Image

സ്റ്റീവനേജ് പാരീഷ് ഡേ വര്‍ണാഭമായി

Published on 21 November, 2017
സ്റ്റീവനേജ് പാരീഷ് ഡേ വര്‍ണാഭമായി

സ്റ്റീവനേജ്: വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കേന്ദ്രമായ സ്റ്റീവനേജിലെ കമ്യൂണിറ്റി തങ്ങളുടെ പ്രഥമ പാരീഷ് ദിനാഘോഷം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഹോളിഡേ ഇന്നില്‍ നടന്ന പാരീഷ് ദിനാഘോഷത്തില്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പാരീഷ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. 

കുടുംബ ബന്ധങ്ങളെ കാര്യമാത്ര പ്രസക്തമായി തന്റെ സന്ദേശത്തിലൂന്നി സംസാരിച്ച പിതാവ് ദൈവ കല്പനകളും തിരു ലിഖിതങ്ങളും പാലിച്ചു ജീവിക്കുന്നവരുടെ മക്കള്‍ അനുസരണയുള്ളവരായിരിക്കും. വിവാഹമെന്ന കൂദാശയില്‍ ദൈവത്തെ സാക്ഷ്യമാക്കി വാഗ്ദാനങ്ങള്‍ നല്‍കി ആശീര്‍വദിച്ചു തുടങ്ങുന്ന ബന്ധങ്ങള്‍ ഉലച്ചിലില്ലാതെ നയിക്കപ്പെടണമെന്നും പ്രാര്‍ഥനയിലും സ്‌നേഹത്തിലും അധിഷ്ഠിതമായി ബന്ധം കാത്തു സൂക്ഷിക്കുവാന്‍ കടമയുണ്ടെന്നും മാര്‍ സ്രാന്പിക്കല്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. ഇണയുടെ കുറവുകളെ തേടി പോവുകയല്ല അവരിലെ നന്മകളെ കണ്ടെത്തലാണ് കുടുംബ വിജയങ്ങളുടെ അടിസ്ഥാനവും അതാണ് കുടുംബത്തെ ദൈവത്തോട് ഗാഢമായി ചേര്‍ക്കുക എന്നും മാര്‍ സ്രാന്പിക്കല്‍ കൂട്ടിചേര്‍ത്തു. 

ചാപ്ലൈനും സ്റ്റീവനേജ് പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ഫാ.സോണി കടന്തോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്നു ബൈബിള്‍ സംഭവങ്ങളുടെ പുനരാവിഷ്‌ക്കാരമായ സമാഗമവും ആല്മീയ ചൈതന്യം മുറ്റിയ ഫാത്തിമായുടെ സന്ദേശവും വിശ്വാസ പ്രഘോഷണങ്ങളായ കലാപ്രകടനങ്ങളും ദിവ്യ സന്ദേശങ്ങള്‍ വിളിച്ചോതിയ ദൃശ്യാവിഷ്‌കാരങ്ങളും ആല്മീയ ശോഭ നിറച്ച അദ്ഭുത വേദി മുഴു നീളം ആസ്വാദ്യകരമായി. 

ക്യാറ്റക്കിസം ബൈബിള്‍ കലോത്സസവം തുടങ്ങിയവയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മാര്‍ സ്രാന്പിക്കല്‍ വിതരണം ചെയ്തു. നാഷണല്‍ ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ അല്മാ സോയിമോനെ പ്രത്യേക അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ട്രസ്റ്റിമാരായ അപ്പച്ചന്‍ കണ്ണഞ്ചിറ, ജിമ്മി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക