Image

മൂല്യമാലിക- 3 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 12 March, 2012
മൂല്യമാലിക- 3 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
21) ഇത്രമാത്രമേയുള്ളല്ലോ!
എന്നു ചിന്തിപ്പവര്‍ മൂഢര്‍ ,
ഇത്രയെങ്കിലുമുണ്ടല്ലോ!
എന്നു ചിന്തിപ്പവര്‍ ധന്യര്‍ !

22) മൃത്യൂഗേഹസ്ഥ ചിന്തകള്‍
നിത്യദൈവ നിദര്‍ശകം,
പത്തുമാത്ര കഴിഞ്ഞെന്നാല്‍
ഹത്യ തന്നെ സഹോദരം!

23) സ്വന്തദേഹേ ശരം കൊള്ളില്‍
നൊന്തു നൊന്തു കിതപ്പവര്‍
എന്തുമാത്രം ഹരം കൊള്‍വൂ
കുന്തമന്യരിലേല്‍പിക്കാന്‍ !

24)കുണ്ടാമണ്ടികള്‍ കാണുമ്പോള്‍
മിണ്ടാതിരിപ്പതെങ്ങനെ?
കയറില്ലാത്ത കാളയ്ക്ക്
കയര്‍ കെട്ടേണ്ടതല്ലയോ?

25)സഹോദരങ്ങളൊന്നായി
അഹോ! നില്കിലതാ ബലം
ഒന്നുതെറ്റിപ്പിരിഞ്ഞെന്നാല്‍
പിന്നെയെല്ലാം കണക്കു താന്‍!

26)സ്വന്തമാത്മാവിനെ നിത്യം
ചന്തമായി മരുക്കുകില്‍
എന്തുനേട്ടമുണ്ടതേക്കാളു-
ണ്ടന്തരംഗത്തിലോര്‍ക്കുവാന്‍ ?

27)കണ്ണുപോകുന്നിടത്തെല്ലാം
കാലു പോകാതെ നോക്കുകില്‍
നിര്‍ണ്ണയം കാത്തു സൂക്ഷിക്കാം
കീല ഭദ്രതയെന്നുമേ!

28)ആദ്യമാദ്യം കളിയായി
ചോദ്യമോരാതെയോടുകില്‍
ഭേദ്യമല്ലാത്ത ദോഷങ്ങള്‍
ഹൃദ്യമായിവരും ക്രമാല്‍ .

29) ഞാനെല്ലാം വേണ്ട, യെന്‍ കാര്യം
നേരേയങ്ങു നടത്തുവാന്‍ ,
ഈ ചിന്ത വന്നിടും നേരം
എല്ലാമെല്ലാം പരാജയം!

30)ദീനവായ്പ കൊടുപ്പോനെ
അന്യ ദുഃഖേ തപ്പിപ്പോനെ,
ഊനമൊന്നും ഭവിക്കാതെ
നൂനം ദൈവം തുണച്ചീടും
മൂല്യമാലിക- 3 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക