Image

ഇത്താക്ക് കവിക്ക് മത്തായി മാപ്ല പുരസ്ക്കാരം (നര്‍മ്മം. ജയന്‍ വര്‍ഗീസ്)

Published on 27 November, 2017
ഇത്താക്ക് കവിക്ക് മത്തായി മാപ്ല പുരസ്ക്കാരം (നര്‍മ്മം. ജയന്‍ വര്‍ഗീസ്)
അമേരിക്കന്‍ മലയാളിയും, അത്യന്ത ഉത്തരാധുനിക കവിയുമാണ് ഇത്താക്ക്. ഇവിടുള്ള മലയാളി നേഴ്സുമാരില്‍ ഒന്നിന്റെ കഴുത്തില്‍ കെട്ടിത്തൂക്കിയ സ്വര്‍ണ്ണത്താലിയുടെ ഇല്ലാത്ത ബലത്തിലാണ് ഇത്താക്ക് അമേരിക്കയിലെത്തുന്നത്. ഭാര്യയുടെ ഡബിള്‍ ഡ്യൂട്ടിക്ക് തടസ്സമാവാതിരിക്കാന്‍ കുട്ടികളെ നോക്കി വീട്ടിലിരിക്കുന്ന ഇത്താക്ക് ബോറടി മാറ്റാനെന്ന വ്യാജേന ബേസ്മെന്റ് ബാറിലെ വീര്യം കൂടിയ റഷ്യന്‍ വോഡ്ക ഇടക്കിടെ അകത്താക്കിയിരുന്നു. മഞ്ഞു വീണു കിടന്ന ഒരു പ്രഭാതത്തില്‍ രാവിലെ തന്നെ രണ്ടെണ്ണം വീശിയിട്ട് പുറത്തേക്കിറങ്ങിയ ഇത്താക്ക് തിരിച്ചു കയറുന്‌പോളേക്കും കവിതയുടെ അങ്കുരം അകത്ത് മുള പൊട്ടിയിരുന്നു. നാട്ടിലും ഇവിടെയുമായി ജീവിച്ചു തീര്‍ത്ത അര നൂറ്റാണ്ടോളം കാലം അക്ഷരങ്ങളെ അറപ്പോടെയാണ് കണ്ടിരുന്നതെങ്കിലും, സര്‍ഗ്ഗ സാക്ഷാല്‍ക്കാരത്തിന്റെ വിഭ്രമത്തില്‍ ഇത്താക്ക് പേന തപ്പിയെടുത്ത് പെട്ടെന്നെഴുതിപ്പോയി:

രാവിലെ ഞാനങ്ങെണീറ്റു, പിന്നെ
ബെഡ്കോഫി യൊന്നു കുടിച്ചു.
കാറ് തുറക്കുവാന്‍ നോക്കി, പക്ഷേ
ചാവി കടക്കുന്നേയില്ല.
ഭാര്യയെ ജോലിയില്‍ നിന്നും ആരെന്‍
ചാരത്തിലെത്തിക്കുംഈശൊ ?
കാരണമില്ലാതെ വീഴും മഞ്ഞില്‍
കാര്യങ്ങളൊക്കെ മുടങ്ങി!

ആദ്യ അറ്റംപ്റ്റില്‍ തന്നെ ഇത്ര അനായാസം കവിത പുറത്ത് വന്നതറിഞ്ഞ ഇത്താക്ക് ' ഇതെന്തേ തനിക്കല്‍പ്പം നേരത്തേ തോന്നിയില്ല ' എന്ന് പരിതപിച്ചു പോയി. എങ്കിലും, ' എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ ' എന്ന ശ്രീനിവാസന്‍ ഡയലോഗ് അനുസ്മരിച്ചു കൊണ്ട് കവിതകളുടെ ഒരു പ്രളയം തന്നെ ഇത്താക്ക് തുറന്നു വിട്ടു.

ബേസ്മെന്റു ബാറിലെ സാഹിത്യ ചര്‍ച്ചകളില്‍ ഇത്താക്കിന്റെ സഹയാത്രികരില്‍ പലരും തങ്ങളുടെ കൃതികള്‍ അവതരിപ്പിക്കുകയും, ആ ചര്‍ച്ചകള്‍ക്കിടയില്‍ത്തന്നെ ' ഉത്തര അമേരിക്കന്‍ സാഹിത്യ മണ്ഡലം ' ( ഉസാമ ) എന്നൊരു സംഘടനക്ക് രൂപം നല്‍കുകയും, ഇത്താക്കിനെത്തന്നെ പ്രസിഡണ്ടായി അവരോധിക്കുകയും ചെയ്തു.

ഉസാമ നാട്ടില്‍ വച്ച് നടത്തിയ ശിബിരം വലിയ സംഭവം തന്നെയായി. ഇത്താക്കിന്റെ ആദ്യ കവിത തന്നെ അത്യന്ത ഉത്തരാധുനികത വിഭാഗത്തില്‍ പെട്ടതാണെന്ന് വിലയിരുത്തപ്പെട്ടു. നാട്ടിലും വിദേശത്തുമായി എട്ടൊന്പതു ഡോക്ടറേറ്റുകള്‍ നേടിയ ഒരു പിള്ളയായിരുന്നു മുഖ്യ ആസ്വാദകന്‍. മനുഷ്യാവസ്ഥയുടെ ചിരപുരാതനമായ കര്‍മ്മ കാണ്ഡങ്ങളുടെ അടിവേരുകള്‍ തേടിയുള്ള അവിരാമമായ പ്രയാണമാണ് ഇത്താക്ക് നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം സ്ഥാപിച്ചപ്പോള്‍ മറ്റുള്ളവരുടെ നാവിറങ്ങിപ്പോയി.

കള്ളടിച്ചു കറങ്ങിയിരിക്കുന്ന നാട്ടു സാഹിത്യ ജീനിയസുകളുമായുള്ള കൂട്ടായ്മ, ഡോളര്‍ സാഹിത്യകാരന്‍മ്മാരെ പ്രത്യേകം പുതപ്പിക്കാനുള്ള പൊന്നാടയുമായി അടയിരിക്കുന്ന സാംസ്ക്കാരിക സംഘങ്ങളുമായുള്ള ചങ്ങാത്തം, ഒക്കെക്കൂടി ഇത്താക്കിന്റെ ഇതുവരെയുള്ള രചനകള്‍ ഒരു പുസ്തസ്കമാക്കി പുറത്തിറക്കി.

ഇത്രയുമൊക്കെ ആയിപ്പോയ നിലക്ക് തന്റെ കൃതിക്ക് ഒരവാര്‍ഡ് തരപ്പെടുത്തുക എന്നത് തന്നെയായി ഇത്താക്കിന്റെ ലക്ഷ്യം. ബാഗില്‍ അടുക്കി വച്ച ഡോളറിന്റെ കെട്ടുകളുമായി ഇത്താക്ക് ഒരു കറക്കം കറങ്ങി. നാട്ടിലെ മരിച്ചു പോയ സാഹിത്യ കാരന്‍മാരുടെ ഭാര്യമാരെയും,മക്കളെയുമൊക്കെ പോയിക്കണ്ടു. മരണമടഞ്ഞ സാഹിത്യകാരന്റെ പേരില്‍ ഒരു എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തണമെന്നും, അതിനുള്ള ചിലവും, കുടുംബത്തിലെ കുഞ്ഞുകുട്ടി പരാധീനങ്ങളുടെ വട്ടച്ചിലവും ഇത്താക്ക് വഹിക്കുമെന്നും, ഇത്താക്കിന്റെ കഴുത്തിലെ പത്തു പവന്റെ 24 കാരറ്റ് തങ്ക മാല സാഹിത്യകാരന്റെ വിധവയ്ക്ക് സമ്മാനമായി നല്‍കുമെന്നും, പകരം എന്‍ഡോവ്മെന്റിന്റെ പ്രഥമ പുരസ്ക്കാരം ഇത്താക്കിന് സമ്മാനിക്കണമെന്നും ഇത്താക്ക് ഒരു വ്യവസ്ഥ മുന്നോട്ടു വച്ചു.

പല പാവം കുടുംബങ്ങളും ഇത്താക്കിന്റെ പ്രലോഭനത്തില്‍ വീണെങ്കിലും, അവാര്‍ഡ് കൊടുക്കേണ്ട കൃതി വായിച്ചതോടെ പിന്മാറി.
"ഇതിനൊക്കെ അവാര്‍ഡ് കൊടുത്താല്‍ കുഴീക്കെടക്കണ ഞങ്ങടെ അപ്പന്റെ ആത്മാവ് സഹിക്കത്തില്ല "എന്ന ആല്‍മഗതത്തോടെ.

അങ്ങിനെയിരിക്കുന്‌പോളാണ്, കള്ളവാറ്റടിച്ചു കണ്ണുപൊട്ടി മരിച്ച മത്തായി മാപ്ലയെക്കുറിച്ചു ഇത്താക്കറിയുന്നത്. പട്ടിണിപ്പാവങ്ങളായ മത്തായി മാപ്ലയുടെ മക്കള്‍ക്ക് ഇത്താക്കിന്റെ പച്ച നോട്ടുകളില്‍ കണ്ണ് മഞ്ഞളിച്ചെങ്കിലും, തങ്ങളുടെ അപ്പന്‍ ഒരു കലാകാരനോ, സാഹിത്യ കാരനോ ആയിരുന്നില്ലാ എന്ന സത്യം തുറന്നു പറഞ്ഞു.

"അങ്ങിനെ വരാന്‍ വഴിയില്ലല്ലോ?" ഇത്താക്ക്.
"സത്യമാ സാറേ. അങ്ങേര് ജീവിത കാലം മുഴുവന്‍ വാറ്റുചാരായം കുടിച്ക്കാനാ ചെലവഴിച്ചത്."
"അങ്ങിനെ വരട്ടെ. റഷ്യാക്കാരുടെ വാറ്റടിച്ചപ്പോളാണല്ലോ എനിക്ക് കവിത വന്നത്. ഇതേ പട്ടയടിക്കുന്‌പോളാണല്ലോ ഭാഷയിലെ മിക്ക എഴുത്തുകാര്‍ക്കും എഴുതാന്‍ മുട്ടുന്നത്.? "
"ഇതിയാനങ്ങനെയൊന്നും ഉണ്ടായിരുന്നില്ല.പട്ടയടിച്ചാല്‍ പാതിരാ വരെ കണ്ണ് പൊട്ടുന്നതരം പൂരപ്പാട്ട് പാടും"
"ങ്ആ മതിയല്ലോ? പ്രസിദ്ധ പൂരപ്പാട്ട് വിദഗ്ദ്ധന്‍ മത്തായി മാപ്ല എന്‍ഡോവ്മെന്റ് എന്നാക്കാം പേര്. എന്താ?"

മത്തായി മാപ്ലയുടെ സത്യ സന്ധരായ മക്കള്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും, ഇത്താക്കിന്റെ പച്ചനോട്ടുകളില്‍ പട്ടിണി മാറുന്നതോര്‍ത്തപ്പോള്‍ വഴങ്ങി.

അങ്ങിനെയാണ്, വിശ്വ വിഖ്യാത പൂരപ്പാട്ട് വിദഗ്ദ്ധന്‍ മത്തായി മാപ്ലയുടെ പേരിലുള്ള എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്ക്കാരം ഇത്താക്ക് ഏറ്റു വാങ്ങുന്നത്.

പുരസ്ക്കാരം സ്വീകരിച്ചു മത്തായി മാപ്ലയുടെ കുഴിമാടത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ ഇത്താക്ക് ഒന്ന് നടുങ്ങി. കാറ്റോ, കുളിരോ, കരിയിലയോ എന്നറിയില്ല, ഒരു തെറി ഇത്താക്ക് വ്യക്തമായി കേട്ടു:

"ഫ! തെണ്ടി,...നിന്റെ പൊട്ടക്കവിതയുടെ പേര് പറഞ് എന്റെ പൂരപ്പാട്ടിനെ അപമാനിച്ചു കളഞ്ഞല്ലോടാ ?"

ഭൂതത്തിലും, പ്രേതത്തിലുമൊന്നും വിശ്വാസമില്ലാത്ത ഇത്താക്ക് അത് പാടെ അവഗണിക്കുകയും, വിജയശ്രീ ലാളിതനായി അമേരിക്കയില്‍ തിരിച്ചെത്തുകയും ചെയ്തു.

എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തി വാതില്‍ തുറന്നതേ ഭാര്യ ഉടക്കി:
"നാട്ടില്‍പ്പോയ നിങ്ങളെന്താ ആ പാവം മനുഷ്യനെ അപമാനിക്കാനാ പോയത്?"
"എന്താ കാര്യമെന്താ?"
" നിങ്ങളൊരാളെ അപമാനിച്ചെന്നും, നിങ്ങളെക്കണ്ട് നാല് വര്‍ത്തമാനം പറഞ്ഞിട്ടേ പോകുന്നുള്ളൂ എന്നും പറഞ് ദേ. ഇപ്പവരെ ഇവിടൊരാളുണ്ടായിരുന്നു.ദേ, ഇവിടെ."
"ആരാ?"
" ഒരു മത്തായി മാപ്ല. അടുക്കണ്ടാട്ടൊ. ആള് പൂരെ തണ്ണിയാ. ദാ, ഇപ്പ ഇവിടൊണ്ടാര്‍ന്നു. പൊറത്തോട്ടെറങ്ങിക്കാണും."

ഭൂത പ്രേതാദികളില്‍ വിശ്വാസമില്ലെങ്കിലും, ഇത്താക്കിന്റെ കൈയില്‍ നിന്ന് പ്ലാക്ക് താഴെ വീണു. സ്വര്‍ണ്ണ ലിപികളില്‍ അതില്‍ കൊത്തിയിരുന്ന അക്ഷരങ്ങള്‍ വിക്കിവിക്കി ഇത്താക്ക് വായിച്ചെടുത്തു:

"മംഗലത്ത് മത്തായി മാപ്പിള എന്‍ഡോവ്മെന്റ്."

പ്ലാക്കിന്റെ സ്വര്‍ണ്ണത്തിളക്കത്തില്‍ തെളിഞ്ഞു വരുന്ന മത്തായി മാപ്ലയുടെ ഭീഭത്സ മുഖം ഇത്താക്ക് കണ്ടു.
പിന്നെ താമസിച്ചില്ല.അത്യന്ത ഉത്തരാധുനിക കവി ഇത്താക്ക് ബോധരഹിതനായി നിലം പതിച്ചു.

* കഥയും, കഥാപാത്രങ്ങളും വെറും ഭാവനാ സൃഷ്ടികള്‍ മാത്രം.
Join WhatsApp News
Dod catcher 2017-11-27 15:40:36
ബേസ്‌മെന്റിൽ ഇരുന്ന് കള്ളുകുടിച്ച് സാഹിത്യ രചന നടത്തുന്നതും ചർച്ച ചെയ്യുന്നതും ഒരു തരത്തിൽ ഭീകര പ്രവർത്തനമാണ്.  സാഹിത്യ കുലപാതകം നടത്തുന്ന ഇവന്മാരെ പൊന്നാട കൊണ്ടൊരു കുടുക്കുണ്ടാക്കി പിടിച്ച്  പ്ലാക്ക്കൊണ്ട് തലക്കടിച്ച് വീഴ്ത്തണം .ഏതായാലും പറ്റിയ പേര് തന്നെ; 'ഉസാമ'!

വിദ്യാധരൻ 2017-11-27 12:23:13

കവിത കുറിച്ച് കുറിച്ചയ്യപ്പൻ
കള്ളു കുടിച്ചു മരിച്ചു
കള്ളുകുടിച്ചു കുടിച്ചു ചിലർ
കവിതയെ കൊന്നു മുടിച്ചു
കയ്യ് നനയാതെ മീൻപിടിക്കാൻ
അയ്യപ്പൻ ശുദ്ധ മടയൻ 
മെയ്യനങ്ങാതവാർഡു വാങ്ങാൻ
കള്ളു(ള്ള) കവികൾ മിടുക്കർ
കള്ളു കുടിച്ചയ്യപ്പൻകവി 
ഓടയിൽ വീണു കിടന്നു
കവിതയെ കൊന്ന കവികൾ 
നെഞ്ചു വിരിച്ചു നടന്നു 
പൊന്നാട പ്ലാക്കഭിനന്ദനം കൂടാതെ
നാട്ടിലോ പൗരസ്വീകരണം
കാലങ്ങൾ വല്ലാതെ മാറി കവി
തൂണിന്മേൽ ചാരി നിന്നോൻ
പോകുന്നു പെണ്ണുമായി
ഖേദിച്ചിടേണ്ട കവി നിങ്ങൾ
തീർക്കുന്നുണ്ട് ഞങ്ങൾ
സ്മാരകം നിങ്ങൾക്കായൊരെണ്ണം
കള്ളു കുടി തുടങ്ങു
നടു റോഡിൽ കിടന്നു മരിക്കൂ
ഇല്ല തരില്ലവാർഡ്
ചാകാതെ പൊന്നാടപോലും. 

ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ (1949 ഒക്ടോബർ 27 - 2010 ഒക്ടോബർ 21). സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടു് കവിതയ്ക്ക് പുത്തൻഭാവുകത്വം രൂപപ്പെടുത്തി അയ്യപ്പൻ. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സിൽ അമ്മയും ആത്മഹത്യ ചെയ്തു. തുടർന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ നേമത്ത് വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010-ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010 ഒക്ടോബർ 23-ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേ, ഒക്ടോബർ 21-ന് വൈകീട്ട് ആറുമണിയോടെ അദ്ദേഹം തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ് വഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിയ്ക്കപ്പെടുന്നു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഒക്ടോബർ 26-ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. അയ്യപ്പന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ നടത്തിയത് വൻ വിവാദമായിരുന്നു.  ജീവിതത്തിൻെറ ഒരു ഘട്ടത്തിൽ അദ്ദേഹം 4 വർഷത്തോളം കണ്ണൂർ ജില്ലയിലെ മണത്തണയിൽ താമസിച്ച് കവിതകൾ എഴുതിയിരുന്നു.

ഇന്ന് കവിതയുടെ നനവ് നഷ്ടപ്പെടുകയാണ്. ആർക്കും മനസിലാകാത്ത തരികിട കവിതകളിൽ ആത്മസ്പന്ദനങ്ങൾ ഇല്ല. ഒരു മനസ്സിലും കൂടുവയ്ക്കാൻ കഴിയാതെ അവ അനാഥ പ്രേതങ്ങളെപ്പോലെ അലയുകയാണ്.  പൊന്നാടകളും പ്ലാക്കുകളും ആണ് അവയുടെ അഭയസ്ഥാനങ്ങൾ.  ആക്ഷേപം പരിഹാസം നിന്ദാസ്തുതികളാലും നിറഞ്ഞ നിങ്ങളുടെ ലേഖനത്തിന് ഈ കള്ള് പൊന്നാട കവികളുടെ തൊലികളെ പൊറിക്കാൻ കഴിയുമോ എന്ന് സംശയിക്കുന്നു. മഹിഷ ചർമ്മത്താൽ സൃഷ്ടാവ് ഇവരെ പൊതിഞ്ഞിരിക്കുന്നു. പുറമെ പൊന്നാടയും പരിചയായി പ്ലാക്കും. ആക്ഷേപഹാസ്യത്തിനെ നിങ്ങൾ  സമകാലീന വിഷയം കൊണ്ടും ഭാഷകൊണ്ടും പുനര്ജീവിപ്പിച്ചിരിക്കുന്നു. അഭിന്ദനം!


ആകുലൻ 2017-11-27 14:01:27

'ഉസാമയെ' യും അനുചരന്മാരെയും ന്യുയോർക്കിലെ ബേസ്മെന്റിൽ ഇട്ട് അമേരിക്കൻ പട്ടാളം ഭീകര പ്രവർത്തനത്തിന് വെടി വച്ച് കൊന്നില്ലേ? അതിനെ നിങ്ങൾ സാഹിത്യ ചർച്ച എന്ന് വ്യാഖ്യാനിച്ചത് ശരിയല്ല.


കൈ കൊട് 2017-11-27 23:43:29
ഇന്ത ഇത്താക്ക് കഥയ്ക്ക് അന്ത കൈ കൊട്
വായനക്കാരൻ 2017-11-28 23:41:26
എവിടെ കവികളെ 
മൺ മറഞ്ഞതോ നിങ്ങൾ? 
നിങ്ങൾക്കായി ഒരുക്കുന്നു 
പൊന്നാട ഫലകങ്ങൾ 
പണമില്ലാഞ്ഞാൽ നിങ്ങൾ 
പിണമാണെന്നോർത്തീടുക 
വെറുതെ കവിതകൾ 
കഥകൾ കുറിച്ചിട്ട്' 
മുതുകാളയ്ക്കു സമം 
സമയം കളയേണ്ട.
കൂടുതൽ പണം തന്നാൽ 
നേടിടാം ജ്ഞാന പീഠം 
കുറച്ചു പണം തന്നാൽ 
തന്നിടും പ്ലാക്കു മാത്രം .
സാഹിത്യ അക്കാർഡാമി 
അവാർഡിനായി നിങ്ങൾ 
കച്ച കെട്ടേണ്ട ഒട്ടും
കോടികൾ നൽകീടാനായി 
താക്കത്തുണ്ടേൽ ചൊല്ല്  
മലയാളത്തിലാകെ 
അക്ഷരം എത്രയെന്ന്,
ചോദിച്ചാൽ പൊടിപോലും 
കാണില്ല അവിടെങ്ങും
ക്ഷമിക്കു ഞങ്ങളോട് 
കാവ്യംഗന പൊറുത്തീടു
വിഡ്ഢികൾ കാട്ടിക്കൂട്ടും 
ഭോഷത്വം ക്ഷമിച്ചിടൂ 
മത്തായി മാപ്പിളമാർ 
ഇത്താക്കു കവികൾക്ക് 
അവാർഡു കൊടുക്കാത്ത 
ആ ദിനം എന്നു വരും ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക