Image

വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ചാരിറ്റി അവാര്‍ഡ് ആദര്‍ശ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്

ഷോളി കുമ്പിളുവേലി Published on 29 November, 2017
വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ചാരിറ്റി അവാര്‍ഡ് ആദര്‍ശ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് ഇന്‍ ചാരിറ്റി അവാര്‍ഡിന് ആദര്‍ശ് അല്‍ഫോന്‍സ് കണ്ണന്താനം അര്‍ഹനായി. അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നല്‍കി വരുന്ന സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്.

ന്യൂയോര്‍ക്കിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ നേടിയ ആദര്‍ശ് തനിക്ക് ലഭിക്കുമായിരുന്ന ഉയര്‍ന്ന ജോലികള്‍ ഉപേക്ഷിച്ച്, സ്‌കൂളുകളിലും ലൈബ്രറികളിലും റോഡ് സൈഡുകളിലും ഇരുന്ന് കുട്ടികളെ ചിത്രരചന പഠിപ്പിക്കുകയും അതിലൂടെ അവരെ മുഖ്യധാര വിദ്യാഭ്യാസത്തിലേക്കും ജീവിത മാര്‍ഗങ്ങളിലേയ്ക്കും കൊണ്ടുവരുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആറു വര്‍ഷമായി ആദര്‍ശ് അല്‍ഫോന്‍സ് നടത്തി വരുന്ന ശ്രമങ്ങളെ അവാര്‍ഡ് കമ്മിറ്റി പ്രശംസിച്ചു.

പഠന കാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ, ചിത്രരചനാ പഠനത്തിലൂടെ മുന്‍നിരയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി, പ്രോജക്ട് ആര്‍ട്ട് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ 2011 ല്‍ ആദര്‍ശ് സ്ഥാപിച്ചു. കേവലം ആറ് കുട്ടികളുമായി ന്യൂയോര്‍ക്കില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍, ഇന്ന് അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിലെ 44 സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞു. അമേരിക്കയിലെ രാഷ്ട്രീയക്കാരില്‍ നിന്നും ഭരണ കര്‍ത്താക്കളില്‍ നിന്നും വളരെ നല്ല സഹകരണമാണ് ആദര്‍ശിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രോജക്ട് ആര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്‌കൂളുകളിലും ലൈബ്രറികളിലും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ അദ്ദേഹം.
ഏഴു വയസില്‍ ക്ലാസ് മുറിയില്‍ ഇരുന്ന് പടം വരച്ചതിന് ക്ലാസില്‍ നിന്നും പുറത്താക്കപ്പെട്ട ആദര്‍ശ്, പിന്നീട് മറ്റൊരു സ്‌കൂളിലാണ് പഠനം തുടര്‍ന്നത്. പതിനാലാം വയസില്‍ മദര്‍ തെരേസായുടേയും നെല്‍സന്‍ മണ്ടേലയുടേയും ജോണ്‍ പോള്‍ മാര്‍പാപ്പയുടേയും ചിത്രങ്ങള്‍ വരച്ച് ഏവരുടേയും പ്രശംസ നേടിയ ആദര്‍ശ്, ചിത്രരചന തന്റെ ജീവിത നിയോഗമാണെന്ന് അന്ന് തിരിച്ചറിഞ്ഞു.

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മകനാണ് ആദര്‍ശ്. ഡിസംബര്‍ 30 ശനിയാഴ്ച വൈകിട്ട് 5നു വൈറ്റ് പ്ലെയിന്‍സിലുള്ള കോള്‍ അമി ഓഡിറ്റോറിയത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ചാരിറ്റി ഡിന്നര്‍ നൈറ്റില്‍ വൈസ്‌മെന്‍ ക്ലബിന്റെ യുഎസ് ഏരിയ പ്രസിഡന്റ് ടൈബര്‍ ഫോകി അവാര്‍ഡ് സമ്മാനിക്കും.

ചാരിറ്റി അവാര്‍ഡ് കൂടാതെ, ബിസിനസ്, പ്രൊഫഷണല്‍, ഹ്യൂമാനിറ്റേറിയന്‍ എന്നീ രംഗങ്ങളിലും മികവ് പ്രകടിപ്പിച്ചവര്‍ക്കുള്ള അവാര്‍ഡുകളും ഉടന്‍ പ്രഖ്യാപിക്കുന്നതാണെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് കാഞ്ഞമല പറഞ്ഞു. ലൈവ് ഓര്‍ക്കസ്ട്ര ഗാനമേള ഉള്‍പ്പെടെ വിവിധ കലാപരിപാടികളും ചാരിറ്റി ഡിന്നറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോസഫ് കാഞ്ഞമല : 917 596 2119
കെ. കെ.ജോണ്‍സന്‍ : 914 610 1594
എഡ്വിന്‍ കാത്തി : 914 426 8134
ഷാജി സഖറിയ : 646 281 8582
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക