Image

കുവൈറ്റ് പുരസ്‌കാര സന്ധ്യ 23 ന്

Published on 21 November, 2017
കുവൈറ്റ് പുരസ്‌കാര സന്ധ്യ 23 ന്

കുവൈത്ത്: ഒവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) കുവൈറ്റ് നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുരസ്‌കാര സന്ധ്യ 2017 നവംബര്‍ 23ന് (വ്യാഴം) നടക്കും. വൈകുന്നേരം ആറു മുതല്‍ റിഗായി ഹോട്ടല്‍ റമദാ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍.

പൊതുസമ്മേളനം മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരവും എഐസിസി വാക്താവുമായ ഖുശ്ബു മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ കുവൈത്ത് അഭ്യന്തര മന്ത്രാലയത്തിലെ ട്രയിനിംഗ് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്, ഇന്ത്യന്‍ എംബസി സെക്രട്ടറി യു.എസ്. സിബി, ലുലു എക്‌സ്‌ചേഞ്ച് സിഇഒ അദീബ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.

കേരളത്തിലെ 14 ജില്ലകളിലെ നിര്‍ധനരായ വികലാംഗര്‍ക്കുവേണ്ടി ഒഐസിസി നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ 'കാരുണ്യ സ്പര്‍ശം’ 500 ഓളം വീല്‍ ചെയറുകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കലാ മത്സരങ്ങളിലെ “രംഗോല്‍സവ് 2017” വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സ്‌കൂള്‍ കലാമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. 

വാര്‍ത്താ സമ്മേളനത്തില്‍ ഒഐസിസി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, ബി.എസ്.പിളള, ചാക്കോ ജോര്‍ജുകുട്ടി, ശാമുവേല്‍ ചാക്കോ, വര്‍ഗീസ് ജോസഫ് മാരാമണ്‍, ബിനു ചെന്പാലയം, ജോയ് ജോണ്‍ തുരുത്തിക്കര എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക