Image

ന്യൂനപക്ഷ സര്‍ക്കാരിനെക്കാള്‍ ഭേദം പുതിയ തെരഞ്ഞെടുപ്പ്: മെര്‍ക്കല്‍

Published on 21 November, 2017
ന്യൂനപക്ഷ സര്‍ക്കാരിനെക്കാള്‍ ഭേദം പുതിയ തെരഞ്ഞെടുപ്പ്: മെര്‍ക്കല്‍

ബെര്‍ലിന്‍: ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിലും ഭേദം വീണ്ടും പൊതു തെരഞ്ഞെടുപ്പ് നടത്തുന്നതായിരിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. എന്നാല്‍, അങ്ങനെയൊരു സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യത അവര്‍ പൂര്‍ണമായി തള്ളിക്കളയുന്നുമില്ല.

വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാല്‍ പാര്‍ട്ടിയെ നയിക്കുക താന്‍ തന്നെയാകുമെന്ന കാര്യത്തിലും അവര്‍ ഉറപ്പു പറഞ്ഞില്ല. നേരത്തെ, നാലാം തവണയും ചാന്‍സലറായി മത്സരിക്കാന്‍ താനുണ്ടാവുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍, ആ തെരഞ്ഞെടുപ്പ് പിന്നിട്ടിരിക്കുന്നു എന്നും ഇനി നടത്തിയാല്‍ അതു പുതിയ തെരഞ്ഞെടുപ്പായിരിക്കുമെന്നുമാണ് എആര്‍ഡിക്കു നല്‍കിയ അഭിമുഖത്തില്‍ മെര്‍ക്കല്‍ പറഞ്ഞത്.

എഫ്ഡിപി ചര്‍ച്ചകളില്‍നിന്നു പിന്‍മാറിയതിനെ പരോക്ഷമായി വിമര്‍ശിക്കാനും മെര്‍ക്കല്‍ തയാറായി. ഗ്രീന്‍ പാര്‍ട്ടി നന്നായി സഹകരിച്ചെന്നും അവരുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടായിരുന്നതായും മെര്‍ക്കല്‍ പറഞ്ഞു. എഫ്ഡിപിയുമായുള്ള ചര്‍ച്ചകള്‍ വിജയിക്കാത്തത് ഖേദകരമാണ്. അതുകാരണം രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധിയും ഖേദകരമാണ്. എന്നാല്‍, രാജ്യം സുസ്ഥിരമാണെന്നും അവര്‍ പറഞ്ഞു.

മെര്‍ക്കലിന്റെ സിഡിയുവിന് 246 സീറ്റും സഖ്യകക്ഷിയായി നില്‍ക്കുന്ന ഗ്രീന്‍ പാര്‍ട്ടിക്ക് 67 സീറ്റുമാണുള്ളത്. ആകെ 709 അംഗബലമുള്ള പാര്‍ലമെന്റില്‍ ഇരുകക്ഷികളും കൂടി ഭരണത്തിലെത്തിയാല്‍ ന്യൂനപക്ഷസര്‍ക്കാരാവും ഉണ്ടാവുക. ഇത് മെര്‍ക്കലിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സ്വീകാര്യമല്ലതാനും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക