Image

അഭിഭാഷക വൃന്ദങ്ങള്‍ വഴിപിരിയുന്നു(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 November, 2017
അഭിഭാഷക വൃന്ദങ്ങള്‍ വഴിപിരിയുന്നു(ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ മുന്‍ നാഷ്ണല്‍ സെക്യൂരിറ്റി അഡ് വൈസര്‍ മൈക്കല്‍ ഫഌനിന്റെയും പ്രസിഡന്റെയും അഭിഭാഷക സംഘങ്ങള്‍ വഴി പിരിയുന്നതായി സൂചന നല്‍കുന്നതാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ എന്നന്വേഷിക്കുന്ന സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മ്യൂള്ളര്‍ക്ക് ഫഌനിന്റെ അഭിഭാഷകര്‍ നല്‍കിയ കത്ത് ഇവര്‍ അന്വേഷണത്തിന് പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് കത്തില്‍ വാഗ്ദാനം നല്‍കുന്നു. ട്രമ്പിന്റെ അഭിഭാഷകവൃന്ദവുമായി ഫഌനിന്റെ അഭിഭാഷകര്‍ വഴിപിരിയുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിച്ചു.

അന്വേഷണം പുരോഗമിക്കുമ്പോള്‍ ഇതുവരെ തങ്ങള്‍ക്ക് ലഭ്യമായ വിചാരണ വിവരങ്ങളും മറ്റും ട്രമ്പിന്റെ അഭിഭാഷകര്‍ക്ക് കൈമാറി വരികയായിരുന്നു ഫഌനിന്റെ നിയമജ്ഞരുടെ സംഘം. ഇനി അതുണ്ടാവില്ല. ഉടമ്പടി അവസാനിച്ചു എന്ന് ഫഌന്റെ നാല് അഭിഭാഷകര്‍ അറിയിച്ചു.
സാധാരണ ഇങ്ങനെ ഒരു നീക്കം ഉണ്ടാവുന്നത് താല്പര്യങ്ങള്‍ക്ക് വൈരുദ്ധ്യം സംഭവിക്കുമ്പോഴാണ്. ഒരു സംഘം പ്രോസിക്യൂട്ടര്‍മാരുമായി സഹകരിക്കുമ്പോള്‍ മറ്റൊരു സംഘം അന്വേഷണം നേരിടുകയാണ് എന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത് ചില അഭിഭാഷകര്‍ നേരത്തെതന്നെ നിര്‍ത്തിയിരുന്നു. ഫഌനും മകനും നിയമജ്ഞരായി അനുഭവ സമ്പത്തുള്ളവരാണ്. അവര്‍ മ്യൂള്ളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്. ഇരുവശത്തെ അഭിഭാഷകരും പരസ്യ പ്രതികരണം വിസമ്മതിച്ചു. വിവരം നല്‍കിയ നാലുപേര്‍ തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തരുത് എന്നാവശ്യപ്പെട്ടു.

ഫഌനുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നത് മ്യൂള്ളര്‍ക്ക് ട്രമ്പ് പ്രചരണത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കുവാന്‍ സഹായിക്കും. അതോടൊപ്പം ട്രമ്പ് ഭരണത്തിന്റെ പ്രാരംഭ ആഴ്ചകളിലെ വിവരവും ലഭിക്കും. ട്രമ്പിന്റെ അമേരിക്കഫസ്റ്റ് മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവും റഷ്യയുമായി അടുത്ത ബന്ധം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഫഌന്‍ ട്രമ്പിന്റെ ആദ്യകാല, പ്രധാന ഉപദേശകനായിരുന്നു.

ഫഌനിന് റഷ്യയുമായുള്ള ബന്ധം ട്രമ്പ് പ്രചരണം ആരംഭിക്കുന്നതിന് മുമ്പുള്ളതാണ്. 2015 മോസ്‌കോയില്‍ നടന്ന ഒരു ചടങ്ങില്‍ ഫഌന്‍ റഷ്യന്‍ പ്രസിഡന്റ് വഌദമിര്‍ പുടിനൊപ്പമാണ് ഇരുന്നത്. റഷ്യയുമായുള്ള ഇടപാടുകളിലും ഫഌനിന് വലിയ പങ്കുണ്ടായിരുന്നു. ഫഌനിന് എതിരായ ചാര്‍ജുകള്‍ വൈറ്റ് ഹൗസ് പരിശോധിച്ചുവരികയായിരുന്നു. ട്രമ്പിന്റെ മൂന്ന് മുന്‍ സഹായികളായ പോള്‍ മാനഫോര്‍ട്ട്(പ്രചരണവിഭാഗ തലവന്‍), റിക്ക് ഗേറ്റ്‌സ്(പ്രചരണ വിഭാഗത്തിലെ മറ്റൊരു പ്രധാനി), ജോര്‍ജ് പാപ്പഡോ പൗലോസ്(വിദേശനയ ഉപദേശകന്‍) എന്നിവര്‍ക്കെതിരെ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു.

ട്രമ്പ് ബന്ധത്തില്‍ ഫഌനിനുണ്ടായിരുന്ന ഉന്നത സ്ഥാനം മറ്റ് മൂന്ന് പേര്‍ക്കും ഉണ്ടായിരുന്നില്ല. മൂന്ന് നക്ഷത്രങ്ങള്‍ ലഭിച്ച റിട്ടയേര്‍ഡ് ജനറലായ ഫഌന്‍ ട്രമ്പിനെ ആദ്യകാലത്ത് തന്നെ പിന്തുണച്ച വ്യക്തിയും വിദേശനയത്തില്‍ പരിജ്ഞാനമില്ലാതിരുന്ന ട്രമ്പിന്റെ ഉപദേശകനുമായിരുന്നു. ഫഌനിനെ നാഷ്ണല്‍ സെക്യൂരിറ്റി അഡ് വൈസറാക്കിയത് അമേരിക്കയുടെ ലോകനേതൃപദവി വീണ്ടെടുക്കാനാണെന്ന് ട്രമ്പ് പറഞ്ഞിരുന്നു.

ഫഌന്‍ അമേരിക്കയിലെ റഷ്യന്‍ അബാസിഡറും ജരേഡ് കുഷനറു(പ്രസിഡന്റിന്റെ മകളുടെ ഭര്‍ത്താവ്)മായി ട്രമ്പ് സ്ഥാനമേല്‍ക്കുന്ന നാളുകളില്‍ നടത്തിയ സ്വകാര്യകൂടിക്കാഴ്ചയെക്കുറിച്ചും മ്യൂള്ളര്‍ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഉണ്ടായ ചില വെളിപ്പെടുത്തലുകളില്‍ റഷ്യന്‍ ബന്ധമുള്ള ചിലര്‍ കൂടെക്കൂടെ ട്രമ്പ് പ്രചരണ സംഘ അധികൃതരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നതായി പറയുന്നു. ഫഌനിന് ടര്‍ക്കിഷ് ഗവണ്‍മെന്റില്‍ നിന്ന് ലഭിച്ച 5 ലക്ഷം ഡോളര്‍ പ്രതിഫലനത്തെക്കുറിച്ചും മ്യൂള്ളര്‍ അന്വേഷിക്കുന്നു.

അഭിഭാഷക വൃന്ദങ്ങള്‍ വഴിപിരിയുന്നു(ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക