Image

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സുവര്‍ണ ജൂബിലി നിറവില്‍; ഉദ്ഘാടനം ഡിസംബര്‍ ഒന്നിന്

Published on 27 November, 2017
ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സുവര്‍ണ ജൂബിലി നിറവില്‍; ഉദ്ഘാടനം ഡിസംബര്‍ ഒന്നിന്

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഡിസംബര്‍ ഒന്നിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസ് മെത്രപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരി മുഖ്യാതിഥിയാകും.

1969ല്‍ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പാലീത്താ (പില്‍ക്കാലത്തു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ) അന്നത്തെ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തുമുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ച ഇടവകയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ കാല്‍വയ്പായിരുന്നു.

1972 മെയ് മാസത്തില്‍ അന്നത്തെ ബാഹ്യ കേരള ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പാലീത്താ ദുബായ് ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അന്നത്തെ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തും ദേവാലയം നിര്‍മ്മിക്കാന്‍ സബീല്‍ ഈസ്റ്റില്‍ 68000 ചതുരശ്ര അടി സ്ഥലം സൗജന്യമായി നല്‍കി.

1974 ജൂണ്‍ 20ന് ഫാ. എംവി. ജോര്‍ജ് ( പില്‍ക്കാലത്തു ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പാലീത്താ) ദേവാലയത്തിനു ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. 1976 ഡിസംബര്‍ 31നു ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്താ പള്ളിയുടെ കൂദാശ കര്‍മ്മം നിര്‍വ്വഹിച്ചു.

ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ദേവാലയം, റാസല്‍ ഖൈമ സെന്റ് മേരീസ് ദേവാലയം, ഫുജൈറ സെന്റ് ഗ്രിഗോറിയോസ് എന്നീ ഇടവകകളുടെ മാതൃ ഇടവകയാണ് ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍. നിലവില്‍ ഇടവകയില്‍ 3000 കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്.

ഡിസംബര്‍ ഒന്ന് വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസ് മെത്രപ്പോലീത്താ, മുന്‍ വികാരി സാം വി. ഗബ്രിയേല്‍ കോര്‍ എപ്പിസ്‌കോപ്പാ എന്നിവര്‍ സഹ കാര്‍മ്മികരാകും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 4.30ന് വിവിധ പരിപാടികളോടെ ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ജനറല്‍ കണ്‍വീനര്‍ ടി.സി ജോര്‍ജ്, ഇടവക ട്രസ്റ്റീ മാത്യു കെ. ജോര്‍ജ്, സെക്രട്ടറി ബിജുമോന്‍ കുഞ്ഞച്ചന്‍, ജോയിന്ററ് ജനറല്‍ കണ്‍വീനര്‍മാരായ ജോസ് ജോണ്‍, പി.കെ. ചാക്കോ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 04337 11 22 

റിപ്പോര്‍ട്ട്: അനില്‍ സി.ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക