Image

നടിയെ ആക്രമിച്ച കേസ്‌: വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന്‌ അന്വേഷണ സംഘം

Published on 23 November, 2017
നടിയെ ആക്രമിച്ച കേസ്‌: വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന്‌ അന്വേഷണ സംഘം


കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വേഗത്തില്‍ നടത്തണമെന്നും ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും അന്വേഷണസംഘം സര്‍ക്കാരിനോട്‌ ആവശ്യപ്പെടും.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാനാണ്‌ അന്വേഷണസംഘത്തിന്റെ ശ്രമം. പീഡന കേസുകളില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശവും പൊലീസ്‌ അപേക്ഷയില്‍ വ്യക്തമാക്കും. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക്‌ ക്വട്ടേഷന്‍ നല്‍കിയത്‌ ദിലീപ്‌ ആണെന്ന്‌ ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമായി പറയുന്നു.

കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ്‌ സാക്ഷികളെ സ്വാധീനിച്ച്‌ കൂറുമാറ്റാന്‍ സാധ്യതയുണ്ട്‌. ഇത്‌ കേസ്‌ അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുമെന്നും അന്വേഷണസംഘം നിരീക്ഷിക്കുന്നു.ഇത്‌ പരമാവധി ഒഴിവാക്കാനാണ്‌ അന്വേഷണസംഘം ശ്രമിക്കുന്നത്‌.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി ഇന്ന്‌ പരിശോധിക്കും. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ്‌ മഞ്‌ജു വാരിയര്‍ക്കു നല്‍കിയതാണു നടിയോടുള്ള വൈരാഗ്യത്തിനു കാരണമെന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നടിയോടു ദിലീപിനു വൈരാഗ്യമുണ്ടായ സാഹചര്യങ്ങളും ആക്രമിക്കാന്‍ നടനും പള്‍സര്‍ സുനിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുമാണു കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്‌. അമ്മയുടെ താരനിശയില്‍വച്ച്‌ ദിലീപ്‌ നടിയെ ഭീഷണിപ്പെടുത്തിയെന്നും തൊട്ടടുത്ത ദിവസം തന്നെ പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക