Image

നിയമനടപടികളില്‍ കുടുങ്ങിക്കിടന്ന മൃതദേഹം, നാട്ടിലേയ്ക്ക്

Published on 27 November, 2017
നിയമനടപടികളില്‍ കുടുങ്ങിക്കിടന്ന മൃതദേഹം, നാട്ടിലേയ്ക്ക്

ദമ്മാം: നിയമക്കുരുക്കുകള്‍ കാരണം അഞ്ചു മാസമായി ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു വയ്ക്കേണ്ടി വന്ന മലയാളിയുടെ മൃതദേഹം, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ ശക്തമായ ഇടപെടലിലൂടെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ കഴിഞ്ഞു.

തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ തൊളിക്കോട് പഞ്ചായത്തിലെ തച്ചന്‍ക്കോട് സ്വദേശിയായ പ്രസാദ് കൃഷ്ണന്‍. എ യുടെ മൃതദേഹമാണ് നാട്ടിലേയ്ക്ക് അയച്ചത്.

എട്ടുമാസക്കാലമായി സൗദിയില്‍ പ്ലംബര്‍ ആയി ജോലി നോക്കുകയായിരുന്ന പ്രസാദ് കൃഷ്ണന്‍ 2017 മെയ് 2ന് അവാമിയില്‍ വെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു. 41 വയസ്സായിരുന്നു. ഭാര്യ രജനിമോള്‍. സാമ്പത്തിക പ്രതിസന്ധികളാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് കരുതുന്നത്.

അക്കാലത്ത് അവാമിയില്‍ നടന്ന സാമൂഹികപ്രശ്‌നങ്ങള്‍ കാരണം ഈ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള നിയമനടപടികള്‍ ആരും ചെയ്തിരുന്നില്ല. അതുകൊണ്ട് ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു വെച്ചു. ഖത്തീഫിലെ ശ്രീകണ്ഠന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനെ ഇന്ത്യന്‍ എംബസ്സി ഈ കേസില്‍ ഇടപെടാന്‍ എന്‍.ഓ.സി നല്‍കിയെങ്കിലും നിയമനടപടികളുടെ നൂലാമാലകള്‍ മൂലം അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല.

പ്രസാദ് കൃഷ്ണന്റെ വീട്ടുകാര്‍, പരിചയക്കാരനായ നവയുഗം അല്‍ഹസ്സ മേഖല സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോടിനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് റഹിമിന്റെ അപേക്ഷയെത്തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

ഷാജി മതിലകം ഖത്തീഫിലെത്തി ശ്രീകണ്ഠനെയും പോലീസ് അധികാരികളെയും നേരില്‍ക്കണ്ട് സംസാരിച്ചു. പ്രസാദ് കൃഷ്ണന്റെ മൃതദേഹം ഇന്നുവരെ പോസ്റ്റ്‌മോര്‍ട്ടം പോലും നടത്താതെ ഇരിയ്ക്കുന്നതിനാലാണ് നിയമനടപടികള്‍ വൈകുന്നത് എന്ന് മനസ്സിലാക്കിയ ഷാജി മതിലകം, സൗദി അധികൃതരെ സ്വാധീനിച്ച് ആ മൃതദേഹം ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. തുടര്‍ച്ചയായ ഇടപെടലുകളും, വ്യക്തിപരമായ സ്വാധീനവും ഉപയോഗപ്പെടുത്തി, എല്ലാ നിയമക്കുരുക്കുകളും രണ്ടാഴ്ച കൊണ്ട് അഴിച്ചെടുക്കാന്‍ ഷാജി മതിലകത്തിന് കഴിഞ്ഞു.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, ഇന്ത്യന്‍ എംബസ്സി നല്‍കിയ വിമാനടിക്കറ്റില്‍ പ്രസാദ് കൃഷ്ണന്റെ ഭൗതിക ശരീരം നാട്ടിലേയ്ക്ക് കൊണ്ടു പോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക