Image

പ്രവാസി സമൂഹം വോട്ടു ചെയ്യുവാന്‍ തയ്യാറെടുക്കുമ്പോള്‍ (ജോയ് ഇട്ടന്‍)

Published on 20 November, 2017
പ്രവാസി സമൂഹം വോട്ടു ചെയ്യുവാന്‍ തയ്യാറെടുക്കുമ്പോള്‍ (ജോയ് ഇട്ടന്‍)
രാജ്യം ആര് ഭരിക്കണമെന്ന വിധിയെഴുത്തില്‍ ഒരു കോടിയിലധികം വരുന്ന പ്രവാസികള്‍ക്കും ഭാഗഭാക്കാവുന്ന ഒരു കാലം ഉണ്ടാകുമെന്നു നാമാരും വിചാരിച്ചിരുന്നില്ല.എന്നാല്‍ പിറന്ന നാട്ടില്‍ നിന്നും ജീവിത സന്‍ധാരണത്തിനു ഇറങ്ങിപ്പുറപ്പെട്ട പ്രവാസികള്‍ക്കും ഇനി വോട്ടു ചെയ്യുവാനുള്ള പ്രോക്‌സി വോട്ടിനു കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുക്കുവാന്‍ തയ്യാറെടുക്കുന്നു.ഏറ്റവും ശുഭകരമായ ഒരു വാര്‍ത്തയായിരുന്നു അത്.പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ടിങ്ങിനുള്ള (മുക്ത്യാര്‍ വോട്ട്) നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു . ഇതനുസരിച്ച് ജനപ്രാതിനിധ്യനിയമത്തിലും ഭേദഗതി വരുത്തുന്നു എന്നതാണ് പ്രത്യേകത.

പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യമാണ് ഇതോടെ അംഗീകാരമാവുന്നത്. പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടുചെയ്യാനുള്ള അവസരം നല്‍കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി.

വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലും ശരാശരി പതിനായിരം മുതല്‍ പന്ത്രണ്ടായിരംവരെ പ്രവാസികള്‍മാത്രമേ ഇപ്പോള്‍ വോട്ടുചെയ്യാന്‍ നാട്ടിലെത്തുന്നുള്ളൂവെന്നാണ് കണക്ക്.

നാട്ടിലെത്താന്‍വേണ്ട ഭാരിച്ച ചെലവാണ് വോട്ടിങ്ങിനെത്തുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും (മുക്ത്യാര്‍) അതേ മണ്ഡലത്തില്‍ വോട്ടുള്ളയാളായിരിക്കണം.

മുക്ത്യാറിനെ ചുമതലപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പിന് ആറുമാസംമുമ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഒരുപ്രാവശ്യം നിയമിക്കുന്ന മുക്ത്യാര്‍ക്ക് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താം.

അനിവാര്യമായ കാരണങ്ങളാല്‍ സ്വന്തം നാട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്ന സാഹചര്യത്തിലും രാജ്യത്തിന്റെ പുരോഗതിയിലും പ്രയാണത്തിലും നിര്‍മാണാത്മകമായ പങ്ക് വഹിക്കുന്ന പൗരന്മാരായ പ്രവാസികളും ഇനി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ് .മുക്തിയാര്‍ വോട്ടിനു പ്രവാസികള്‍ക്ക് അവസരം ഉണ്ടാക്കിത്തരുന്നതില്‍ സര്‍ക്കാരിനേക്കാള്‍ ഉപരി സുപ്രീം കോടതിയെ നമുക്ക് അഭിനന്ദിക്കേണ്ടതുണ്ട് .

വര്ഷങ്ങളായി പ്രവാസികള്‍ക്ക് വോട്ടവകാശം നിഷേധിച്ചുകൊണ്ട് ബോധപൂര്‍വമായ ഒരു തമസ്കരണമാണ് കേരളത്തിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്. ഭരണ സംവിധാനങ്ങളെ സ്വാധീനിക്കുന്ന, നിയമനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള മൗലിക അവകാശത്തില്‍നിന്ന് മാറ്റി നിര്‍ത്തുമ്പോഴും സ്വന്തം അണികളെ കൂടെ ഉറപ്പിച്ച് നിര്‍ത്താനും പ്രവാസികളായ നമ്മളുടെ സമയവും സമ്പത്തും ചോര്‍ത്തിയെടുക്കാനും നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കുമുള്ള മിടുക്കിന്റെ ഉദാഹരണം കൂടിയാണ് പ്രവാസലോകത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക ഘടകങ്ങളായും സാംസ്കാരിക വേദികളായും ഗള്‍ഫ് മേഖലയിലും യൂറോപ്യന്‍ നാടുകളിലും അനേകം പേരുകളിലുള്ള പ്രവാസി സംഘടനകള്‍ ഉണ്ടായിട്ടും പ്രവാസി വ്യവസായ പ്രമുഖനായ ഷംസീര്‍ വയലിലാണ് പ്രവാസികളുടെ വോട്ടവകാശമെന്ന ന്യായമായ ആവശ്യവുമായി ഇപ്പോള്‍ കോടതി കയറിയതിന്റെ ഫലമായാണ് ഇപ്പോള്‍ പ്രവാസി വോട്ട് യാഥാര്‍ഥ്യമായത് .

സാധാരണക്കാരായ പ്രവാസികള്‍ നേരിടുന്ന മൗലിക പ്രശ്‌നങ്ങള്‍ ഒന്നും ചര്‍ച്ചചെയ്യപ്പെടാതെയാണ് ഓരോ തെരഞ്ഞെടുപ്പ് മുന്നോട്ട് പോകുന്നതും. വോട്ട് നിഷേധവും, പാസ്‌പോര്‍ട്ട് ഫീസ് കുത്തനെ വര്‍ധിപ്പിച്ചതും, യാത്രാ ദുരിതവും, പ്രവാസി സര്‍വ്വകലാശാലയും, പ്രവാസി പുനരധിവാസവും, എന്തിനേറെ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ നേരിടുന്ന കാലതാമസവും പഴയപടി തുടരുകയാണ്. തൊഴില്‍ രംഗത്ത് നേരിടുന്ന ചൂഷണങ്ങള്‍ക്കുള്ള പരിഹാരങ്ങളും ഗള്‍ഫ് ജയിലുകളില്‍ കഴിയുന്നവര്‍ക്കുള്ള നിയമ സഹായങ്ങളും എങ്ങുമെത്തിയില്ല. എയര്‍കേരള പ്രവാസികള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിച്ച ഒടുവിലത്തെ വാഗ്ദാനം മാത്രമായിരുന്നു. അഥവാ പ്രവാസികളുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരം കാണാന്‍ കഴിയാതെയാണ് ഓരോ തെരഞ്ഞെടുപ്പും കഴിഞ്ഞുപോകുന്നത്. വോട്ടവകാശം പോലും നിഷേധിക്കപ്പെട്ട ഒരു ജനതയുടെ രോദനം മുഖവിലക്കെടുക്കേണ്ടതില്ലെന്ന നിലപാടില്‍ രാഷ്ട്രീയ നേതൃത്വം ഉറച്ചുനില്‍ക്കുമ്പോള്‍ നിരായുധന്റെ നിസ്സഹായാവസ്ഥയാണ് പ്രവാസി ഇതുവരെ അനുഭവിച്ചിട്ടുള്ളത് .

പ്രവാസികള്‍ക്ക് ചെയ്തുകൊടുത്തെന്ന് പറയുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് ആവര്‍ത്തിക്കുന്നതിനപ്പുറം യഥാര്‍ഥ പ്രശ്‌നങ്ങള്‍ മാറ്റമില്ലാതെ ഇന്നും തുടരുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന് വിധേയപ്പെട്ട് കഴിയുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗത്തിന് ഇത് ബോധ്യപ്പെടാതെ പോകുന്നുവെന്നതാണ് ഖേദകരം. യഥാര്‍ഥത്തില്‍ പ്രവാസികളുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള വലിയൊരു വിലങ്ങുതടിയും വിധേയരായി കഴിയുന്ന ഇത്തരം വ്യക്തികളും വേദികളുമാണ്. സ്വന്തം അസ്തിത്വവും നിലനില്‍പ്പും ചോദ്യംചെയ്യപ്പെടുമ്പോഴും നിലനില്‍പ്പിനുവേണ്ടി സംഘടിക്കാതെ നേതാക്കള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്നവരാണിവര്‍. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ സര്‍വം മറന്ന് പ്രവര്‍ത്തിക്കുന്ന ഈ ഒരു വിഭാഗത്തിനപ്പുറം വലിയൊരു ജനസഞ്ചയം പ്രവാസ ലോകത്തുണ്ട്.

ഗള്‍ഫിലാകെ പരന്ന് കിടക്കുന്ന ലക്ഷോപലക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ഇന്ത്യയെകുറിച്ചും ഇന്ത്യയുടെ ഭാവിയെകുറിച്ചും സ്വന്തം പ്രശ്‌നങ്ങളെകുറിച്ചുമൊക്കെ കാഴ്ചപ്പാടും നിലപാടും ഉണ്ട്. പ്രവാസി പൊതുമനസ്സിന്റെ ഈ നിലപാട് നിലവിലുള്ള ജീര്‍ണമായ കക്ഷിരാഷ്ട്രീയത്തിനെതിരാണെന്ന തിരിച്ചറിവുകൊണ്ടാകാം എല്ലാ കാലത്തും എല്ലാ വിഭാഗം രാഷ്ട്രീയക്കാരും പ്രവാസികളുടെ കാര്യത്തില്‍ ഒന്നിക്കുന്നതിന്റെ മുഖ്യ കാരണം. അതോടൊപ്പം പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാകുമ്പോള്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ബോധപൂര്‍വം അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകും.

പതിറ്റാണ്ടുകളായി തുടരുന്ന ഭരണകൂട അവഗണനകളെ നിയമപരമായി നേരിട്ട് അവകാശം നേടിയെടുക്കാന്‍ പ്രവാസികളില്‍ നിന്ന് ഇക്കാലമത്രയും കാര്യമായ ശ്രമം ഉണ്ടായിട്ടില്ല. പ്രവാസി സംഘടനകളുടെ അനൈക്യവും ദിശാബോധമില്ലായ്മയുമായിരുന്നു ഇതിന് മുഖ്യ കാരണം. മാറിമാറി വരുന്ന തെരഞ്ഞെടുപ്പുകളിലൊന്നും പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആരും മുന്നോട്ട് വന്നില്ല. അതുകൊണ്ട് തന്നെയാണ് ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും പഴയ പ്രശ്‌നങ്ങള്‍ എക്കാലത്തും തുടരുന്നതും. പ്രാദേശിക റോഡ് വികസനങ്ങളുടെ പേരില്‍ പോലും വോട്ട് ബഹിഷ്കരണവും സ്ഥാനാര്‍ഥി നിര്‍ണയവും നടക്കുന്ന ഒരു ഘട്ടത്തിലാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ലക്ഷക്കണക്കിന് പൗരന്‍മാരെ നിരായുധരാക്കി ഭരണകൂടം പുഛിക്കുന്നത്. ഇക്കാലമത്രയും പ്രവാസികളെ അരികുവല്‍ക്കരിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വിജയിക്കുകയും ചെയ്തു എന്നതാണ് സത്യം.

ഒരു വിജഞാപനത്തിലൂടെയോ വേണമെങ്കില്‍ നിയമനിര്‍മ്മാണത്തിലൂടെയോ മറികടക്കാന്‍ കഴിയുന്ന ഒരു വിഷയമാണ് അരനൂറ്റാണ്ടിലേറെക്കാലമായി മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ തട്ടിക്കളിച്ചത് . ആവശ്യത്തിനും അനാവശ്യത്തിനും നിയമനിര്‍മ്മാണം നടത്തുന്ന, കോര്‍പറേറ്റ് കമ്പനികളുടെയും വിദേശ രാജ്യങ്ങളുടെ പോലും സംരക്ഷണത്തിനും ലാഭത്തിനും നിയമത്തിന്റെ പഴുതുകളുപയോഗപ്പെടുത്തുന്ന നമ്മുടെ രാജ്യത്താണ് ഒരുവിഭാഗം പൗരന്‍മാരുടെ വോട്ടവകാശത്തിന് നിയമത്തിന്റെ പഴുതുകള്‍ തന്നെ തേടി ഭരണകൂടം തടസ്സം സൃഷ്ടിചത്തെന്നു ഓര്‍ക്കുക. സത്യത്തില്‍ പ്രവാസികളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തമെന്ന ചിരകാല സ്വപ്നത്തിന് തടസ്സം നിന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും ജനപ്രതിനിധികളുടെയും വിജയത്തിനായി വിയര്‍പ്പൊഴുക്കുന്ന ചില കെട്ടുകാഴ്ച്ചകള്‍ പ്രോക്‌സി വോട്ടു വരുന്നതോടെ മാറി മാറിയും എന്നതാണ് സത്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക