Image

മുത്തു ഗവു.... (സുധീര്‍ പണിക്കവീട്ടില്‍)

Published on 30 November, 2017
മുത്തു ഗവു.... (സുധീര്‍ പണിക്കവീട്ടില്‍)
പത്ത് സെക്കന്റ് നേരം ചുംബിച്ച് നില്‍ക്കുമ്പോള്‍ എണ്‍പത് മില്യന്‍ രോഗാണുക്കള്‍ രണ്ടു പേരും പങ്കിടുന്നു. അത് കൊണ്ടായിരിക്കും പുരാതന ഭാരതത്തിലെ ആസ്സാമില്‍ ജനങ്ങള്‍ മൂക്കുകള്‍ തമ്മില്‍ സ്പര്‍ശിപ്പിച്ച് സ്‌നേഹ പ്രകടനങ്ങള്‍ നടത്തിയിരുന്നത്. ആഫ്രിക്കക്കാര്‍ ചുംബിക്കുന്നതിനു പകരം മൂക്കുകള്‍ കൊണ്ട് മണപ്പിക്കുകയായിരുന്നു. രോഗാണുക്കളെപ്പറ്റി ഭയന്നിട്ടൊ ചുംബനത്തിന്റെ മധുരം അറിയാന്‍ വയ്യാഞ്ഞിട്ടൊ ആയിരിക്കാം ചുണ്ടുകളുടെ അനുഭൂതിദായകമായ സംഗമ സൗഭാഗ്യം അവര്‍ പണ്ടു കാലത്ത് നഷ്ടപ്പെടുത്തി കളഞ്ഞത്. ചുംബനത്തെക്കുറിച്ച് പറയുന്നത് "ഏറ്റവും വാചാലമായ മൗനം രണ്ടു ചുണ്ടുകള്‍ തമ്മില്‍ ചുംബനംകൊണ്ട് ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്നു; ആലിംഗനം ചെയ്തുകൊണ്ടല്ലാത്ത ചുംബനം സുഗന്ധമില്ലാത്ത പുഷ്പം പോലെയാണു്'' എന്നാണ്.

വേദങ്ങളിലും മഹാഭാരത ത്തിലും ചുംബനത്തെ കുറിച്ച് പറഞ്ഞത് കൊണ്ട് ചുംബനം ഭാരതത്തില്‍ നിന്ന് ആരംഭിച്ചു എന്നു ഇന്ത്യക്കാര്‍ അവകാശപ്പെടുന്നുണ്ട്. അതിനു തെളിവായി അവര്‍ നിരത്തുന്നത് അലെക്‌സാണ്ഡര്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ ഗ്രീക്കുകാര്‍ ചുംബന വിദ്യ ഇന്ത്യക്കാരില്‍ നിന്നു പഠിച്ചുവെന്നാണു്. കാമ ശാസ്ര്തമെഴുതിയ മുനിയും ചുംബനം എങ്ങനെ വേണമെന്ന് ഒരദ്ധ്യായം നിറയെ വിസ്തരിച്ച് എഴുതീട്ടുണ്ട്. സാധാരണ മനുഷ്യര്‍ക്ക് മുനിയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും ആവശ്യമില്ലെന്ന് നമുക്കറിയാം.

ആരു് ആരെ ആദ്യം ചുംബിച്ചു എന്നറിയാന്‍ ഒരു നിവ്രുത്തിയുമില്ല. ദൈവം അരുതെന്ന് വിലക്കിയ കനി തിന്ന് ആദവും ഹവ്വയും ഒരു പക്ഷെ ചുണ്ടുകള്‍ തമ്മില്‍ കൂട്ടി മുട്ടിച്ച് കാണും. പഴത്തിന്റെ സത്ത് പരന്ന ചുണ്ടുകള്‍ക്ക് ഒരേ സ്വാദാണോയെന്നറിയാന്‍. ചുംബിക്കാന്‍ മുന്‍ കൈ എടുത്തത് പുരുഷന്‍ തന്നെയെന്ന് അക്ഷരങ്ങളുടെ ലോകത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ കാണാം. മുറുക്കി ചുവന്നതോ മാരന്‍ മുത്തി ചുവപ്പിച്ചതോ മുറ്റത്തെ പൂവ്വേ, മുക്കുത്തി പൂവ്വേ മുത്തണി പൊന്മണി ചുണ്ട് നിന്റെ മുവ്വന്തി ചോപ്പുള്ള ചൂണ്ട് എന്ന് ് കവി പാടുന്നു. സ്ര്തീകളുടെ ചുണ്ടുകള്‍ വളരെ മ്രുദുലമായത്‌കൊണ്ടായിരിക്കും അവരുടെ ചുണ്ടുകള്‍ ചുംബനം കൊണ്ട് ചുവന്ന് പോകുന്നത്. അത് കണ്ട് അവരുടെ പ്രിയതമന്‍ മാര്‍ ഇങ്ങനെ പുന്നാരം പറയുന്നു. പഞ്ചവര്‍ണ്ണകിളിവാലന്‍ തളിര്‍ വെറ്റില തിന്നിട്ടൊ തമ്പുരാട്ടി ചുണ്ടു രണ്ടും ചുവന്നല്ലോ. അത് കേട്ട് പ്രിയതമ സത്യം പറയുന്നു. കള്ളനാകും കാമദേവന്‍ വില്ലെടുത്ത് തൊടുത്തപ്പോള്‍ മുല്ല മലരമ്പ് കൊണ്ട് ചുണ്ട് ചുവന്നു. സ്ര്തീകള്‍ താംബൂല ചര്‍വ്വണം വളരെ ഇഷ്ടപ്പെട്ടിരുന്നു. കളിയല്ല കിളിവാലന്‍ വെറ്റില തിന്നെന്റെ ചുണ്ടൊന്ന് ചോപ്പിക്കണം എന്ന് ഒരു കാലത്ത് പാടി നടന്നിരുന്നു ്ര്രഗാമത്തിലെ നാണക്കുടുക്കകള്‍.

ഇത് കൊണ്ടൊക്കെയായിരിക്കും നരവംശശാസ്ര്ത്ജ്ഞര്‍ ചുംബനത്തിന്റെ ആരംഭം താംബൂല ചര്‍വ്വണത്തിലൂടെയായിരിക്കുമെന്ന് വിശ്വസിക്കുന്നത്. പുരുഷന്‍ പുകയില ഞെട്ട് അയാളുടെ പല്ലുകള്‍ക്കിടയില്‍ കടിച്ച് പിടിച്ച് അത് പല്ലു് കൊണ്ട് കടിച്ചെടുക്കാന്‍ സ്ര്തീയെ ക്ഷണിച്ചിരുന്നുവത്രെ. അപ്പോള്‍ സ്വാഭാവികമായി അവരുടെ ചുണ്ടുകള്‍ തമ്മില്‍ ഉരസി കാണും. അപ്പോള്‍ വൈദ്യുതിയൊന്നും പ്രവഹിച്ചില്ലെന്നാണു ശാസ്ര്ത്ജ്ഞന്മാര്‍ പറയുന്നത്. പക്ഷെ Oxcytocin എന്ന ഹോര്‍മോണ്‍ തലച്ചോറ് ഉല്‍പ്പാദിപ്പിക്കയും അത് അനിര്‍വ്വചനീയമായ ഒരു സുഖം അവര്‍ക്ക് പകരുകയും ചെയ്ത്കാണുമെന്ന് ശാസ്ര്ത്ജ്ഞന്മാര്‍ വിശ്വസിക്കുന്നു. ആ സുഖം പുകയില വലിച്ചെറിഞ്ഞ് ചുണ്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ അവരെ പ്രേരിപ്പിച്ച്കാണും. ഇരുട്ടില്‍ ഇണയുടെ ചുണ്ടുകള്‍ കണ്ടെത്താന്‍ ആണിനും പെണ്ണിനും കഴിയുന്നത് ചുംബനം നല്‍കുന്ന അനുഭൂതികൊണ്ടത്രെ. ചുണ്ടുകള്‍ പനിനീര്‍മലരിതളുകള്‍, വായ് നിറയെ മധു, അവളുടെ ചുംബനങ്ങള്‍ തേനീച്ച് കുത്തുന്നപോലെയുള്ള ഒരു വേദന തരുന്നു. എന്ന് എഴുത്തുകാര്‍ എഴുതി വച്ചു. ഉപ്പു വെള്ളം കുടിക്കുന്ന പോലെയാണത്രെ ചുംബനം, കുടിക്കുംന്തോറും ദാഹം കൂടുന്നു എന്ന് ചൈനീസ് പഴമൊഴിയില്‍ കാണുന്നു. കിസ്സ് ഒരിക്കലും മിസ്സാകുകയില്ലത്രെ, കുറെ കിസ്സ് ചെയ്യുമ്പോള്‍ ഒരു മിസ്സ് മിസ്സിസ്സാകുന്നു. അത് യുവഹ്രുദയങ്ങളുടെ പ്രണയപാരവശ്യ ചിന്തകളിലെ ഒരു വിശ്വാസം.

പരസ്യമായി ചുംബിക്കാമോ എന്നതാണു് ഇപ്പോള്‍ ഭാരതത്തിലെ യുവമനസ്സുകളുടെ ചിന്ത. സദാചാര പോലീസ് എന്ന ഒരു ഏഴാംകൂലി വിഭാഗം, നോക്കുകൂലി വിഭാഗം എന്നായിരിക്കുമോ ശരി, അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നുവെന്ന് മാദ്ധ്യമങ്ങളില്‍ നിന്നും നാം അറിയുന്നു. ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ അത് കാണാന്‍ നല്ല രസം എന്ന പോലെ അത് കാണാന്‍ ആളുണ്ട്, അവരെ അടിച്ചോടിക്കാനും. വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രശ്‌നങ്ങള്‍ പ്രതിദിനം വര്‍ദ്ധിച്ച്‌കൊണ്ടിരിക്കെ ആരെങ്കിലും പരസ്പരം ഉമ്മ വക്കുന്നത് തടയാന്‍ ഓരോ ഉമ്മാക്കിയുമായി തൊഴിലും പണിയുമില്ലാത്തവര്‍ ഇറങ്ങിതിരിക്കുന്നത് ഒരു ശല്യമെന്നല്ലതെ എന്തു പറയാന്‍ സാധിക്കും.

സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള പ്രേമ പ്രകടനങ്ങള്‍ എക്കാലത്തും നിലവില്‍ ഉണ്ടായിരുന്നു. മുഗ്ദ സങ്കല്‍പ്പങ്ങള്‍ ഉള്ളിലൊതുക്കി അച്ചടക്കത്തിന്റെ കൈപിടിച്ച് നടക്കുമ്പോഴും യുവ മനസ്സുകള്‍ തമ്മില്‍ അടുക്കാന്‍ കൊതിച്ചു. ശ്രീകോവിലുകള്‍ക്ക് മുന്നില്‍ തൊഴുത് നില്‍ക്കുമ്പോഴും, പ്രദക്ഷിണം വക്കുമ്പോഴും, പുറത്ത് നിരത്തില്‍ നടക്കുമ്പോഴും പൂവ്വിലേക്ക് പറന്നടുക്കുന്ന വണ്ടുകളെപോലെ യുവാക്കള്‍ പെണ്‍കുട്ടികളെ അനുരാഗത്തോടെ നോക്കി നിന്നു, അകലം പാലിച്ച് അവരുടെ പുറകെ നടന്നു. പ്രണയസുരഭില കാവ്യശകലങ്ങള്‍ മൂളി. അതൊന്നും പെണ്മനസ്സുകളെ കോപിപ്പിച്ചില്ല. അവര്‍ ഉള്ളാലെ അവ ആസ്വദിച്ചു. അവിടെ സംസ്കാര സമ്പന്നതയുടെ ഒരു നല്ല ഭാവം പ്രകടമാകുകയായിരുന്നു. ചില കുസ്രുതിത്തരങ്ങളും ഒരു അടക്കിയ ചിരികൊണ്ട് അവസാനിപ്പിച്ചിരുന്നു. പൂര്‍ണേന്ദു മുഖിയോടമ്പലത്തില്‍ വച്ച് ചൂടുള്ള ചുംബനം ഞാന്‍ ചോദിച്ചു, കണ്മണി അത് കേട്ട് നാണിച്ച് നാണിച്ച് കാല്‍ നഖം കൊണ്ടൊരു വര വരച്ചു. അത് പഴയ കാലം. ഇപ്പോഴാണെങ്കില്‍ അവള്‍ കൈനഖം കൊണ്ടൊരു പെട പെടക്കും. അല്ലെങ്കില്‍ "താങ്ക് യു ഡാ.." എന്നും പറഞ്ഞേക്കാം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സദാചാരത്തില്‍ ചില ഭേദഗതികള്‍ വരുന്നുണ്ട്. തലയും താടിയും വളര്‍ത്തിയ മുനിമാര്‍ എഴുതി വച്ചു എന്ന് വിശ്വസിച്ച് വരുന്ന ആര്‍ഷഭാരത സംസ്കാരം മുഴുവന്‍ കുറ്റമറ്റതല്ല. വിദേശാക്രമണം മൂലം വന്നു ചേര്‍ന്ന അനവധി സംസ്കാരങ്ങളുടെ ഒരു സങ്കരമാണു ഭാരതസംസ്കാരം ഭാരതത്തിന്റെ അങ്ങ് തെക്ക് പടിഞ്ഞാറു കിടക്കുന്ന കേരളമെന്ന പ്രദേശം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിലകൊണ്ടിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ.

പക്ഷി മ്രുഗാദികളും പ്രേമ ചാപല്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കാണാം. വസന്താരംഭത്തില്‍ പക്ഷികള്‍ പാടുന്ന പ്രേമഗാനങ്ങള്‍, മരം ചുറ്റി പ്രേമങ്ങള്‍ എല്ലം മനുഷ്യര്‍ക്ക് കൗതുകം പകരുന്നു. കുയിലുകള്‍ "കൂ കൂ'' എന്ന പാടുന്നതിന്റെ അര്‍ത്ഥം "നീ എവിടെ'' എന്നാണത്രെ. കൊക്കും ചിറകുമുരുമ്മി കുറുകികൊണ്ടിരിക്കുന്ന ഇണപ്രാവുകള്‍ എത്ര സുന്ദരമായ കാഴ്ച്ചയാണു്. കമിതാക്കള്‍ ചുംബിച്ച് നില്‍ക്കുന്നതും കാണാന്‍ ഭംഗിയാണു്. ആര്‍ഷ ഭാരതം അതനുവദിക്കാത്തത് അതിന്റെ പ്രത്യാഘാതങ്ങള്‍ സ്വീകരിക്കാന്‍ മാത്രം സമൂഹ മനസ്സിനു വലുപ്പമില്ലാത്തത്‌കൊണ്ടാണു്. സ്ര്തീകളെ പ്രേമിച്ച് പ്രേമിച്ച് ദേവ സ്ര്തീകളൊക്കെ ആക്കുമെങ്കിലും ദേവ സ്ര്തീകള്‍ക്ക് മനം പുരട്ടുന്ന എന്തെങ്കിലും പൊല്ലാപ്പ് വന്നാല്‍ പാടിയവന്റെ പൊടിപോലും പിന്നെ കാണില്ല. സ്ര്തീ അമ്മയാണു, ദേവിയാണു എന്നൊക്കെ പുസ്ത്കത്തിലും പ്രസംഗത്തിലും ഒക്കെ പുകഴ്ത്തുത്തുന്നവര്‍ തന്നെ അവരെ വെറും ചരക്കായി കാണുന്നു, കണ്ടിട്ടുണ്ട്, കണ്ടുകൊണ്ടിരിക്കുന്നു.. ചരക്കുകള്‍ ഉപയോഗിക്കപ്പെട്ടാല്‍ പിന്നെ സെക്കന്റ് ഹാന്റാകുന്നു. വിവാഹ വിപണിയില്‍ അവളുടെ വിലയിടിയുന്നു. പാശ്ചാത്യരുടെ വിശാലമനോഭാവം നമുക്കില്ലാത്തത്‌കൊണ്ട് "ആളുകള്‍ അറിയരുതെന്ന'' കവചത്തിന്റെ സുരക്ഷക്കുള്ളില്‍ കഴിയുന്നത് ഹിതകരമായിരിക്കും .കാലം എത്ര മാറിയാലും മാമൂലുകള്‍ പറ്റിപിടിച്ചിരിക്കും. സമൂഹം വ്യക്തിയെ എങ്ങനെ സ്വീകരിക്കുന്നു എന്നനുസരിച്ചാണു് ഓരോരുത്തരും അവരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്.

ഇപ്പോള്‍ നമ്മുടെ കേരളത്തില്‍ പ്രതിദിനം പുതിയ പുതിയ ആചാരങ്ങള്‍ ഉണ്ടാകുന്നു. പണത്തിന്റെ ശക്തി കൂടുന്നതനുസരിച്ച് വിവാഹത്തിലും, ജന്മദിനത്തിലും (ഒന്നു, അറുപത്, പിന്നെ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണുമ്പോള്‍, പണമുള്ളവര്‍ സമീപ ഭാവിയില്‍ ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ ആ ദിവസം ക്രുത്രിമമായി ഉണ്ടാക്കി ആഘോഷിക്കുന്നത് കാണാം) മരണത്തിലുമൊക്കെയുള്ള ആചാരങ്ങള്‍ക്ക് മാറ്റം വരുന്നു. വിദേശ രാജ്യങ്ങളിലെ ആചാരനുഷ്ഠാനങ്ങളും ഒന്നൊന്നായി ഇറക്കുമതി ചെയ്യപ്പെടാം. വലന്റയിന്‍ ദിനം ഭാരതം പ്രത്യേകിച്ച് കേരളം ഏറ്റെടുത്ത പോലെ അന്തര്‍ദേശീയ ചുംബന ദിനവും മലയാളികള്‍ ആഘോഷിക്കണം. സദാചാര വീരന്മാര്‍ അത്തരം സ്വാതന്ത്ര്യം അനുവദിക്കാന്‍ വഴിയില്ല. റോമാക്കാരുടെ ആചാരമനുസരിച്ച് വിവാഹിതരാകുന്നവര്‍ പൊതുജനസമക്ഷം ചുംബിക്കുന്നത് പതിവാണു്. അതിന്റെ ആവര്‍ത്തനം പോലെ ഇന്ന് പാശ്ചാത്യ നാടുകളില്‍ വിവാഹിതരാകുന്ന വധൂ-വരന്മാര്‍ വിവാഹമെന്ന കൂദാശയാല്‍ ആശീര്‍വദിക്കപ്പെട്ടുകഴിഞ്ഞാല്‍ പരസ്പരം ചുംബിക്കുന്നു. വിവാഹം വരെ അതിനൊക്കെ വേണ്ടികാത്ത് നില്‍ക്കാന്‍ കഴിവില്ലാത്തവരാണു് പ്രേമിക്കുന്ന യുവതീ യുവാക്കള്‍. ഷേക്‌സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റ് എന്ന നാടകത്തില്‍ റോമിയൊ അയാളുടെ ചുണ്ടുകളെ രണ്ട് തീര്‍ത്ഥാടകരോടുപമിക്കുന്നുണ്ട്. ആരാധനക്കായി ദേവാലയനടയില്‍ (ജൂലിയ്റ്റിന്റെ ചുണ്ടുകള്‍) നില്‍ക്കുന്ന തീര്‍ത്ഥാടകര്‍. കൈത്തലങ്ങള്‍ (palm ). തമ്മില്‍ സ്പര്‍ശിച്ചാല്‍ പോരെ (പനയോലകള്‍ കൊണ്ട് നടക്കുന്നത്‌കൊണ്ട് തീര്‍ത്ഥാടകരെ പാമര്‍ (palmer) എന്ന് പറയുന്നു.) എന്ന് ജൂലിയറ്റ് ചോദിക്കുമ്പോള്‍ റോമിയോ പറയുന്ന മറുപടി രസകരമാണു്. ജൂലിയറ്റിന്റെ ചുണ്ടുകളെ ചുംബിക്കുന്നത് കൈത്തലങ്ങള്‍ (റോമിയോടെ ചുണ്ടുകള്‍) കൂട്ടിമുട്ടിക്കുന്ന പോലെയാണു്. ദേവാലയത്തിനു(ജൂലിയറ്റിന്റെ ചുണ്ടുകള്‍) മുന്നില്‍ കൈത്തലങ്ങള്‍ കൂട്ടിമുട്ടിക്കുമ്പോള്‍ അത് പ്രാര്‍ത്ഥനാമുദ്രയാകുന്നു.

അമേരിക്കയില്‍ സുഹ്രുത്തുക്കളും ബന്ധുക്കളും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ കെട്ടിപിടിക്കുകയും കവിളില്‍ ഉമ്മ വക്കുകയുമൊക്കെ ചെയ്ത് വരുന്നുണ്ട്. ഓഫിസ്സിലെ സഹപ്രവര്‍ത്തകരും അങ്ങനെ പെരുമാറാറുണ്ട്. നാട്ടില്‍ നിന്നും വന്ന ഒരു ചാക്കോച്ചന്‍ സഹപ്രവര്‍ത്തകയായ ഒരു മദാമ്മയെ മുറുക്കി ആലിംഗനം ചെയ്ത് അവരുടെ ചുണ്ടില്‍ ചുംബിക്കാന്‍ ഒരുങ്ങവെ മദാമ്മ കുതറി മാറി. അടുത്ത് നിന്ന ഒരു സ്ര്തീ ചാക്കോച്ചനെ ഉപദേശിച്ചു. സുഹ്രുദ് ചുംബനങ്ങള്‍ കവിളിലാണു്. ചാക്കോച്ചന്‍ ദുരുദ്ദേശ്യത്തോടയല്ലായിരുന്നു അങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്. എന്നാല്‍ അറുപത് കഴിഞ്ഞ എഴുത്തുകാരനായ ഒരു തോമാച്ചന്‍ പെണ്ണെഴുത്തുകാരെ ഒരു സമ്മേളനത്തില്‍ "ഹഗ്'' ചെയ്ത് കഷ്ടപ്പെടുത്തി. മരുന്നുകള്‍ പലവട്ടം സേവിക്കുന്ന പോലെ അവരെ കാണുമ്പോഴൊക്കെ "ഹഗ്'' ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സംഘാടകര്‍ ക്ക് സദാചാ ര പോലീസ് കളിക്കേണ്ടി വന്നു. തോമാച്ചനു ദുരുദ്ദേശ്യമുണ്ടായിരുന്നു എന്നു ഒരു പത്രോസ് സ്വകാര്യം പറഞ്ഞപ്പോള്‍ മുതല്‍ പെണ്ണെഴുത്തുകാര്‍ ജാഗരൂഗരായി. ചില ആചാരങ്ങളെ മനുഷ്യര്‍ സ്വന്തം അഭീഷ്ടപൂര്‍ത്തിക്ക് വേണ്ടി വിനിയോഗിക്കുമ്പോഴും സമൂഹം ഇടപെടുന്നതില്‍ കുഴപ്പമില്ല.
സിനിമയില്‍ ചൂടുള്ള രംഗങ്ങള്‍ കാണുന്നത് പ്രേക്ഷകര്‍ക്ക് താല്‍പ്പര്യമാണു്. ഭാരതീയ സിനിമകളില്‍ ചുംബനമുണ്ടായിരുന്നു. 1933 ല്‍ ഇറങ്ങിയ ഒരു ചിത്രത്തില്‍ നാലു മിനിറ്റ് നീണ്ടു നിന്ന ചുംബനരംഗം ഉണ്ടായിരുന്നു. പക്ഷെ നടീ നടന്മാര്‍ ജീവിതത്തിലും ഭാര്യ ഭര്‍ത്താക്കന്മാരയിരുന്നതിനാലാകും ജനം അത് കുഴപ്പമുണ്ടാക്കാതെ സ്വീകരിച്ചത്. പിന്നീട് സെന്‍സര്‍ ബോര്‍ഡ് അത്തരം സീനുകള്‍ നിരോധിക്കയുണ്ടായി. തന്മൂലം അത്തരം രംഗങ്ങള്‍ കഥയില്‍ ആവശ്യം വരുമ്പോള്‍ സംവിധായകര്‍ എഴുതി കാണിച്ചു. Sorry, kissing is not allowed in Indian movies പിന്നെ ചിലര്‍ അത്തരം രംഗങ്ങള്‍ ആവശ്യം വരുമ്പോള്‍ പൂക്കളില്‍ നിന്നും വണ്ടു തേന്‍ നുകരുന്നതും, കിളികള്‍ കൊക്കുരുമ്മുന്നതും, വെള്ളിത്തിരയില്‍ വെളിച്ചം കെട്ടുപോകുന്നതുമൊക്കെ കാണിച്ച് കാണികളെ ഇക്കിളിപ്പെടുത്തി. മലയാളത്തിലും ഒരു ചുംബനരംഗം കാണിക്കാന്‍ ഒരു സംവിധായകന്‍ കാണിച്ച പരാക്രമങ്ങള്‍ ശ്രദ്ധിക്കുക.

കുപ്പിവളകള്‍ ഉടഞ്ഞു വീഴുന്നു. സ്വര്‍ണ്ണവളകള്‍ ഉരുണ്ട് പോകുന്നു. വികാരം ഉള്‍ക്കൊള്ളുന്നതിന്റെ പ്രതീകമായി നിറഞ്ഞ ചെമ്പു കുടം മലക്കം മറിഞ്ഞ് കല്‍പ്പടവുകളിലൂടെ തുള്ളി തുളുമ്പി അദമ്യമായ ആവേശത്തോടെ പുഴയുടെ മാറിലേക്ക് പാഞ്ഞ്് വരുന്നു. അപ്പോഴെക്കും വെള്ളം ഒഴിഞ്ഞ് പോയ കുടം ഉന്മാദ പരിവേഷം കലര്‍ന്ന സീല്‍ക്കാരത്തോടെ പുഴയിലെ വെള്ളം വലിച്ചകത്താക്കുന്നു. ജലപ്പരപ്പിനു മുകളില്‍ മന്ദാക്ഷമധുരമായ അലകള്‍ പരത്തികൊണ്ട് കുടം നിറയുമ്പോള്‍ സുന്ദരിയായ സിനിമാതാരം അവതരിപ്പിക്കുന്ന കാര്‍ത്തുമ്പി എന്ന പെണ്‍കുട്ടി മാണിക്യന്‍ എന്ന ചെറുപ്പക്കാരന്റെ കരവലയത്തില്‍ ബന്ധിതയായി അനുരാഗത്തിന്റെ ആദ്യമധുരം നുകരുന്നു. കാണികള്‍ ഉത്സാഹത്തോടെ അത് കണ്ട് നിര്‍വ്രുതിയടയുന്നു. ഒരു പക്ഷെ ഒരു ചുംബനരംഗം കാണിക്കുന്നതിനെക്കാള്‍ സിനിമ എന്ന കലയില്‍ ഇത്തരം ബിംബ പ്രദര്‍ശനങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയമായിരിക്കും.

ഭാരതീയ സംസ്കാരം കാത്ത് രക്ഷിക്കുന്നു എന്ന വ്യാജേന സദാചാര പോലിസുകാര്‍ വിലസുകയാണു്. സംസ്കാരം ഒരിക്കലും നിശ്ചലമായി സ്ഥിതി ചെയ്യുന്ന ഒന്നല്ല അത് മാറികൊണ്ടെയിരിക്കും. ഭാരതീയര്‍ വളരെ കാര്യങ്ങള്‍ പാശ്ചാത്യരില്‍ നിന്നും ദത്തെടുത്തിട്ടും യുവതി യുവാക്കള്‍ക്ക് സംസ്കാരം അനുവദിക്കുന്ന പരിധിയില്‍ നിന്നു പോലും പെരുമാറാന്‍ സമ്മതിക്കാതിരിക്കുന്നത് നിയമപാലകരുടെ ഒത്താശയുള്ളത്‌കൊണ്ട് കൂടിയായിരിക്കാം. നിയമപരമായി വിവാഹിതരായവര്‍ക്ക് പോലും പൊതു സ്ഥലത്ത് സഞ്ചരിക്കാന്‍ പ്രയാസമുണ്ടാക്കുന്ന സദാചാര പോലിസുകാരെ ശിക്ഷിക്കാന്‍ നിയമമുണ്ടാകണ്ടതാണു്. പൊതു സ്ഥലത്ത് ചുംബിക്കുന്നത് തടയാന്‍ വരുന്ന സദാചാര വീരന്‍ എന്തുകൊണ്ട് സ്ര്തീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോള്‍ എത്തുന്നില്ല. അയാള്‍ക്ക് നമ്മെ ഉത്തരം മുട്ടിക്കാന്‍ ഒരു തുരുപ്പ് ചീട്ടുണ്ട്. ചുംബന മത്സരത്തില്‍ അല്ലെങ്കില്‍ പരസ്യമായി ഒരു ആണ്‍കുട്ടിയെ ചുംബിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വേറൊരാള്‍ തയ്യാറാകില്ല. അത് കൊണ്ട് പെണ്‍കുട്ടികളെ അനാഘ്രാത കുസുമങ്ങളാക്കി കാത്ത് സൂക്ഷിക്കേണ്ടിയുിരിക്കുന്നു. ശരിയാണു പകുതി പാശ്ചാത്യ് സംസ്കാരവും പകുതി ഭാരതീയ്‌സ് സംസ്കാരവും പാലിക്കാന്‍ പോയാല്‍ രണ്ടു വള്ളത്തില്‍ സഞ്ചരിക്കുന്ന പോലെയാകും. നല്ലത് തീരുമാനിക്കാന്‍ ബുദ്ധിയുപയോഗിക്കയാണു് എല്ലാവരും ചെയ്യേണ്ടത്.

ഒരു കാലത്ത് നിഷിദ്ധമായ കാര്യങ്ങള്‍ പലതും പില്‍ക്കാലത്ത് വ്യാപകമായിട്ടുണ്ട്. അതി വിദൂരമല്ലാത്ത ഭാവിയില്‍ പൊതുസ്ഥലത്ത് വച്ച് "മുത്തു ഗവു'' എന്ന് ആണ്‍കുട്ടികളൂം പെണ്‍കുട്ടികളൂം പറയുമായിരിക്കും. അത്തരം കാര്യങ്ങള്‍ അന്യ ഭാഷയില്‍ പറഞ്ഞാല്‍ കുഴപ്പമില്ലെന്നുള്ളതും മലയാളികളുടെ മാത്രം പ്രത്യേകതയാണു്. സ്വന്തം ഭാഷയില്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ പറയാന്‍ മലയാളിക്ക് എപ്പോഴും ഒരു ചമ്മലാണു്.
ശുഭം

Join WhatsApp News
Joseph Padannamakkel 2017-12-01 10:33:46
ശ്രീ സുധീർ പണിക്കവീട്ടിലിന്റെ 'മുത്തു ഗഹു' എന്ന ലേഖനം വളരെ താല്പര്യപൂർവമാണ് വായിച്ചത്. മനോഹരമായ ശൈലിയിൽ കാവ്യാത്മകമായി എഴുതിയ ഒരു ലേഖനം ഈ മലയാളിയിൽ വായനക്കാർക്കായി കാഴ്ച്ച വെച്ച അദ്ദേഹത്തെ അഭിനന്ദിക്കുന്നു. 

പലരും രഹസ്യമായി ഇഷ്ടപ്പെടുകയും പരസ്യമായി വിമർശിക്കുകയും ചെയ്യുന്ന ഒന്നാണ് ചുംബനം. പാശ്ചാത്യ രാജ്യങ്ങളിൽ കവിളത്ത് ഉമ്മ വെക്കുകയെന്നത് ആത്മാർത്ഥതയുടെ പ്രതീകമായി കരുതുന്നു. ചുണ്ടത്ത് പ്രണയിനികളെ മാത്രമേ സാധാരണ ഉമ്മ വെക്കാറുള്ളൂ. ഞായറാഴ്ചകളിൽ അമേരിക്കൻ പള്ളികളിൽ കുർബാന കഴിഞ്ഞാൽ പുരോഹിതൻ സ്ത്രീകൾക്ക് കവിളത്ത് ഉമ്മകളും പുരുഷന്മാർക്ക് കൈകളും കൊടുക്കുന്ന പതിവുകളുണ്ട്. ഒരു മലയാളി പുരോഹിതൻ ഉമ്മകളുടെ നിയമങ്ങൾ അറിയാതെ സ്ത്രീകളുടെ ചുണ്ടത്ത് ഉമ്മകൾ വെച്ച് പ്രശ്നത്തിലായതും ഓർക്കുന്നു.  

ചുംബനം വലിയ പാപമോ? ചുംബനം കുറ്റകരമായി ചില രാജ്യങ്ങൾ കരുതുന്നു. അത് ഓരോ രാജ്യത്തിന്റെയും സംസ്ക്കാരം അനുസരിച്ച് ചുംബനത്തെ കുറ്റകരമായി കാണുന്നു. സൗദി അറേബ്യയായിൽ സഹോദരി സഹോദരന്മാർ തമ്മിൽ ചുംബിക്കുന്നതുപോലും കുറ്റകരമാണ്. അവിടെ ജയിൽശിക്ഷ കിട്ടും. സൗദിയിൽ സന്ദർശകരായിരുന്ന ബ്രിട്ടീഷ് ദമ്പതികൾ ഭക്ഷണ ശാലയിൽ ഉമ്മ വെച്ചതിന് ആറു മാസം ജയിൽ ശിക്ഷ കിട്ടിയതായും പത്രത്തിൽ വായിച്ചു. 

പ്രവാസികളുടെ പ്രവാഹം വിദേശ രാജ്യങ്ങളിലേക്ക് തുടങ്ങിയതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ വിരഹ ദുഃഖം അനുഭവപ്പെടുന്ന ഭാര്യ ഭർത്താക്കന്മാർ പരസ്പ്പരം പരസ്യമായി ഉമ്മ കൊടുക്കുന്നതും നിത്യ കാഴ്ചകളാണ്. അത്തരം പരസ്യ ചുംബനങ്ങൾ സദാചാര വിരുദ്ധമല്ല. വിവാഹത്തിനുശേഷമുള്ള പരസ്യമായ ആ ചുംബനത്തിനു പ്രത്യേകമായ ഒരു സുഖവുമുണ്ട്. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാർ മുതൽ ആ സുഖം അനുഭവിച്ചവരാണെന്നതിലും സംശയമില്ല. അതിൽ വിരഹത്തിന്റെ നൊമ്പരവും സുഖവും ഒന്നിച്ചു കലർന്നിരിക്കുന്നു. 

ചുംബനത്തെക്കുറിച്ച് എഴുതാത്ത കവികളില്ല. ചങ്ങമ്പുഴയുടെയും വയലാറിന്റെയും കവിതകളിൽ ചുംബനത്തിന്റെ മാധുര്യം ഉണ്ട്. ചുംബനം കുറ്റമാണെങ്കിൽ ചുംബനത്തെക്കുറിച്ച് മലയാളത്തിൽ എഴുതിയ കവിതകളും നിരോധിക്കേണ്ടതല്ലേ? ആണും പെണ്ണും പ്രണയിച്ചു ഉമ്മ വെച്ചാൽ ഇടിഞ്ഞുപോവുന്ന ഭ്രാന്തൻ സദാചാരസംസ്‌ക്കാരമാണ് നമ്മുടെ നാട്ടിലുള്ളത്. ബസ്സിൽ പോലും ആണിനും പെണ്ണിനും ഒരു സീറ്റിൽ ഇരിക്കാൻ പാടില്ലെന്ന നിയമം ഇന്ത്യയിൽ കേരളത്തിൽ മാത്രമേയുള്ളൂ. നമ്മുടെ ചെറുപ്പക്കാർ തൊട്ടു വയസ്സന്മാർവരെ കുറച്ചുകൂടി സംസ്ക്കാരപരമായി പെരുമാറിയാൽ ഈ വ്യവസ്ഥിതികൾക്കെല്ലാം മാറ്റം വരുത്താവുന്നതേയുള്ളൂ.
നാരദന്‍ 2017-12-01 16:52:51
സുദീര്‍ മാഷേ കലക്കി . ഇതൊക്കെ വായിച്ചു മുക്ര ഇടുവാന്‍ തുടങി  മലയാളി അച്ചായന്മാര്‍. അടുത്ത സണ്‍‌ഡേ വലിയ ചന്ദ്രന്‍ ദിവസം എന്നത് കൂടി ചേര്‍ത്ത് വായിക്കുക.
ഇ മലയാളിയില്‍ കമന്റ്‌ എഴുതുന്ന ചില ഞരമ്പ്‌ രോഗികള്‍ക്ക് ഇതൊന്നും സുഗിക്കില്ല. മയില്പ്രയെ ചീത്ത വിളിക്കുന്ന ഇവര്‍ താങ്കളെയും വിടില്ല.
Kissing is an art to begin and leads to bliss.
andrew 2017-12-01 17:29:55

Humans; in kissing uses several muscles & we even have a kissing muscle.  The tongue is also used and when lips get locked many nerve endings come together to make them sensitive to bite and touch. A passionate kiss can reduce stress and anxiety like the kiss of mother to the child. Kiss with love can even reduce cholesterol.

Kissing can transmit certain diseases like herpes but cannot transmit HIV.

Benefits of kissing your partner are many. Good personal and family relationship which will help to raise good children > good citizens. Kissing is a matter personal choice and no one should interfere with hollow ethics or moral codes.

You have covered in detail many aspects of kissing and these words are just to appreciate your hard work.

G. Puthenkurish 2017-12-01 22:26:52
റോസാദളത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന മുള്ളുപോലെയാണ് ചുംബനത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന എൺപത് മില്യൺ രോഗാണുക്കൾ എന്ന് സുധീർ ചുംമ്പന വേന്ദ്രന്മാർക്ക് ഒരു മുന്നറിവ് നൽകുന്നു. ഇത് ദളങ്ങൾ കൊഴിഞ്ഞുകൊണ്ടിരിക്കുന്നവർക്ക് ബാധകമല്ല.പക്ഷെ ഒരിക്കലും കൊഴിയുകയില്ല എന്ന് വിശ്വസിക്കുന്നവർ സൂക്ഷിക്കണം!. ആസ്സാമിലെ ജനങ്ങളെപ്പോലെയോ അല്ലെങ്കിൽ 'ദൂരം മതിപ്പിന്റെ നാരായ വേരാണ് ദൂരത്ത് നില്ക്കുവിൻ കൈകൾ കൂപ്പിൻ " എന്ന ചങ്ങമ്പുഴ കവിത ശകലം പോലെയോ കാണുന്നവരെ ഒക്കെ  ചുംമ്പിക്കാതെ ഒരല്പം ദൂരം സൂക്ഷിക്കുന്നത് ചുംമ്പന വിദഗ്‌ദ്ധരുടെ ആരോഗ്യത്തിന് നല്ലതാണ് .   ജോ ആദം പറഞ്ഞതുപോലെ, "നിങ്ങളെ ചുംമ്പി ക്കാൻ ഒരു വിഡ്ഢിയെ ഒരിക്കലും അനുവദിക്കാതിരിക്കുക അതുപോലെ ഒരു ചുംമ്പനത്താൽ  നിങ്ങൾ ഒരിക്കലും വിഡ്ഢിയാകാതിരിക്കുക " .  ഹാസ്യം ശൃംഗാരം എല്ലാം ഇടകലർത്തി ചുംമ്പനത്തിന്റെ നടക്കാവിലൂടെ സുധീർ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു .   'നീ എവിടെ നിൻ നിഴലെവിടെ നിന്നിൽ പ്രേമം നട്ടു വളർത്തിയ നിശബ്ദമോഹങ്ങൾ എവിടെ" എന്ന് പാടുന്നതിന്റെ  ഷോർട്ട്ഹാൻഡ് ഫോം ആയിരിക്കും കുയിലുകൾ കൂ കൂ  ശബ്ദം പുറപ്പെടുവിക്കുന്നതെന്ന് ഞാൻ സംശയിക്കുന്നു .  ഒരു വിദഗ്ദ്ധ ശില്പിയെപ്പോലെ ശ്രീ സുധീർ നല്ലൊരു സൃഷ്ടി  കോറിയെടുത്തിരിക്കുന്നു  .അഭിനന്ദനം !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക