Image

പ്രതിദിനം പതിനായിരത്തോളം പേരെ അന്നമൂട്ടി അന്നദാനപ്പുര

അനില്‍ കെ പെണ്ണുക്കര Published on 24 November, 2017
പ്രതിദിനം പതിനായിരത്തോളം പേരെ അന്നമൂട്ടി അന്നദാനപ്പുര
ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ പ്രതിദിനം ഏകദേശം പതിനായിരത്തോളം പേര്‍ ഭക്ഷണം കഴിക്കാനെത്തുന്നു. ശരാശരി 800850 കിലോ അരിയുടെ ചോറും കഞ്ഞിയും ഇവിടുത്തെ അടുക്കളയില്‍ നിത്യവും പാചകം ചെയ്ത് വിളമ്പുന്നു.ദിവസവും നാലുനേരമാണ് ഭക്തരുടെ വിശപ്പകറ്റാന്‍ അന്നദാനപ്പുര തുറന്നിരിക്കുന്നത്. അര്‍ത്ഥരാത്രി 12 മണിമുതല്‍ രാവിലെ 5 മണിവരെ ആദ്യഘട്ട പ്രഭാത ഭക്ഷണം നല്‍കും. ഉപ്പുമാവും ഉള്ളിക്കറിയും ജീരകവെള്ളവുമാണ് വിഭവങ്ങള്‍. രാവിലെ ആറുമണിമുതല്‍ 10.30 വരെ വീണ്ടും പ്രഭാത ഭക്ഷണം. ഉപ്പുമാവും കടലക്കറിയും ആണ് വിഭവങ്ങള്‍. കുടിക്കാന്‍ ചുക്കുകാപ്പിയും ജീരകവെള്ളവുമുണ്ട്. 11 മണിമുതല്‍ 3 മണിവരെ ഉച്ചയൂണ്. പൊന്നി പച്ചരിയുടെ ചോറ്, സാമ്പാര്‍, രസം, അവിയല്‍, തോരന്‍, അച്ചാര്‍ എന്നിവയാണ് വിളമ്പുന്നത്. ഭക്ഷണം കഴിക്കാന്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കും. വൈകിട്ട് ഏഴുമണിമുതല്‍ 10.30 വരെ രാത്രിഭക്ഷണമാണ്. കഞ്ഞി, പയര്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍. ഭക്തര്‍ക്ക് രുചികരമായ ഭക്ഷണം പാചകം ചെയ്യാന്‍ 60 പേരുടെ അധ്വാനമാണ് അടുക്കളയില്‍. വിളമ്പാനും മറ്റുമായി 280 പേരും ജോലിചെയ്യുന്നു. നാല് ഷിഫ്റ്റുകളിലായി ഇവരുടെ അധ്വാനമാണ് സ്വാദൂറുന്ന വിഭവങ്ങളായി അയപ്പന്മാരുടെ ചുണ്ടുകളില്‍ എത്തുന്നത്.

ശബരിമലയില്‍ ഡിജിറ്റല്‍ പേയ്‌മെന്റിന് വിപുലമായ സജ്ജീകരണങ്ങള്‍

ശബരിമല: തീര്‍ത്ഥാടനകാലത്ത് ഡിജിറ്റല്‍ പേയ്‌മെന്റിനായി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ധനലക്ഷ്മി ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ലഭിച്ച നടവരവില്‍ 14 ശതമാനത്തോളം ഡിജിറ്റല്‍ പേയ്‌മെന്റായിരുന്നു. ഈ വര്‍ഷം ഇതേവരെയുള്ള നടവരവില്‍ 12 ശതമാനം ഡിജിറ്റല്‍ പേയ്‌മെന്റാണ്. നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ കറന്‍സിഷാമം പരിഹരിക്കാനാണ് കഴിഞ്ഞവര്‍ഷം ഇത്തരം സജ്ജീകരണം ചെയ്തത്. നോട്ട് ക്ഷാമം കാര്യമായി ഇല്ലെങ്കിലും ഭക്തര്‍ കാര്‍ഡുപയോഗം വര്‍ധിപ്പിച്ചിരിക്കുമെന്ന കണക്കുകൂട്ടലില്‍ ഈവര്‍ഷവും ഡിജിറ്റല്‍ സൗകര്യം നിലനിര്‍ത്തിയിരിക്കുകയാണ്. മൊത്തമുള്ള 18 അപ്പം അരവണ കൗണ്ടറില്‍ അഞ്ചിടത്ത് സൈ്വപ്പിങ് മെഷിന്‍ സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനത്തെ മൂന്നുകൗണ്ടറുകളിലും മാളികപ്പുറത്തെ ഒരു കൗണ്ടറിലും അന്നദാനമണ്ഡപത്തിലെ ഒരു കൗണ്ടറിലുമാണ് സൈ്വപ്പിങ് മെഷിന്‍ ഉള്ളത്.

കാണിക്ക എണ്ണാന്‍ അത്യാധുനിക യന്ത്രങ്ങള്‍

ശബരിമല: ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന കാണിക്ക എണ്ണാന്‍ 14 മെഷിനുകളാണ് ഭണ്ഡാരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത 30 ലക്ഷം രൂപയുടെ രണ്ട് മെഷിനകളും 15 ലക്ഷം രൂപയുടെ രണ്ട് മെഷിനുകളും ഉള്‍പ്പെടുന്നു. ദേവസ്വം ജീവനക്കാര്‍ എണ്ണിയ നോട്ടുകള്‍ ഈ മെഷിനുകള്‍ ഉപയോഗിച്ചാണ് ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥര്‍ വീണ്ടും തിട്ടപ്പെടുത്തി രേഖപ്പെടുത്തുന്നത്.
ദേവസ്വം ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ പ്രാഥമികമായി തിട്ടപ്പെടുത്താന്‍ ആറ് നോട്ടെണ്ണല്‍ മെഷിനകള്‍ ഉപയോഗിക്കുന്നു. നാണയമെണ്ണാന്‍ നാല് മെഷിനുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഭണ്ഡാരത്തിലെത്തുന്ന നോട്ടുകളുടെ ചുളിവുകള്‍ നിവര്‍ത്തുക, നാണയങ്ങള്‍ അവയുടെ മൂല്യമനുസരിച്ച് തരംതിരിക്കുക എന്നീ ജോലികള്‍ ഒഴികെ ബാക്കിയെല്ലാം യന്ത്ര സഹായത്തോടെയാണ് ചെയ്യുന്നത്. ചുളിവുകള്‍ നിവര്‍ത്തിയ നോട്ടുകള്‍ മൂല്യമനുസരിച്ച് തരംതിരിച്ച് മെഷിന്റെ സഹായത്തോടെ 100ന്റെ കെട്ടുകളാക്കുന്നു. ഇത് വിദേശ നിര്‍മിത യന്ത്രത്തില്‍ വീണ്ടുമെണ്ണി കള്ളനോട്ടുകള്‍ ഒഴിവാക്കി ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റുന്നു. 10 കോടി രൂപയുടെ യൂണിറ്റ് പൂര്‍ത്തിയാകുമ്പോള്‍ അത് ബാങ്കിന്റെ തൃശൂരിലെ ആസ്ഥാനത്തേക്ക് മാറ്റും. നാണയങ്ങള്‍ മൂല്യമനുസരിച്ച് തരംതിരിച്ച് മെഷിനിലെ ഫണലില്‍ ഇടുന്നു. മെഷിനിലുള്ള ആറു പാത്രങ്ങളില്‍ 2000 എണ്ണം വീതമായി ഇത് മാറ്റപ്പെടുന്നു. ഈ നാണയങ്ങള്‍ ചാക്കിലാക്കി സീല്‍ ചെയ്ത് മാറ്റുന്നു.

നടവരവില്‍ നാണയമായി എത്തുന്നത് 12 ശതമാനത്തോളം

ശബരിമല: ശബരിമലയിലെ നടവരവില്‍ 12 ശതമാനത്തോളം എത്തുന്നത് നാണയരൂപത്തില്‍. 14 ശതമാനം ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഡിജിറ്റല്‍ രൂപത്തില്‍. ബാക്കി 74 ശതമാനത്തോളം പണമാണ് നോട്ടുകളായി എത്തുന്നത്. കാണിക്കയായും മറ്റും എത്തുന്ന നാണയങ്ങള്‍ ബാങ്കില്‍ നിന്ന് വാങ്ങാന്‍ കാത്തിരിക്കുന്നത് വന്‍കിട റെസ്‌റ്റൊറന്റ് ചെയ്‌നുകള്‍, ടോള്‍ ബൂത്ത് കളക്ഷന്‍ സ്ഥാപനങ്ങള്‍, ടെക്‌സ്‌റ്റൈല്‍ ചെയ്‌നുകള്‍ മുതലായവയാണ്. ഇവര്‍ ബാങ്കിന്റെ പമ്പയിലെ ശാഖയില്‍ നിന്ന് നേരിട്ട് ശേഖരിച്ച് കൊണ്ടുപോകുന്നു.

സന്നിധാനം ലഹരി വിമുക്തം

ലഹരി വസ്തുക്കളുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം തടയുന്നതിന് ശക്തമായ നടപടികളുമായി എക്‌സൈസ് വകുപ്പ്. 25 പേരടങ്ങുന്ന എക്‌സൈസ് സംഘം 24 മണിക്കൂറും സന്നിധാനത്തും പരിസരത്തും നിരീക്ഷണം ശക്തമാക്കി. ഇതേവരെ 4.5 ലിറ്റര്‍ വിദേശമദ്യവും 15 ഗ്രാം കഞ്ചാവും 8 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍, 50 പാക്കറ്റ് സിഗററ്റ്, 25 പാക്കറ്റ് ബീഡി എന്നിവ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തുവെന്ന എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.വേണുഗോപാലക്കുറുപ്പ് പറഞ്ഞു. സന്നിധാനത്ത് ഏഴുപേരടങ്ങുന്ന മൂന്നു ടീമുകളായി തിരിഞ്ഞാണ് പരിശോധന. സന്നിധാനത്തേക്ക് എത്തുന്ന ട്രാക്ടറുകളും സംശയകരമായ സാഹചര്യത്തില്‍ എത്തുന്നവരുടെ ബാഗുകളും മഫ്ടിയിലെത്തുന്ന ഉദ്യോഗസ്ഥര്‍ പരിശോധിക്കും. സമ്പൂര്‍ണ മദ്യനിരോധന മേഖലയായ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവ കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ് എന്ന് എക്‌സൈസ് അറിയിച്ചു.
പ്രതിദിനം പതിനായിരത്തോളം പേരെ അന്നമൂട്ടി അന്നദാനപ്പുരപ്രതിദിനം പതിനായിരത്തോളം പേരെ അന്നമൂട്ടി അന്നദാനപ്പുര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക