍റെ സഹോദരങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക