Image

എട്ടിലെ പശു (കവിത: അനില്‍ കുറ്റിച്ചിറ)

Published on 27 November, 2017
എട്ടിലെ പശു (കവിത: അനില്‍ കുറ്റിച്ചിറ)
നാലാം ക്ലാസ്സിലെ
അവസാനത്തെ പീരീഡില്‍
ഒച്ച താഴ്ത്തി പഠിപ്പിക്കുന്ന
ശ്യാമള ടീച്ചറിന്റെ നേര്‍ക്ക്
ഒരു പശു പാഞ്ഞെത്തി.

എട്ടിലെ പശു പുല്ലു തിന്നില്ലന്ന്
ഞങ്ങള്‍ ആര്‍ത്തുവിളിക്കുന്ന നേരമായിരുന്നു.
കഴുത്തില്‍ ഒരു
ചരടുപോലുമില്ലാതെ
ആലയിലിണങ്ങിയ
ലക്ഷണമില്ലാതെ....
ഒരു പശു...

സംസ്കൃതം പഠിപ്പിക്കും
ലക്ഷ്മണന്‍ മാഷേ പ്പോലെ
തല കുടഞ്ഞ് ചീറി
ഞങ്ങളെ വിറപ്പിച്ചു.

ടീച്ചറിന് പിന്നില്‍
കറുത്ത ബോര്‍ഡില്‍
പശു പല നിറം
പാല്‍ ഒരു നിറം എന്നു
തിളങ്ങി

ടീച്ചര്‍ ഓടാന്‍ തുടങ്ങുമ്പോഴേക്കും
പശു എന്നെ നോട്ടമിട്ടു

മിനിയുടെ കൈയ്യില്‍
പിടിമുറുക്കി
ഞാന്‍ ശ്വാസമടക്കി നിന്നു

എന്റെ ചരിത്ര പുസ്തകമായിരുന്നു
പശുവിന്റെ ലക്ഷ്യം
കടിച്ചു നിലത്തിട്ട്
ചവിട്ടിക്കീറി
അതില്‍ ചാണകവുമിട്ട്
പശു മടങ്ങിപ്പോയി

സ്വാതന്ത്ര സമര സേനാനികളത്രയും
ചിതറിപ്പോയ കാഴ്ചയെ
ദേശീയ ഗാനവും കൂട്ടമണിയും
ചേര്‍ത്തു കെട്ടി

പിന്നേറ്റ് പഴഞ്ചൊല്ല്
പഠിപ്പിക്കെ
ശ്യാമള ടീച്ചറിന്
തെറ്റി

അവനെ തച്ചുകൊന്നതാണ്,
ഇറച്ചിക്കു പോയവന്‍
വിറച്ച് ചത്തതല്ല
ടീച്ചര്‍ പറഞ്ഞു

ഏറ്റുചൊല്ലാനാകാതെ
ഞങ്ങള്‍
ഏട്ടിലെ പശു പശുവിനെ
കണ്ടിരുന്നു

ഒരു മുക്രയിടല്‍
കാറ്റിനൊപ്പം
ക്ലാസ്സിലെത്തി
ഹാജരെന്ന്
ഉച്ചത്തില്‍....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക