Image

രഹസ്യമൊഴി നല്‍കിയവരില്‍ 20 സിനിമാക്കാര്‍, കാവ്യയും സാക്ഷി

Published on 22 November, 2017
രഹസ്യമൊഴി നല്‍കിയവരില്‍ 20 സിനിമാക്കാര്‍, കാവ്യയും സാക്ഷി

കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവത്തില്‍ അനുബന്ധ കുറ്റപത്രം കോടതി സ്വീകരിക്കുന്നതോടെ വിചാരണ നടപടികള്‍ക്കു തുടക്കമാകും. വിചാരണ വേളയില്‍ പ്രോസിക്യൂഷന് കരുത്തേകുന്നതു രഹസ്യമൊഴികളാകും. ആകെ 355 സാക്ഷികളുള്ള കുറ്റപത്രത്തില്‍ സിനിമാമേഖലയില്‍നിന്നുമാത്രം 50 പേരുണ്ടെന്നാണു വിവരം. ഇതില്‍ ഇരുപതിലധികം പേരുടെ രഹസ്യമൊഴികളും ഉള്‍പ്പെടുന്നു. 

ശാസ്ത്രീയ തെളിവുകള്‍ക്കൊപ്പം രഹസ്യമൊഴികള്‍കൂടി ചേരുന്നതോടെ പ്രതികള്‍ക്കു രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് അന്വേഷണസംഘം കരുതുന്നു. കേസുകളുടെ വിചാരണവേളയില്‍ സാക്ഷികള്‍ പലപ്പോഴും മൊഴികള്‍ മാറ്റാറുണ്ട്. എന്നാല്‍, മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴികള്‍ മാറ്റുക എളുപ്പമല്ല. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരുടെ മൊഴിയും നിര്‍ണായകമാകും. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവന്‍ കേസില്‍ 34ാം സാക്ഷിയാണ്.

നടിക്കെതിരേ നടന്‍ ഗൂഢാലോചന നടത്തിയതിനു കാരണം മഞ്ജുവുമായുള്ള ആദ്യ വിവാഹബന്ധം തകര്‍ത്തതിനു പിന്നല്‍ നടിയാണെന്നു കരുതിയുള്ള വൈരാഗ്യമാണെന്നാണു പോലീസ് നിഗമനം. അതുകൊണ്ടാണു മഞ്ജു നല്‍കുന്ന മൊഴി നിര്‍ണായകമാകുന്നത്. വര്‍ഷങ്ങളോളം ഒപ്പം ജീവിച്ചയാളെന്ന നിലയില്‍ ദിലീപിന്റെ സ്വഭാവമടക്കമുള്ള കാര്യങ്ങളിലും മഞ്ജുവിന്റെ മൊഴികള്‍ക്കു കോടതി പ്രാധാന്യം നല്‍കും. ആക്രമണത്തിനിരയായ നടിയും മഞ്ജുവും ഉറ്റ സുഹൃത്തുക്കളാണെന്നുള്ളതും പരിഗണിക്കപ്പെടും. 

നടിക്കെതിരായ ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം സൂചന നല്‍കിയത് മഞ്ജു വാര്യരാണ്. ക്വട്ടേഷന്‍ ആണെന്നു പോലീസ് പോലും വിചാരിക്കാത്ത ഘട്ടത്തിലായിരുന്നു മഞ്ജുവിന്റെ പ്രസ്താവന വന്നത്. ഇതോടെയാണു ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണം പോലീസ് ത്വരിതപ്പെടുത്തിയതും ദിലീപ് അറസ്റ്റിലായതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക