Image

ശബരിമലയിലും,പമ്പയിലും പരിസ്ഥിതി സംരക്ഷണം അനിവാര്യം :ശബരിമല മേല്‍ശാന്തി

അനില്‍ കെ പെണ്ണുക്കര Published on 22 November, 2017
ശബരിമലയിലും,പമ്പയിലും പരിസ്ഥിതി സംരക്ഷണം അനിവാര്യം :ശബരിമല മേല്‍ശാന്തി
പമ്പയുടെയും ശബരിമലയുടെയും പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നും അയപ്പഭക്തര്‍ പ്ലാസ്റ്റിക് വര്‍ജനം വ്രതത്തിന്റെ ഭാഗമാക്കണം എന്നും ശബരിമല മേല്‍ശാന്തി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. വനത്തേയും ജലത്തേയും പ്രകൃതിയേയും സംരക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും ഉത്തരവാദിത്തമാണ്. പൂങ്കാവനവും പരിസരവും മലിനമായാല്‍ വനത്തിലെ ജീവജാലങ്ങളെയും അതു ദോഷകരമായി ബാധിക്കുമെന്ന് മേല്‍ശാന്തി ചൂണ്ടിക്കാട്ടി. സ്വാമി ചൈതന്യം ജീവിതകാലം മുഴവന്‍ നിലനില്‍ക്കാന്‍ അയ്യപ്പദര്‍ശനത്തിനു മുമ്പും ശേഷവും വൃതാനുഷ്ടാനങ്ങള്‍ ചിട്ടയായി തന്നെ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്തെ പരിസ്ഥിതി സംരക്ഷണ, മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ശക്തമായ പ്രവര്‍ത്തനങ്ങളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌സജീവമായി രംഗത്തുണ്ട് . ടോയ്‌ലെറ്റുകള്‍, ഹോട്ടലുകള്‍, അപ്പം, അരവണ പ്ലാന്റുകള്‍ തടങ്ങിയവിടങ്ങളില്‍ നിന്നുള്ള മാലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റില്‍ നിന്നുള്ള സാമ്പിളുകള്‍ നിരന്തര പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിലെ കോളിഫോം ബാക്ടീരിയയുടെ അംശം, പി.എച്ച് മൂല്യം, ഓക്‌സിജന്റെ അളവ് തുടങ്ങിയവയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് ഇന്‍സിനേറ്ററുകളുടെ പ്രവര്‍ത്തനവും കൂടെക്കൂടെ നിരീക്ഷണത്തിന് വിധേയമാക്കും. അവ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്നും മാലിന്യം നിര്‍മാര്‍ജനം ചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പാക്കും. കുടിവെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചും പരിശോധനയ്ക്ക് വിധേയമാക്കുന്നു. വെള്ളത്തിന്റെ ലീക്കേജ് പരിശോധിച്ച് അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതിനും പുറമെ സന്നിധാനത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി നവംബര്‍ ഇരുപത്തിനാലിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് ശുചീകരണ യജ്ഞം സംഘടിപ്പിക്കും. രാവിലെ ഒന്‍പത് മണിക്ക് പുണ്യം പൂങ്കാവനം ഓഫീസ് പരിസരത്ത് (സന്നിധാനത്തിന്റെ വടക്കെ നട) നിന്ന് ആരംഭിക്കുന്ന ശുചീകരണ യജ്ഞത്തില്‍ ബോര്‍ഡ് മെംബര്‍മാര്‍, സന്നിധാനത്തുളള വിവിധ സുരക്ഷാ വിഭാഗങ്ങള്‍, അയ്യപ്പാസേവാ സംഘം പ്രവര്‍ത്തകര്‍, എല്ലാ വകുപ്പുകളില്‍ നിന്നുളള ജീവനക്കാര്‍ എന്നിവര്‍ പങ്കാളികളാകും.

സന്നിധാനത്തെയും പമ്പയിലെയും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പരിശുദ്ധി ഉറപ്പാക്കന്‍ ശക്തമായ നടപടികളുമായി ഫുഡ് സേഫ്റ്റി വകുപ്പ്. സന്നിധാനത്തെ കടകളിലും ഭക്ഷണശാലകളിലും നിത്യവും പരിശോധന നടത്തുകയും വീഴ്ചകള്‍ കണ്ടെത്തി പരിഹരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വ്യക്തമായ ലൈസന്‍സ്, രജിസ്്‌ട്രേഷന്‍ എന്നിവയോടെയാണോ ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉറപ്പാക്കുന്നു. ഭക്ഷണം ഉണ്ടാക്കാനാവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കുന്നതിലും അവ വൃത്തിയാക്കുന്നതിലും ചില വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്. അവ പരിഹരിക്കാന്‍ ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള നോട്ടീസും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

കൂടാതെ ശബരിമല സന്ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി 1500 പേരടങ്ങുന്ന ശക്തമായ പോലീസ് സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, സ്‌പെഷ്യല്‍ സ്ക്വാഡ്, ഇന്റലിജെന്‍സ്, ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡ്, വിവിധ ജില്ലകളില്‍ നിന്നുള്ള ഷാഡോ പോലീസ് എന്നിവയില്‍ പെട്ട ഉദ്യോഗസ്ഥരുടെ സംഘത്തെയാണ് ക്രമസാമാധാന പാലനത്തിനായി വിന്യസിച്ചിരിക്കുന്നത്. മൂന്നു ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തനം. എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ എസ്.പി, ഡി.വൈ.എസ്.പി, സി.ഐ, എസ്.ഐ, പോലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ഒമ്പത് മേഖലകളിലായിട്ടാണ് പ്രവര്‍ത്തനം. 13 ഡി.വൈ.എസ്.പി മാരും 25 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുണ്ട്. സോപാനം, കൊടിമരം, 18ാം പടി, നടപ്പന്തല്‍, യൂടേണ്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, മാളികപ്പുറം എന്നീ മേഖലകള്‍ തിരിച്ചാണ് പോലീസ് സേനയുടെ പ്രവര്‍ത്തനം.

പമ്പമുതല്‍ സംവിധാനം വരെയുള്ള സ്ഥലങ്ങളില്‍ ശക്തമായ സി.സി ടി.വി നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ നിരീക്ഷണത്തിന് 24 മണിക്കൂറം പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെന്ററും പ്രവര്‍ത്തിക്കുന്നു.

സന്നിധാനത്ത് ചാക്യാര്‍കൂത്ത്

സന്നിധാനം ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്ത് അനുവാചകര്‍ക്ക് ഹ്യദയാവര്‍ജ്ജകമായി.കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ നമ്പ്യാരാണ് ശിവപാര്‍വ്വതി സംവാദം എന്ന കഥ ചാക്യാര്‍കൂത്ത് രൂപത്തില്‍ അവതരിപ്പിച്ച് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. കൂത്തിന് മിഴാവ് കൊട്ടിയത് കുഴിപ്പളളി മഠം രവി നമ്പ്യാരാണ്.

തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷത്തിലേറെയായി മണ്ഡലമകര വിളക്ക് കാലത്ത് ചാക്യാര്‍കൂത്ത് സന്നിധാനത്ത് സ്‌റ്റേജില്‍ അവതരിപ്പിച്ച് വരികയാണ് ത്യശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍. തിരുവനന്തപുരത്തെ പ്രശസ്തമായ കലാസ്ഥാപനമായ മാര്‍ഗിയിലെ പ്രൊഫ നാരായണന്‍ നമ്പ്യാരാണ് ഇദ്ദേഹത്തിന്റെ ഗുരു.
ശബരിമലയിലും,പമ്പയിലും പരിസ്ഥിതി സംരക്ഷണം അനിവാര്യം :ശബരിമല മേല്‍ശാന്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക