Image

ഈഫല്‍ ഗോപുരത്തെ സാക്ഷിയാക്കി മലയാളികളുടെ ഫ്‌ളാഷ് മോബ്

Published on 24 November, 2017
ഈഫല്‍ ഗോപുരത്തെ സാക്ഷിയാക്കി മലയാളികളുടെ ഫ്‌ളാഷ് മോബ്

പാരീസ്: ഫ്രാന്‍സിന്റെ അഭിമാന സ്തംഭമായ ഈഫല്‍ ഗോപുരത്തെ സാക്ഷിയാക്കി മലയാളികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും പാരിസില്‍ സ്ഥിരതാമസമാക്കിയ ഭാരതീയരും തദ്ദേശീയരും കാണികളായി എത്തിയ ചടങ്ങില്‍ മലയാളികളുടെ കൂട്ടായ്മയായ ലെഗ്‌ളാന്‍സ് ക്രിയേഷന്‍സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഈഫല്‍ ഗോപുരത്തിന്റെ മുന്‍പിലുള്ള ട്രോക്കഡെറോ, ഒപേറ എന്നിവിടങ്ങളിലാണ് ഫ്‌ളാഷ് മോബ് അരങ്ങേറിയത്. ബോളിവുഡ് ഗാനങ്ങളും ആഗോള മലയാളികള്‍ക്കിടയില്‍ വന്‍തരംഗം സൃഷ്ടിച്ച ജിമ്മിക്കി കമ്മല്‍ ഗാനവും ഫ്‌ളാഷ് മോബിന്റെ ഭാഗമായി. പരിപാടിയുടെ സമാപനത്തില്‍ ക്രിക്കറ്റ് ഡെമോയും സംഘം അവതരിപ്പിച്ചു. ഇത് ആദ്യമായാണ് ഒരു മലയാളി കൂട്ടായ്മ ഈഫല്‍ ഗോപുരത്തിന്റെ മുന്പില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിക്കുന്നത്.

2024 ഒളിംപിക്‌സിന് വേദിയാകുന്ന പാരിസില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അറിയിക്കുക, ഒളിംപിക്‌സില്‍ ക്രിക്കറ്റും ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടായിരുന്നു ഫ്‌ളാഷ് മോബ് സംഘടിപ്പിക്കപ്പെട്ടത്. ഒളിംപിക്‌സില്‍ ക്രിക്കറ്റിനെക്കൂടി മത്സരയിനമാക്കി ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും ഫ്രഞ്ച് ക്രിക്കറ്റ് അസോസിയേഷനും തുടരുന്ന ശ്രമങ്ങള്‍ക്കിടയിലാണ് ഫ്‌ളാഷ് മോബുമായി മലയാളികള്‍ രംഗത്തെത്തിയതെന്നതും ഏറെ ശ്രദ്ധേയമായി. 1900ലെ ഒളിംപിക്‌സിന് പാരീസ് വേദിയായപ്പോള്‍ ക്രിക്കറ്റും ഒരു മത്സരയിനമായിരുന്നു. 

പാരിസിലെ ക്രിക്കറ്റ് പ്രേമികളുടെയും നര്‍ത്തകരുടെയും കൂട്ടായ്മയുടെ ഭാഗമായിട്ടാണ് ലെഗ്‌ളാന്‍സ് ക്രിയേഷന്‍സ് രൂപം കൊണ്ടത്. ഭാവിയിലും ജനപ്രിയ പരിപാടികളും സന്ദേശങ്ങളുമായി പാരിസിലെ ജനതയ്ക്ക് മുന്പില്‍ ലെഗ്‌ളാന്‍സ് വീണ്ടും അണിനിരക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക