Image

സൗദിയില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട നാലുമലയാളികളുടെ ശിക്ഷ ഇളവു ചെയ്‌തു

അനില്‍ കുറിച്ചിമുട്ടം Published on 11 March, 2012
സൗദിയില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട നാലുമലയാളികളുടെ ശിക്ഷ ഇളവു ചെയ്‌തു
റിയാദ്‌: സൗദി അറേബ്യയില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട നാലു മലായികളുടെ ശിക്ഷ അഞ്ചുവര്‍ഷം തടവും 300 അടിയുമായി ഇളവു ചെയ്‌തു. മംഗലാപുരം സ്വദേശി മുഹമ്മദ്‌ അഷ്‌റഫ്‌്‌ കൊലചെയ്യപ്പെട്ട കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിയക്കപ്പെട്ട കണ്ണൂര്‍ ഇരട്ടി സ്വദേശി ഫസലുദ്ദീന്‍, മണര്‍കാട്‌ സ്വദേശി മുസ്‌തഫ, പെരിന്തല്‍മണ്ണ കുന്നത്ത്‌ സ്വദേശി മുസ്‌തഫ, തിരുവനന്തപുരം സ്വദേശി സക്കീര്‍ ഹുസൈന്‍ എന്നിവരുടെ വധശിക്ഷയാണ്‌ റിയാദ്‌ കോടതി ഇളവു ചെയ്‌തത്‌.

2008ല്‍ റിയാദിലെ തൊഴില്‍സ്ഥലത്തുവെച്ചു നടന്ന സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തര്‍ക്കമാണ്‌ മുഹമ്മദ്‌ അഷ്‌റഫിന്റെ കൊലപാതകത്തില്‍ കലാശിച്ചത്‌. കഴിഞ്ഞ നാലുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഇവര്‍ക്ക്‌ പുതിയ വിധി പ്രകാരം ഇനി ഒരു വര്‍ഷം കൂടി ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. കൂടാതെ ശിക്ഷയായി വിധിച്ചിട്ടുള്ള 300 ചാട്ടവാറടി ആറു തവണയായി അനുഭവിച്ചാല്‍ മതി. ഇതിനിടയില്‍ പൊതുമാപ്പ്‌ അനുവദിച്ചാല്‍ ഇവര്‍ക്ക്‌ മോചിതരാകുകയുമാവാം.

കൊലപാതകത്തില്‍ നാലുപേര്‍ക്കും തുല്യ പങ്കാളിത്തമുണ്‌ടെന്ന്‌ കണ്‌ടെത്തിയതിനെ തുടര്‍ന്ന്‌ 2009ലാണ്‌ സൗദിയിലെ ശരിയത്ത്‌ നിയമപ്രകാരം ഇവര്‍ക്ക്‌ വധശിക്ഷ വിധിച്ചത്‌. വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ അന്ന്‌ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്‌ടിയെ കണ്‌ട്‌ നിവേദനം നല്‍കിയിരുന്നു.

ഈ നാലു കുടുംബങ്ങളുടെ അവസ്ഥ മനസ്സിലാക്കി അദ്ദേഹം ഇടപെട്ടതോടെയാണ്‌ കേസില്‍ വഴിത്തിരിവുണ്‌ടായത്‌. ഉമ്മന്‍ ചാണ്‌ടിയുടെ നിര്‍ദേശപ്രകാരം റിയാദിലെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനും ഇപ്പോഴത്തെ നോര്‍ക്കയുടെ ജനറല്‍ കണ്‍സള്‍ട്ടന്റമായ ഷിഹാബ്‌ കൊട്ടുകാട്‌ കഴിഞ്ഞ ഒന്നരവര്‍ഷമായി നിരന്തരമായി നടത്തുന്ന പരിശ്രമമാണ്‌ ഇവര്‍ക്ക്‌ ജീവന്‍ തിരിച്ചുകിട്ടാന്‍ തുണയായത്‌.

ഉമ്മന്‍ ചാണ്‌ടിയുടെ നിര്‍ദേശപ്രകാരം പ്രവാസി വ്യവസായിയായ സി.കെ.മേനോന്‍ കൊലചെയ്യപ്പെട്ട മുഹ്മ്‌മദ്‌ അഷ്‌റഫിന്റെ പിതാവ്‌ അബ്‌ദുള്‍ ഖാദറിന്‌ 2010ല്‍ 80 ലക്ഷം രൂപ നല്‍കിയാണ്‌ വധശിക്ഷയില്‍ നിന്ന്‌ ഇവരെ ഒഴിവാക്കുന്നതിന്‌ സമ്മതം നേടിയത്‌. കൂടാതെ റിയാദിലെ ഇന്ത്യന്‍ എംബസിയുടെ പൂര്‍ണ സഹകരണവും കേസില്‍ ഉണ്‌ടായിരുന്നു. എംബസി ഉദ്യോഗസ്ഥരായ ഡോ.അന്‍വര്‍,യൂസിഫ്‌ കാക്കാഞ്ചേരി, വസീമുള്ള, പി.കെ.മിശ്ര, തരുപാല്‍ എന്നിവരുടെ പരിശ്രമവും കേസില്‍ നിര്‍ണായകമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക