Image

ശ്രീനിവാസനും ജെറി അമല്‍ദേവും പുതിയ മലയാളം ആല്‍ബമായ 'രാവേ നിലാവേ'യിലൂടെ ഒരുമിക്കുന്നു

Published on 21 November, 2017
 ശ്രീനിവാസനും ജെറി അമല്‍ദേവും പുതിയ മലയാളം ആല്‍ബമായ 'രാവേ നിലാവേ'യിലൂടെ ഒരുമിക്കുന്നു
കൊച്ചി: പ്രശസ്‌ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്‌ ഈണം നല്‍കിയ അഞ്ചു ഗാനങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ മലയാളം ആല്‍ബം 'രാവേ നിലാവേ' ഔദ്യോഗികമായി എറണാകുളം പ്രെസ്സ്‌ ക്ലബ്ബില്‍ നടന്ന പ്രസ്സ്‌ മീറ്റില്‍ ലോഞ്ച്‌ ചെയ്‌തു. സന്തോഷ്‌ വര്‍മ്മയാണ്‌ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്‌. 

ടീജ പ്രിബു ജോണ്‍, കെ കെ നിഷാദ്‌, രമേശ്‌ മുരളി, രാകേഷ്‌ ബ്രഹ്മാനന്ദന്‍ എന്നിവര്‍ ആലപിച്ചിരിക്കുന്ന ഗാനങ്ങള്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിക്കുമെന്നതില്‍ സംശയമില്ല. പി ജെ പ്രൊഡക്ഷന്‍ ഹൌസിന്റെ ബാനറില്‍ പ്രിബു ജോണാണ്‌ ആല്‍ബം നിര്‍മിച്ചിട്ടുള്ളത്‌.

മ്യൂസിക്‌ ആല്‍ബത്തെ കുറിച്ച്‌ ജെറി അമല്‍ദേവ്‌ പറഞ്ഞു, `തുറന്ന ചിന്താഗതിയും നല്ല കാഴ്‌ചപ്പാടും ഉള്ളവരുടെ കൂടിച്ചേരലായിരുന്നു ഇത്‌. പ്രഭുവിനും അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും മെലഡിയില്‍ തീര്‍ത്ത അര്‍ത്ഥവത്തായ ഗാനങ്ങള്‍ വേണമായിരുന്നു, ഞാനും സന്തോഷ്‌ വര്‍മ്മയും കൂടി അവര്‍ക്കു വേണ്ടി അത്‌ ചെയ്‌തു കൊടുത്തു.`

ലോഞ്ചിന്റെ ഭാഗമായി `രാവേ നിലാവേ` എന്ന ആദ്യ ഗാനത്തിന്റെ വിഡിയോ ആല്‍ബത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണറായ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ റിലീസ്‌ ചെയ്‌തു.

 ശ്രീനിവാസന്‍ അഭിനയിക്കുന്ന ഈ വീഡിയോ അദ്ദേഹത്തിന്റെ ആദ്യത്തെ മ്യൂസിക്‌ വീഡിയോ കൂടിയാണ്‌. അര്‍ജുന്‍ രാധാകൃഷ്‌ണന്‍, ദര്‍ശന രാജേന്ദ്രന്‍, നീരജ രാജേന്ദ്രന്‍, സവന്‍ പുത്തന്‍പുരക്കല്‍, ടീജ പ്രിബു ജോണ്‍, മാസ്റ്റര്‍ അഭിനന്ദ്‌, മാസ്റ്റര്‍ ഈശ്വര്‍ കൃഷ്‌ണ, ദേവിക ചന്ദ്രന്‍ എന്നിവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്‌. ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ ടീജ പ്രിബു ജോണ്‍, കെ കെ നിഷാദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌.

ഗണേഷ്‌ രാജ്‌ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ മ്യൂസിക്‌ വീഡിയോ ഒരു കലാകാരന്റെ സംഗീത വിദ്യാര്‍ത്ഥി ജീവിതം മുതല്‍ മ്യൂസിക്‌ ഡയറക്ടര്‍ ആവുന്ന വരെ ഉള്ള നാല്‌ കാലഘട്ടങ്ങളാണ്‌ കാണിക്കുന്നത്‌. കേന്ദ്ര കഥാപാത്രത്തിന്റെ ഇരുപത്തിയഞ്ചാം വയസ്സ്‌ ഒഴിച്ച്‌ 45, 60, 75 പ്രായങ്ങളെ പ്രതിനിധീകരിക്കുന്നത്‌ ശ്രീനിവാസന്‍ തന്നെയാണ്‌. 

വയസ്സാകുമ്പോള്‍ മിക്കപ്പോഴും അനിവാര്യമായി തീരുന്ന ഏകാന്തത, കാലം മുന്നോട്ടു നീങ്ങുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ ഉണ്ടാവുന്ന സ്‌നേഹത്തിന്റെ മാറ്റങ്ങള്‍, തുടങ്ങിയവയാണ്‌ വീഡിയോയുടെ പ്രധാന പ്രമേയങ്ങള്‍.
മ്യൂസിക്‌ വീഡിയോയെ കുറിച്ച്‌ ഗണേഷ്‌ രാജ്‌ പറഞ്ഞു,

 `വെറും ഇരുപത്തെട്ടുകാരനായ ഒരു ഫിലിം മേക്കര്‍ക്ക്‌ ജെറി അമല്‍ദേവ്‌ സാറിന്റെ ഒരു പാട്ട്‌ ചിത്രീകരിക്കാന്‍ അവസരം കിട്ടുക എന്നത്‌ തന്നെ ഒരു അനുഗ്രഹമാണ്‌. എന്റെ പ്രായത്തിലുള്ള അധികമാര്‍ക്കും ഈ ഭാഗ്യം ലഭിക്കുകയില്ല. 

അത്‌ കൊണ്ട്‌ തന്നെ ഈ ഓഫര്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ രണ്ടാമതൊന്നും ചിന്തിക്കേണ്ടി വന്നില്ല. പിന്നീട്‌ രചന പുരോഗമിക്കുന്ന സമയത്താണ്‌ ഇതില്‍ മുഖ്യ കഥാപാത്രമായി ശ്രീനിവാസന്‍ സാര്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഞങ്ങള്‍ അറിഞ്ഞത്‌, അത്‌ ഇരട്ടി മധുരം കൂടിയായി. എന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ ഞാന്‍ ആദ്യമായി അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയി വര്‍ക്ക്‌ ചെയ്‌ത തട്ടത്തിന്‍ മറയത്ത്‌ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അഭിനയം കണ്ടു വിസ്‌മയിച്ചു നിന്നതു എനിക്ക്‌ ഓര്‍മ്മയുണ്ട്‌. 

ഇപ്പോള്‍ ആറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അദ്ദേഹം അഭിനയിക്കുന്ന ഒരു മ്യൂസിക്‌ വിഡിയോയുടെ സംവിധായകന്‍ ആകാന്‍ കഴിഞ്ഞത്‌ ഒരു സ്വപ്‌നമായി തോന്നുന്നു. അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ വളരെ വിലപ്പെട്ടതായി കരുതുന്നു, കാരണം നമുക്ക്‌ ഒരുപാട്‌ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. 

തന്റെ ആശയങ്ങളെയും തന്നെത്തന്നെയും പ്രതിഫലിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതി നമ്മളെ അത്ഭുതപ്പെടുത്തും. എനിക്ക്‌ ഇത്‌ വെറുമൊരു ഷൂട്ടിങ്ങ്‌ സെറ്റ്‌ ആയിരുന്നില്ല, മറിച്ച്‌ ഒരു ക്ലാസ്‌ മുറി തന്നെ ആയിരുന്നു. 'രാവേ നിലാവേ' എനിക്ക്‌ ഒത്തിരി പഠിക്കാനും ഇത്‌ വരെ ശ്രമിച്ചു നോക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാനുള്ള അവസരവും സമ്മാനിച്ചിട്ടുണ്ട്‌.`

'രാവേ നിലാവേ' മ്യൂസിക്‌ വീഡിയോയുടെ ഛായാഗ്രഹണം ആനന്ദ്‌ സി ചന്ദ്രനും ചിത്രസംയോജനം നിധിന്‍ രാജ്‌ ആരോളുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌.


'രാവേ നിലാവേ' മ്യൂസിക്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=xoVA4QDgdR4

ആല്‍ബത്തിലെ അഞ്ചു പാട്ടുകളും കേള്‍ക്കാന്‍: https://www.youtube.com/watch?v=K6TSy9gu1ZY


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌. 
 ശ്രീനിവാസനും ജെറി അമല്‍ദേവും പുതിയ മലയാളം ആല്‍ബമായ 'രാവേ നിലാവേ'യിലൂടെ ഒരുമിക്കുന്നു ശ്രീനിവാസനും ജെറി അമല്‍ദേവും പുതിയ മലയാളം ആല്‍ബമായ 'രാവേ നിലാവേ'യിലൂടെ ഒരുമിക്കുന്നു ശ്രീനിവാസനും ജെറി അമല്‍ദേവും പുതിയ മലയാളം ആല്‍ബമായ 'രാവേ നിലാവേ'യിലൂടെ ഒരുമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക