Image

മരണം മണക്കുന്ന തണുപ്പ് മുറികള്‍ (നസീന മേത്തല്‍)

നസീന മേത്തല്‍ Published on 21 November, 2017
മരണം മണക്കുന്ന തണുപ്പ് മുറികള്‍ (നസീന മേത്തല്‍)
സമയം കാലത്തു പത്തു മണി. ഹോസ്പിസിലെ കോള്‍ഡ് റൂം ലക്ഷ്യമാക്കി ഞാന്‍ നടന്നു. അവിടെ എന്നെക്കാത്തു രണ്ടു പേരുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയും കണ്ടു സംസാരിച്ച, അടുത്ത ആഴ്ച കാണാം എന്ന് പറഞ്ഞു പിരിഞ്ഞ രണ്ടു പേര്‍. ഇന്നവര്‍ എന്നോട് മിണ്ടില്ല. ഞാന്‍ വന്നത്, സംസാരിക്കാന്‍ ശ്രമിച്ചത്, അവരുടെ ഹൃദയമിടിപ്പു കേള്‍ക്കാന്‍ ശ്രമിച്ചത്, അവരുടെ കൈ പിടിച്ചു പേരും ജനനതിയ്യതിയും ഒന്ന് കൂടി വായിച്ചു ഉറപ്പിച്ചത്; ഇതൊന്നും അവര്‍ അറിയില്ല. ഇനി നാളെ കാണാം എന്ന് ഞാന്‍ അവരോടു പറയില്ല. ഞാന്‍ കുശലം പറഞ്ഞില്ല എന്ന് ഇനിയൊരിക്കലും അവര്‍ പരിഭവിക്കില്ല.

ജീവിച്ചിരിക്കുമ്പോള്‍ ആരോ വരച്ച ചതുരങ്ങളില്‍ ഒതുങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല അയാള്‍. ഒറ്റയ്ക്ക് ജീവിച്ചു. അന്‍പത് വയസ്സിലും അമ്മയുടെ സ്‌നേഹശാസനകള്‍ അയാളുടെ പുറകെയുണ്ടായിരുന്നു. അതെല്ലാം സ്‌നേഹത്തോടെ തന്നെ അദ്ദേഹം തിരസ്‌കരിച്ചു. എന്നാല്‍ ഇന്ന്, എല്ലാവര്‍ക്കും പാകമാകുന്ന ദീര്‍ഘചതുരത്തില്‍ ഒരു പരിഭവവും ഇല്ലാതെ അദ്ദേഹവും !

ആവശ്യമായ പരിശോധനകള്‍ നടത്തി ഗുഡ് ബൈ പറഞ്ഞു പിരിയുമ്പോള്‍ പതിവ് പോലെ ഒന്ന് കൂടി തിരിഞ്ഞു നോക്കാതിരിക്കാനായില്ല. എന്നാല്‍, സാധാരണ ചോദിക്കാറുള്ള ' റൂമിന്റെ വാതില്‍ അടക്കണോ, തുറന്നിടണോ ' എന്ന ചോദ്യം ഇന്ന് ചോദിച്ചില്ല. വാതില്‍ എന്റെ പുറകില്‍ താനേ അടഞ്ഞു.

മരണം മണക്കുന്ന കോള്‍ഡ് റൂമുകള്‍ എനിക്ക് വളരെ പരിചിതമാണ്. മിക്ക ഹോസ്പിറ്റലുകളിലും കോള്‍ഡ് റൂമുകള്‍ ഹോസ്പിറ്റലിന്റെ ഒരറ്റത്ത് ബേസ്‌മെന്റില്‍ ആയിരിക്കും. ഒറ്റക്കാണ് ദേഹപരിശോധന നടത്താന്‍ പോകാറുള്ളത്.
പ്രേതകഥകള്‍ക്കു പഞ്ഞമില്ലാത്ത നാടാണ് ഇംഗ്ലണ്ട്. അതുകൊണ്ടു തന്നെ മരണം കാത്തു കിടക്കുന്നവര്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ കണ്ടു എന്ന് ഇടയ്ക്കിടെ നഴ്‌സുമാര്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കോള്‍ഡ് റൂമില്‍ നിന്ന് ഒരു കുട്ടിയുടെ കരച്ചില്‍ കേട്ട് എന്ന് പറഞ്ഞത് മുന്‍പ് ജോലി ചെയ്തിരുന്ന ഹോസ്പിസിലെ നേഴ്‌സ് ആണ്. ഇപ്പോള്‍ ജോലി ചെയ്യുന്ന ഹോസ്പിസിലെ റൂമുകളിലും, വരാന്തകളിലും ഇടയ്ക്കിടെ ഇതുപോലുള്ള കുട്ടികള്‍ പ്രത്യക്ഷപ്പെട്ട കഥകള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഹോസ്പിസ് നില്‍ക്കുന്ന സ്ഥലം മുന്‍പ് ഹോസ്പിറ്റലിന്റെ കുട്ടികളുടെ വാര്‍ഡ് ആയിരുന്നു എന്നൊരു വിശദീകരണവും പലരും നല്‍കുന്നുണ്ട്.

ഒന്ന് മാത്രം അറിയാം. ഇത്രയും കാലത്തിനിടയില്‍ ജീവന്‍ വിട്ടകന്ന ദേഹത്തിന്റെ കൂടെ കോള്‍ഡ് റൂമില്‍ തനിച്ചു നിന്നപ്പോഴൊന്നും ഈ പറഞ്ഞ ആരെയും ഞാന്‍ കണ്ടിട്ടില്ല. പലപ്പോഴും മരിച്ച ആളുടെ ദേഹവും ഞാനും മാത്രമാകുമ്പോള്‍ മറ്റാരോ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നല്‍ വരാറുണ്ടെങ്കിലും !

പാലിയേറ്റീവ് കെയറില്‍ പത്തു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നു. മരണം നേരിട്ട് കാണാത്ത ആഴ്ചകള്‍ ഇല്ല എന്ന് തന്നെ പറയാം. കഴിയുന്നതും രോഗികളോട് മാനസികമായി അടുക്കാതിരിക്കാന്‍ ശ്രമിക്കും. എങ്കിലും ചിലര്‍ നമ്മളെ വീഴ്ത്തിക്കളയും. അവര്‍ ഒരു മുറിവായി അല്ലെങ്കില്‍ സ്‌നേഹനൊമ്പരമായി നമ്മളില്‍ കുടിയേറും. അത് കടുത്ത വേദന സഹിക്കാനാവാതെ മരിച്ചവര്‍ ആകാം, പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വിട്ടു പറന്നകന്നവര്‍ ആകാം, തൊണ്ണൂറിന്റെ നിറവിലും തന്നിഷ്ടത്തിനു ജീവിച്ചു കാണിച്ചു തന്നവര്‍ ആകാം.

ഓരോ മരണവും ഒരോര്‍മ്മപ്പെടുത്തല്‍ ആണ്.
ജീവിതവഴികളിലെ വൃത്തത്തിനും ചതുരത്തിനും അകത്തു ഒതുങ്ങിയവരും, വൃത്തവും ചതുരവും ഭേദിച്ച് പുറത്തു ചാടിയവരും ഒരേ പോലെ വന്നു വീഴുന്ന ദീര്‍ഘചതുരങ്ങള്‍ !

അതുകൊണ്ടു തന്നെ, ജീവിതമെന്ന ചതുരംഗത്തില്‍ കെട്ടുപാടുകളും ചുറ്റുപാടുകളും വരച്ചിടുന്ന വെളുപ്പും കറുപ്പും ചേര്‍ന്ന ചതുരങ്ങളില്‍ ഒതുങ്ങാതെ, സ്വത്വബോധത്തിനു കീഴ്‌പ്പെടാതെ, ഓരോ പടി ചവിട്ടിക്കയറുമ്പോഴും മുന്നിലും പിന്നിലും മുളക്കുന്ന വാലുകളുടെ മാഹാത്മ്യത്തില്‍ സ്വയം മറന്നു പോകാതെ, ജീവനുള്ളിടത്തോളം ജീവിതം നമുക്ക് ആസ്വദിക്കാം.

ജീവന്‍ അറ്റു പോകുന്ന ആ നിമിഷം മറ്റേതൊരാളെയും പോലെ ആ ദീര്‍ഘചതുരത്തില്‍ നമ്മളും തളക്കപ്പെടും. മുന്‍പൊന്നും അനുഭവിക്കാത്ത തണുപ്പും, മരവിപ്പും, മരണത്തിന്റെ മണവും ഉള്ള ആ ദീര്‍ഘചതുരത്തില്‍
മരണം മണക്കുന്ന തണുപ്പ് മുറികള്‍ (നസീന മേത്തല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക