Image

കാണിക്ക (ലഘു നാടകം- അവസാന ഭാഗം: ബെന്നി ന്യൂജേഴ്‌സി)

Published on 28 November, 2017
കാണിക്ക (ലഘു നാടകം- അവസാന ഭാഗം: ബെന്നി ന്യൂജേഴ്‌സി)
(കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഒറിയ എഴുത്തുകാരന്‍ ഡാഷ് ബെന്‍ഹറിന്റെ ചെറുകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അമേരിക്കന്‍ മലയാളീ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച വികാരസാന്ദ്രമായ നാടകം)

(കഴിഞ്ഞ ലക്കത്തില്‍ നിന്നും തുടര്‍ച്ച.

ജോര്‍ജച്ചായന്‍ : പ്രായം 60-65 അടുപ്പിച്ച്
ജോമ്മാമ്മ...
വല്ല്യച്ചന്‍: പ്രായം 80-85 (വടികുത്തിപ്പിടിച്ച്)
പഞ്ചായത്ത് മെമ്പര്‍: പ്രായം 50-60

നാട്ടിന്‍പുറത്തെ വീടിന്റെ മുറ്റം.... മൂകവും ശാന്തവുമായി ഭാഗം വെക്കലിന് വേണ്ടി അക്ഷമയായി കാത്തു നില്‍ക്കുന്ന വീട്..

തോമസുകുട്ടിയും ആലീസും രംഗത്ത്...

(തോമസുകുട്ടി ഒരു ലുങ്കി ഉടുത്തിരിക്കുന്നു ... ഒരു പഴകിയ ഷര്‍ട്ട്.... ആലീസ് ചുരിദാര്‍... എങ്കിലും സ്വര്‍ണ്ണമാലകള്‍, വളകള്‍... തോമസ് കുട്ടി ചെരുപ്പ് ധരിച്ചിട്ടില്ല. ആലീസ് വളളിച്ചെരുപ്പ് ഇട്ടിരിക്കുന്നു .. തോമസുകുട്ടി ഒരു നാടനായി... തൊമസ്സു കുട്ടി എന്തോ ആലോചിച് സ്റ്റേജില്‍ കൂടി നടക്കുന്നു. സ്റ്റേജില്‍ നിലാവു വെളിച്ചം)

(ആത്മഗതം): 'ട്യൂഷന്‍ കഴിഞ്ഞ് സന്ധ്യാ സമയത്ത് തിരിച്ചു വരുന്ന എന്നേയും കാത്ത് ജോച്ചായന്‍ കവലയില്‍ എുന്നും കാത്തുനില്‍ക്കും. ഒരു കയ്യില്‍ വെളിച്ചവും മറുകയ്യില്‍ പുസ്തകവും പിടിച്ചുകൊണ്ട് മുമ്പേ നടക്കുന്ന ജോച്ചായന്റെ പുറകെ ഞാനും നടക്കും.. തെന്നിക്കിടക്കുന്ന വയല്‍ വരമ്പിലെത്തുമ്പോള്‍.. 'നീ കാലുതെന്നി ചെളിയില്‍ വീഴും... വന്നെന്റൈ തോളില്‍ കയറിക്കോളൂ...' '

(സ്റ്റേജില്‍ വെളിച്ചം പ്രകാശിക്കുന്നു)

(വല്യച്ചന്‍, പഞ്ചായത്ത് മെമ്പര്‍, ജോര്‍ജച്ചായന്‍ എന്നിവര്‍ സ്റ്റേജിലേക്ക് വരുന്നു)

വല്ല്യച്ചന്‍: തോമാകുഞ്ഞേ, അമേരിക്കയിലെന്നാടാ വിശേഷം? പിള്ളേരെ കൊണ്ടുവന്നില്ലേ?

തോമാകുഞ്ഞ്: സുഖാച്ചാ... പിളേളര്‍ക്ക് ക്ലാസ് തീര്‍ന്നില്ല. (അച്ചനോട് കളവ് പറഞ്ഞതിന്റെ കുറ്റബോധം മുഖത്ത്)

വല്യച്ചന്‍: ഇനി സമയം ഒട്ടും കളയണ്ട... പടിഞ്ഞാറു നിന്ന് ഒരു മഴക്കാറ് കേറി വരുന്നുണ്ട്. മഴയ്ക്കു മുമ്പ് നമുക്കിത് തീര്‍ക്കണം ...
മെമ്പറേ, വീട്ടിലെ എല്ലാം സാധനങ്ങടേം ലിസ്റ്റായോടാ, ചിരട്ടത്തവികള്‍ മുതല്‍, വെറ്റിലപ്പെട്ടി, ചെമ്പ്, കുട്ടളം, കിണ്ടി, ഓട്ടു വിളക്കുകള്‍, സ്റ്റീല്‍ പാത്രങ്ങള്‍.. പഴയ റേഡിയോ എല്ലാം ലിസ്റ്റില്‍ കയറ്റിയോടാ?

മെമ്പര്‍: എല്ലാം ചേര്‍ത്തച്ചാ.. രണ്ടു ദിവസമായി എല്ലാം നോക്കി തിട്ടപ്പെടുത്തുകയായിരുന്നു..

(ജോര്‍ജച്ചായന്‍ പതുക്കെ എഴുന്നേറ്റ് തന്റെ കയ്യില്‍ കെട്ടിയിരുന്ന ഫേവര്‍ ലൂബായുടെ പഴയ റിസ്റ്റ് വാച്ച് പതുക്കെ ഊരി മേശപ്പുറത്ത് വെയ്ക്കുന്നു. കണ്ണുകള്‍ തുടക്കുന്നു. ഒരു ദീര്‍ഘനിശ്വാസം...)

വല്ല്യച്ചന്‍: ജോര്‍ജുകുട്ടീ, നിങ്ങടെ ഇച്ചായനുണ്ടാക്കിയ മുതലുകള്‍ മാത്രമാണ് ഭാഗം ചെയ്യുത്. ജോര്‍ജുകുട്ടി സ്വന്തം നിലയ്ക്ക് സമ്പാദിച്ചതൊന്നും ഇവിടെ കൂട്ടണ്ടാ..

ജോര്‍ജച്ചായന്‍ : (കുറച്ച് മുന്നോട്ട് നീങ്ങി, വാച്ച് എടുത്ത് കാണിച്ചിട്ട്) അല്ലച്ചാ.. ഇത് അച്ചായന്റെ കയ്യില്‍ കിടന്നിരുന്ന വാച്ചാ.. ഞാന്‍ പത്തിലെ പരീക്ഷ എഴുതാന്‍ നേരം സമയമറിയണോന്നും പറഞ്ഞ് അച്ചായന്‍ ഊരി എന്റെ കയ്യി കെട്ടിത്തന്നതാ.

തോമാച്ചന്‍: (പെട്ട് എന്തോ ഓര്‍ത്തിട്ട്)... ജോച്ചായാ, ഈ വാച്ചല്ലായിരുന്നോ അന്നെനിക്ക് പരീക്ഷാ ഫീസ് തികയാതെ വന്നപ്പോള്‍ പണയം വെച്ച് കാശ് തികച്ചത്?

(തോമാച്ചന്‍ വാച്ചെടുത്തിട്ടു, പിറന്നു വീണ കുഞ്ഞിനെ പിതാവിന്റെ കയ്യില്‍ ആദ്യം കൊടുക്കുമ്പോഴുളള വികാരവായ്‌പോടെ, വളരെ വാത്സല്യത്തോടെ, ബഹുമാനത്തോടെ എടുത്ത് തിരിച്ചും മറിച്ചും നോക്കുന്നു).

ജോര്‍ജച്ചായന്‍: തോമാകുഞ്ഞേ.. അതൊക്കെ പഴയകഥയല്ലേ മോനേ.... മ്മടെ അച്ചായന്റെ മൊതലാ, ഇതിന്റെ അവകാശം നിനക്കും ഉണ്ട് (വാച്ച് എടുത്ത് കാണിക്കുന്നു...)

(തോമാച്ചന്റെ മുഖം മ്ലാനമാകുന്നു .... ബി.എ.ക്ക് ഫീസടയ്ക്കാനാകാതെ, അവസാന ദിവസം ഫൈന്‍ കൊടുത്ത് ഫീസടച്ചതും മറ്റും ഓര്‍മ്മവരുന്നു).

(ജോര്‍ജച്ചായന്‍ ഒരു പഴയ പെട്ടി കൊണ്‍ണ്ടുവന്നു മേശമേല്‍ വെയ്ക്കുന്നു. അതിന്റെ താക്കോല്‍ പെട്ടിയുടെ മുകളല്‍ വെയ്ക്കുന്നു)

വല്ല്യച്ചന്‍: മെമ്പറേ, എന്നാടാ ഈ പെട്ടി നിങ്ങള്‍ ലിസ്റ്റില്‍ പെടുത്താത്തേ?

ജോര്‍ജച്ചായന്‍: (പെട്ടി തുറന്നിട്ട്) വല്യച്ചാ, ഇത് കൂട്ടാത്തതല്ല, ഇതിനകത്ത് കുറച്ചു പണവും സ്വര്‍ണവുമാ...

വല്ല്യച്ചന്‍: (അത്ഭുതത്തോടെ) പണവും സ്വര്‍ണവുമൊ?.. നീ എന്നാ പറഞ്ഞേ... ഇതും ഭാഗിക്കാനാണോ?..

ജോര്‍ജച്ചായന്‍: (അച്ചന്റെ അടുത്തേക്ക് നീങ്ങീട്ട്) ഓ, അല്ലല്ല വല്ല്യച്ചാ ഭാഗിക്കാനല്ല.. ഇത് തോമാകുഞ്ഞിന്റേതാണ്... വെല്യച്ചാ, കഴിഞ്ഞ 42 വര്‍ഷമായിട്ട്, അച്ചായന്റെ വേര്‍പാടിന് ശേഷം, മൊത്തത്തിലുളള വസ്തുവകകള്‍ ഞാനായിരുന്നല്ലോ കൈകാര്യം ചെയ്തിരുത്..

വല്ല്യച്ചന്‍: അതിനെന്താ ജോര്‍ജുകുട്ടീ, നിയല്ലേ അത് ചെയ്യേണ്ടത്?

ജോര്‍ജച്ചായന്‍: വല്ല്യച്ചാ അതീന്നു കിട്ടിയ നീക്കിയരുപ്പിന്റെ പകുതി പണം തോമാക്കുഞ്ഞിന്റെയാ.. അവന് പെണ്‍കുഞ്ഞുണ്ടായത് മുതല്‍ സ്വര്‍ണ്ണവും വാങ്ങി വെച്ചു.

വല്ല്യച്ചന്‍: പകുതി പണം? സ്വര്‍ണ്ണം?...

ജോര്‍ജച്ചായന്‍: അതേ, വല്ല്യച്ചാ... ഈ ഭൂമീം പറമ്പുമൊക്കെ മൊത്തത്തില്‍ കിടക്കുകയായിരുന്നില്ലേ ഇതുവരെ... തോമാകുഞ്ഞിനും അവകാശപ്പെട്ടതല്ലേ... തേങ്ങാ വിലക്കുമ്പോളും, നെല്ലും വൈക്കോലും, ഓലമടലും ഒക്ക വില്‍ക്കുമ്പോഴും ചിലവ് കഴിഞ്ഞ് കിട്ടുന്ന കാശ് ഞാനങ്ങ് രണ്ടായി പകുക്കും.. അവനിവിടെ ഇല്ലാത്തതു കൊണ്ട് എല്ലാം കൃത്യമായിരിക്കേണ്ടേ, വല്ല്യച്ചാ...

(പെട്ടിയും താക്കോലും കണക്കുബുക്കും എടുത്ത് തോമാകുഞ്ഞിനെ ഏല്‍പ്പിക്കുന്നു... തോമാകുഞ്ഞ് സ്തബ്ധനാകുന്നു.. ഞെട്ടുന്നു .....കൈകള്‍ വിറച്ചു വിറച്ച് പെട്ടി വാങ്ങുന്നു. ആലീസും ഇത് കാണുന്നുണ്ടെങ്കിലും പെട്ടി നിറയെ പണവും സ്വര്‍ണ്ണവും കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിടരുന്നു... കിച്ചണ്‍ കൗണ്ടര്‍ ടോപ്പിന്റെ ഓര്‍മ്മകള്‍ ഓടിയെത്തുന്നു).

ജോമാമ്മ: എന്റച്ചാ... എന്ത് വിറ്റുകിട്ടുമ്പോഴും ഇച്ചായന്‍ അകത്തെ മുറീ പോയി കണക്കെഴുത്തും കാശെണ്ണലുമാ.. പിന്നേ, പെട്ടീല് കാശിട്ട് പൂട്ടി പുറത്തു വന്നാലേ വെളളം പോലും കുടിക്കൂ... മൂത്തോളുടെ കല്ല്യാണത്തിന് സ്വര്‍ണ്ണമെുടക്കാന്‍ വല്ല്യ ഭാരമായിരുന്നു. ഞാനീക്കാശ് ഒന്നു മറിച്ചാലോ എന്ന് ചോദിച്ചതാ,, അന്നെന്നെ കൊല്ലാക്കൊല ചെയ്തു... 'എടീ അവകാശിയുടെ മൊതലെടുത്തിട്ടല്ല പെണ്ണിനെ കെട്ടിക്കണത്... പെണ്ണിനെ കെട്ടിച്ചില്ലങ്കീ അവളിവിടെ നിന്നോട്ടേ... ഇതിട്ടുളള കെട്ടീര് വേണ്ട' എുന്നും പറഞ്ഞ് എന്റെ മെക്കിട്ട് കേറി. വെല്ല്യച്ചനറിയാമല്ലോ, പിന്നെ എന്റെ വീതം കിട്ടിയ പത്തു സെന്റ് വിറ്റാണല്ലോ അവളെ പറഞ്ഞയച്ചത്...

ജോര്‍ജച്ചായന്‍: (അസ്വസ്ഥനായീ) നീയതൊക്കെ ഇപ്പോ ഇവിടെ വിളമ്പുന്നതെന്തിനാ... വല്ല്യച്ചന് പോണം, സമയം പോണു...

(ഭാഗം വെയ്ക്കലിന്റെ സംസാരങ്ങള്‍..... ലിസ്റ്റില്‍ രണ്ടായി എഴുതുന്നു. വാച്ചിന്റെ ഭാഗത്തേക്ക് വന്നപ്പോള്‍ ജോര്‍ജച്ചായന്‍ അവിടെ നിന്ന് മാറിപോകുന്നു.)

വെല്ല്യച്ചന്‍: ഞാനൊരു കാര്യം തീരുമാനിക്കാ... ഈ വാച്ച് ജോര്‍ജ്കുട്ടീടെ വീതത്തില്‍ തന്നെയിരിക്കട്ടെ...

ജോര്‍ജുകുട്ടി: (എന്തോ ഓര്‍മ്മയില്‍ നിന്നും ഞെട്ടി എഴുന്നേറ്റേ പോലെ) അത് വേണ്ടച്ചാ... അച്ചായന്റെ ഓര്‍മ്മ നിക്കണ വാച്ചാ ഇത്. പണ്ടത്തെ ഫേവര്‍ലൂബയാ, ഇത് ഇതുവരെ നിന്നിട്ടില്ല.... അച്ചായന്റെ ഓര്‍മ്മയ്ക്കായി ഇത് തോമാകുഞ്ഞിന് തന്നെയിരിക്കട്ടെ... എനിക്ക് അച്ചായന്റെ ഓര്‍മ്മ ചങ്കില് വന്നങ്ങ് വിങ്ങുമ്പോ പളളീലോട്ടോടി അച്ചായന്റെ കബറിങ്കല്‍ വീണ് കുറെ എണ്ണിപ്പെറക്കാമല്ലോ.. തോമാകുഞ്ഞിന് അതാകൂല്ല്യല്ലോ, വെല്യച്ചാ (കണ്ണ് തുടയ്ക്കുന്നു)

ജോയമ്മാമ്മ: എന്റെ പൊന്നച്ചാ, ജോച്ചായനിതുവരെ ഈ വാച്ച് ഊരിവെക്കണത് ഞാന്‍ കണ്ടട്ടില്ല.... കഴിഞ്ഞ ദിവസോം കോട്ടയത്ത് കൊണ്ടുപോയി നോക്കിച്ചോണ്ടു വരണത് കണ്ടു...

(ജോര്‍ജുകുട്ടീ മേശുപ്പുറത്തു നിന്ന് വാച്ച് പതുക്കെ എടുത്തു, ഒന്നു നോക്കിയിട്ട്, വാച്ചിന്റെ കീ കൊടുത്ത്, ചെവിയില്‍ വെച്ചുനോക്കുന്നു.. വാച്ചിനെ മൃദുവായി ചുംബിച്ചിട്ട് തോമാച്ചന്റെ ഇടുതു കൈ പിടിച്ച് നിവര്‍ത്തി വാച്ച് പതുക്കെ കെട്ടിക്കൊടുക്കുന്നു. വികാരാധീനായീ തോമാച്ചച്ചനെ കെട്ടിപിടിച്ചിട്ട് കവിളത്തൊരു ഉമ്മ കൊടുക്കുന്നു).

ജോര്‍ജുകുട്ടി: മോനേ, ഇത് നിന്റെ കയ്യില്‍ തന്നെ കിടക്കട്ടേ... മ്മടെ അച്ചായന്റെ പ്രാണനാര്‍ന്നു ഈ വാച്ച്......

(ഭാഗം തീരുന്നു...)

മെമ്പര്‍: നിങ്ങള് രണ്ടു പേരും ഈ ലിസ്റ്റ് ഒന്നു ഒത്തു നോക്കി ബോദ്ധ്യപ്പെട്ടിട്ട് ഇതിന്റെ അടിയില്‍ ഒപ്പിടണം. ആലീസേ, കഴിഞ്ഞ ആഴ്ച വിളിച്ചുപറഞ്ഞ പ്രകാരം ഞാനൊരു രണ്ട് പാര്‍ട്ടിനേ മുട്ടീട്ടുണ്ട്.. ദുബായ്ക്കാരാ... രൊക്കം കാശാ... രൊക്കം...അതും ഡോളറായീ..!

ജോര്‍ജച്ചായന്‍: തോമാകുഞ്ഞേ, ഈ കണക്കു ബുക്കെടുത്ത് നീയൊന്ന് നോക്കിക്കേ . എന്നിട്ടീ പണോം സ്വര്‍ണ്ണോ ക്കേ ഒന്ന് തിട്ടപ്പെടുത്തിക്കേ... നീയല്ലേ കണക്കിന്റെ ആള്... ആലിയെ, മോളുംകൂടി വന്ന് തോമാച്ചനെ ഒന്ന് സഹായിച്ചേ... എന്നിട്ട് നാളെത്തന്നെ നിങ്ങടെ ബാങ്ക് അക്കൗണ്ടില്‍ ഈ കാശിടണം....

(എല്ലാവരും അകത്തേക്ക് പോകുന്നു. ആലീസ് ഇരയെ കണ്ട ചെന്നായയെ പോലെ പെട്ടിയുടെ അടുത്തേക്ക് വരുന്നു.... പെട്ടിക്കുളളിലെ പണക്കെട്ടും സ്വര്‍ണ്ണവും കണ്ട് കണ്ണ് പ്രകാസിക്കുന്നു... പണം എന്നും അവളുടെ ഒരു വലിയ ബലഹീനതയാണ്).

ആലീസ്: (പ്രണയത്തോടെ), മ്മടെ കിച്ചണ്‍ റീമോഡലിഗിന്.. ഗ്രാനൈറ്റ് കൗണ്ടര്‍ ടോപ്പിന് ഇത് മതിയാകൂല്ലേ... എണ്ണിനോക്കാല്ലേ... ഇപ്പോ സ്വര്‍ണ്ണത്തിനു എന്നാ വിലയാണെന്നോ?!.. ഇതുമങ്ങു വിറ്റ് ഡോളറാക്കാം...

തോമാകുഞ്ഞ് വളരെ അസ്വസ്ഥനായി കാണപ്പെടുന്നു. മുടി വലിച്ചുപറിക്കുന്നു...കണ്ണു നിറയുന്നു.. തലയില്‍ ഇടിക്കുന്നു. കയ്യില്‍ കിടന്ന വാച്ച് ഊരി ഉയര്‍ത്തിക്കാണിക്കുന്നു. നൊഞ്ചോട് ചേര്‍ത്തുവെയ്ക്കുന്നു. എന്തൊക്കെയോ പിറുപിറുക്കുന്നു).

തോമാച്ചന്‍: ആലീ... ആലീ, മരിച്ചുപോയ എന്റച്ചായന്റെ ചങ്കാണടീ ഇതിലു മിടിക്കുന്നേ...
(ഫോട്ടോയിലേക്ക് കൈ ചൂണ്ടി) എന്റെ അച്ചായന്റെ മണം... ശബ്ദം... അച്ചായനിറങ്ങിവന്നിട്ട് ... ദേ ...ഇവിടെ.. ഇവിടെ... (വാച്ചിന്റെ ടിക് ടിക് ശബ്ദം ബാക്ക് ഗ്രൗണ്ടില്‍ കൂടി കൂടി വരുന്നു) ഇതെന്നാ ഈ വാച്ചിന്റെ സൂചികള്‍ ഇതു പോലെ പായുന്നത്.. എന്നെ വിചാരണ ചെയ്ത് തൂക്കിലേറ്റാന്‍ വിധിക്കുന്നത് ... അച്ചായന്‍... അച്ചായന്‍.... അച്ചായനിതാ ന്യായാധിപനോട് കെഞ്ചുന്നു...ആരാച്ചാരുടെ തൂക്കുകയറില്‍ നിന്ന് എന്നെ പിടിച്ചു മാറ്റിയിട്ട്... അച്ചായനിതാ സ്വന്തം കഴുത്ത് നീട്ടിക്കൊടുക്കുന്നു ....അച്ചായന്‍ .....

ആലീസ്: തോമാച്ചായാ... നിങ്ങള്‍ക്ക് എന്തുപറ്റി... എന്തുപറ്റി....?

തോമാച്ചന്‍: (തലക്ക് കൈ താങ്ങിക്കൊണ്ട് )......... ഒരു നല്ല മഴയോ, മഞ്ഞോ, ഒരു ചെറിയ ഇലക്ട്രിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടോ ഉണ്ടായാല്‍ പൊലിഞ്ഞു പോകുന്നതല്ലേ, ആലീ, മരത്തില്‍ തീര്‍ത്തിരിക്കുന്ന നമ്മുടെയൊക്കെ അമേരിക്കന്‍ സ്വപ്നക്കൂടുകള്‍...

ആലീസ് : നിങ്ങളെന്താണീ പറയുന്നേ... നിങ്ങടെ മുഖമെന്നാ വിളറിയിരിക്കുന്നേ? നിങ്ങള്‍ക്ക് വെളളം കുടിക്കണോ...അയ്യോ...

തോമാച്ചന്‍: (പെട്ടിയില്‍നിന്ന് പണവും സ്വര്‍ണ്ണവും എടുത്ത് ഉയര്‍ത്തിക്കാണിച്ചിട്ട്).. 42 വര്‍ഷമായി വെല്യേട്ടന്‍ രക്തം വിയര്‍പ്പാക്കി ഉണ്ടാക്കിയ, വിയര്‍പ്പിന്റെ ഈ കടലാസ് തുണ്ടുകള്‍........ (പണം പെട്ടിയില്‍ നിന്ന് എടുത്ത് ആലീസിനെ വീണ്ടും കാണിക്കുന്നു) ..വര്‍ഷങ്ങളായി പാന്റിന്റെ കീശയില്‍ ഞാനൊളിപ്പിച്ചുവെച്ചിരുന്ന ഒരു പേനാക്കത്തി ജോയച്ചായന്റെ ചങ്കിലേക്ക് താഴ്ത്തിയിട്ട് തെറിച്ചു വീണ രക്തക്കറകളാ ഈ സ്വര്‍ണ്ണ നാണയങ്ങള്‍ ആലീ.
..
ആലീസ്: (വളരെ സംയമനം പാലിച്ച്) അച്ചായാ മ്മടെ ബെന്‍സ് കാറ്..... കിച്ചണ്‍ റീമോഡലിങ്ങിന്റെ കോണ്‍ട്രാക്റ്റ്...

തോമാച്ചന്‍: (പണവും സ്വര്‍ണ്ണമാലകളും വീണ്ടും കയ്യിലെടുക്കുന്നു) യൂദാസിന്റെ ഈ മുപ്പത് വെളളിക്കാശ്... യൂദാസിന്റെ ഈ മുപ്പത് വെളളിക്കാശുകൊണ്ട് നമുക്ക് ..നമുക്ക് ബെന്‍സ് വാങ്ങണ്ട... ആലീ... കിച്ചന്‍ റീമോഡല്‍ ചെയ്യണ്ട. ആ കിച്ചണില്‍ നമ്മള്‍ കുക്ക് ചെയ്യാന്‍ പോകുന്ന എന്നും വേല്യട്ടന്റെ ചങ്കും കരളുമായിരിക്കും ആലീ...
എനിക്ക് മടുത്തു... എനിക്ക് മടുത്തൂ... നീയെന്നേ കെട്ടിയിട്ടിരിക്കുന്ന ഈ ചങ്ങല....... ഈ ഗ്രീന്‍ കാര്‍ഡ് ...... ഇതാ നീയിതു പിടിച്ചോളൂ... മ്മടെ കുഞ്ഞുങ്ങള്‍ക്കീ കാശുകൊണ്ട് നേടുന്നതൊക്കെ വിഷം ചീന്തുന്ന സര്‍പ്പങ്ങളായി മാറും ആലീ... വേല്യട്ടന്‍ കഷ്ടപ്പെട്ട് വിളയിച്ചെടുത്ത ഈ പണത്തില്‍ നമുക്കെന്തവകാശം, ആലീ .... എന്റെ കൈകകളില്‍ രകതക്കറകള്‍ ... രക്തക്കറകള്‍ ...
.
ആലീസ്: (വിങ്ങിക്കരയുന്നു.....) അച്ചായാ....... അച്ചായാ ..... നിങ്ങള്‍ പറയുത് ........ നിങ്ങള്‍ പറയുത് ......ഞാനെന്തായിരുന്നു കാണാതെ പോയത് ........ (മുഖം കൈകൊണ്ട് മൂടുന്നു.)..... എന്റെ കണ്ണില്‍ തിമിരമായിരുന്നോ...?

തോമാച്ചന്‍: (ഭാഗം വെച്ചു കിട്ടിയ ലിസ്റ്റ് ഉയര്‍ത്തികാട്ടിയിട്ട്).. ഈ കടലാസ് എന്റെ മരണ വിധിയാണ് ആലീ.... ജോമ്മാമ്മയുടെ അന്നത്തെ ആ താലിമാലയിലാണ് ഞാനിന്നു നിനക്ക് വല്യ പൊക്കി പറയാനായി സി.പി.എ. ക്കാരന്‍ ഭര്‍ത്താവായത്. കണ്ടോ .. നീ കണ്ടോ.. ഇന്നും ഒരു മുക്കുപണ്ടത്തിലാ ജോമ്മാമ്മ താലിയിട്ടിരിക്കുത്... നീ ആ കഴുത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കേ. ജോമ്മാമ്മയുടെ കഴുത്തിലോട്ട്. അതൊരു വൈഡൂര്യ നെക്ക്‌ലേസാണ് ആലീ. സ്‌നേഹം കൊണ്ടുള്ള മുത്തുകള്‍ കൂട്ടി യോജിപ്പിച്ച കോഹിനൂര്‍ രത്‌നങ്ങളാ ആ കഴുത്തില്‍ അണിഞ്ഞിരിക്കുത് ആലീ...

ആലീസ്: അച്ചായാ... നിങ്ങളെന്താ ഇതുവരെ ഇതൊന്നും ഈ മണ്ടിപ്പെണ്ണിന് പറഞ്ഞുതരാതിരുന്നത്. എന്റെ കണ്ണുകള്‍ ബെന്‍സ് കാറിലും ഡയമണ്ട് നെക്ക്‌ലേസിലും ഉടക്കി നടന്നപ്പോ അച്ചായാ, നിങ്ങളെന്താണ് തിരുത്താതിരുന്നത്?

തോമാച്ചന്‍: നിനക്ക് സ്വയം മനസിലാകട്ടേ എന്ന് ഞാന്‍ കരുതി. നിന്നെ വേദനിപ്പിക്കണ്ട എന്നും. ഞാനീ മണ്ണില്‍ ചവുട്ടി ഒരു നിമിഷം നില്‍ക്കട്ടെ ആലീ....... ഈ മണ്ണില്‍ ചവുട്ടി ഞാനൊന്നു നില്‍ക്കട്ടെ... ഞാനീ വീട്ടിലെ ശുദ്ധവായു ഒന്ന് ശ്വസിക്കട്ടെ..

ആലീസ്: (പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ്...തോമാച്ചനെ ചേര്‍ത്തു നിര്‍ത്തിയിട്ട്) അച്ചായാ ഇതൊന്നും നമുക്ക് വേണ്ട... നമുക്ക് അര്‍ഹതപ്പെട്ടതല്ല. നമുക്കിത് തിരികെ കൊടുക്കാം.... എനിക്കിപ്പോളാ മനസിലായത്... എനിക്ക് നിങ്ങളെ മതി ... നിങ്ങളെ മാത്രം മതി ... നിങ്ങടെ പണം എനിക്ക് വേണ്ട അച്ചായാ..

(ജോര്‍ജച്ചായനും ജോമ്മാമ്മയും കയറിവരുന്നു)

ജോര്‍ജച്ചായന്‍: ആലീ, തോമാക്കുഞ്ഞേ... പൈസയൊക്കെ എണ്ണി കണക്കുമായി ഒത്തു നോക്കിയോ മക്കളേ നിങ്ങള്‍. വെല്യേട്ടന്‍ വല്ല പിശകും വരുത്തിയോ മക്കളെ..

ജേമ്മാമ്മ: മോനേ, നിനക്കിഷ്ടമുളള കപ്പപ്പുഴുക്കും പുഴ മീന്‍കറിയും അകത്തിരിക്കാ... വന്നു കഴിക്ക് താമസിക്കേണ്ട....

തോമാച്ചന്‍: വെല്യേട്ടാ... ഈ കുഞ്ഞനുജന് ഇതൊന്നും വേണ്ട..ഞങ്ങള്‍ക്കിതിനൊന്നും ഒരു അര്‍ഹതയുമില്ല. ഞങ്ങള്‍ക്കെന്തവകാശം ഇതിന്?...
ഈ കൊച്ചനുജന് ഈ വാച്ച് മാത്രം മതി. ഒരിക്കലും നില്‍ക്കാതിരിക്കുന്ന ഈ വാച്ച്... ആ കാനാന്‍ ദേശത്തു ചെന്ന് മരവിച്ചു പോയ ഞങ്ങടെ ഹൃദയങ്ങള്‍ക്ക്, ഇതിന്റെ തുടിപ്പില്‍ വീണ്ടും മിടിച്ചു തുടങ്ങാനായി...... ഈ വാച്ച്..... ഞാനെന്റെ നെഞ്ചിലാ വെച്ചു കെട്ടുന്നത്... അതോടൊപ്പം അങ്ങയുടെ ആ കാലടികളില്‍ പറ്റിയിരിക്കുന്ന ഒരു നുളള് മണ്‍തരി... അതും ഞങ്ങള്‍ക്ക് തരണം.... ഞങ്ങളതുമായീ തിരികെ പോകട്ടേ...
(പണവും കടലാസും ഒക്കെ തിരികെ കൊടുക്കുന്നു)
അങ്ങെന്ന ഈ പരിശുദ്ധ ദേവാലയത്തില്‍ ഞങ്ങള്‍ അര്‍പ്പിക്കുന്ന കാണിക്കയാണിത്.... ഞങ്ങളുടെ പെരുവിരല്‍ അറുത്ത് തരുന്ന ഗുരു ദക്ഷിണയാണിത്... ഇത് സ്വീകരിച്ചനുഗ്രഹിക്കണം......

ജോര്‍ജച്ചായന്‍: തോമാകുഞ്ഞേ, നീയെന്താണീ പറയണത്? നിനക്കെന്താ പറ്റിയത്?

തോമാച്ചന്‍: (പെട്ടിയും പേപ്പറും എടുത്തിട്ട്) വെല്യേട്ടാ, ഇത് തിരിച്ചു വാങ്ങണം. ഈ കൊച്ചനുജന് ഈ വാച്ച്..

ജോര്‍ജച്ചായന്‍: (വളരെ ദൃഢ നിശ്ചയത്തില്‍, സൗമ്യനായി) തോമാക്കുഞ്ഞേ, ആലിമോളെ.. വേല്യട്ടന് ഇതെന്തിനാ മക്കളേ.. വെല്യേട്ടന്റെ ആരോഗ്യത്തിന് ഒരു കുറവും ഇപ്പോഴില്ല...

ആലീസ്: വെല്യേട്ടാ ഈ പണവുമായി ഞങ്ങള്‍ തിരികെ പോകില്ല. ഇതു ഞങ്ങള്‍ക്കര്‍ഹതപ്പെട്ടതല്ല.

ജോര്‍ജച്ചായന്‍: (എന്തോ ആലോചനയില്‍നി് ഉണര്‍ന്നിട്ട്) ങാ... ഒരു കാര്യം ചെയ്യ്.. നീയിന്നിപ്പോ അമേരിക്കയിലായിരിക്കുന്നതിനു പിന്നില്‍ പണ്ട് അച്ചായന്റെ കൂടെ പാടത്തും പറമ്പിലും അഹോരാത്രം കഷ്ടപ്പെട്ടു പണിയെടുത്ത പുറമ്പോക്കില്‍ കിടക്കുന്ന അയ്യന്റെയും കാളിയുടെയും വിയര്‍പ്പുണ്ട്. ഈ ഗ്രാമത്തിന്റെ വെള്ളവും വായുവും പാടത്തെ നെല്ലുമൊക്കെ കഴിച്ച് വലുതായിട്ടല്ലെ മോനെ നീയാ ദേശത്തു ചെന്നു പറ്റിയത്?

തോമാച്ചനും ആലീസും: ഞങ്ങളെന്താണ് വെല്യേട്ടാ ചെയ്യേണ്ടത്? അങ്ങു പറഞ്ഞാലും..

ജോര്‍ജച്ചായന്‍: മക്കളെ, ഈ ഗ്രാമത്തിന്റെ നന്മയാ നിന്നെ വളര്‍ത്തിയത്.. നീ തിരികെ കൊടുക്കേണ്ടത് ഈ ഗ്രാമത്തിനാ...

തോമാച്ചന്‍: വല്യേട്ടാ.. വല്യേട്ടന്‍ പറയുന്നതിനപ്പുറം ഈ കുഞ്ഞനുജന് വേറെന്താണുള്ളത്? ഇതാ... (പെട്ടിയും ഭാഗം ചെയ്തതിന്റെ പേപ്പറുകളും തിരികെ കൊടുക്കാന്‍ ശ്രമിക്കുന്നു)

ജോര്‍ജച്ചായന്‍: കാണിക്ക കൊടുക്കേണ്ടത് സുഖമില്ലാതെ കിടക്കുന്ന അയ്യനും കാളിക്കുമാണ്.. അവരവശരായി, രോഗികളായി കിടപ്പിലാ.. നീയും ആലിസും പോയി അവര്‍ക്കിതു കൊടുക്ക്. ഈ ഗ്രാമത്തിനു നിങ്ങള്‍ തിരികെ കൊടുക്കു, മക്കളേ. അതെത്ര കൊടുത്താലും തീരാത്ത കടപ്പാടാ.....

(വല്യച്ചനെ വിളിക്കുു... വല്യച്ചന്‍ കയറിവരുന്നു.)

ജോര്‍ജച്ചായന്‍: തോമാക്കുഞ്ഞേ, വല്യച്ചനെ അതങ്ങേല്‍പ്പിക്കുക. വല്യച്ചനും പാഞ്ചായത്തു മെമ്പറും കൂടി അതെല്ലാം ചെയ്തുകൊള്ളും..

(തോമാച്ചനും ആലീസും കൂടി പെട്ടിയും പേപ്പറുകളും വല്യച്ചനെ ഏല്‍പ്പിക്കുു. വിശദീകരിക്കുന്നു. എല്ലാവരും കാളിയേയും അയ്യനേയും കാണാന്‍ പുറപ്പെടുന്നു)
'സഹോദരങ്ങള്‍ ഒരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു'... (അണിയറയില്‍ നിന്നും 133 മാം സങ്കീര്‍ത്തനം സംഗീതാത്മമായി ഒഴുകി വരുന്നു..)

(അവസാനിച്ചു)

കാണിക്ക (ലഘു നാടകം- അവസാന ഭാഗം: ബെന്നി ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക