Image

ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം

അനില്‍ കെ പെണ്ണുക്കര Published on 30 November, 2017
ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം
കേരളത്തിലെ കടല്‍ത്തീരത്തും മലയോര മേഖലയിലും വിനോദസഞ്ചാരികള്‍ യാത്ര ഒഴിവാക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ശബരിമല തീര്‍ഥാടകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലകളില്‍ വൈകീട്ട് ആറിനും രാവിലെ ഏഴിനും ഇടയില്‍ യാത്ര ഒഴിവാക്കണം. വൈദ്യുതി തടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണുകളും എമര്‍ജന്‍സി ലൈറ്റുകളും ചാര്‍ജ് ചെയ്ത് സൂക്ഷിക്കണം. മലയോര റോഡുകളില്‍ യാത്ര ചെയ്യുമ്പോള്‍ വാഹനങ്ങള്‍ ഒരു കാരണവശാലും മരത്തിന് താഴെയും നീരുറവകളുടെ അടുത്തും നിര്‍ത്തിയിടാന്‍ പാടില്ല. ശബരിമല തീര്‍ഥാടകര്‍ കാനനപാതയിലുടെയുള്ള യാത്ര രണ്ട് ദിവസത്തേയ്ക്ക് ഒഴിവാക്കുക. പുഴകളിലും നീരുറവകളിലും ഇറങ്ങാതിരിക്കുക. പമ്പാ സ്നാന സമയത്ത് പമ്പയിലെ ജലനിരപ്പ് ശ്രദ്ധിച്ച് മാത്രം നദിയില്‍ ഇറങ്ങുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് എല്ലാ വകുപ്പുകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതായും കളക്ടര്‍ അറിയിച്ചു.

സന്നിധാനത്ത് താഴേ തിരുമുറ്റത്തുള്ള രണ്ട് വാകമരങ്ങളിലെ അപകടകരമായിനിന്ന ശിഖരങ്ങള്‍ വനംവകുപ്പിന്റെയും ദേവസ്വംബോര്‍ഡിന്റേയും നേതൃത്വത്തില്‍ മുറിച്ച് മാറ്റി. ഇന്നലെ സന്നിധാനത്ത്(30ന്) പെയ്ത ശക്തമായ മഴയിലും കാറ്റിലും ചെറിയ വൃക്ഷശിഖരങ്ങള്‍ ഒടിഞ്ഞ് വീണിരുന്നു. ഒരു തീര്‍ഥാടകന് ഇതില്‍ നിസാര പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം സന്നിധാനത്തും പരിസരത്തും അപകടകരമായി നിന്ന എല്ലാ വൃക്ഷശിഖരങ്ങളും മുറിച്ച് മാറ്റി. മഴയും കാറ്റും സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി നല്‍കിയിരുന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സന്നിധാനത്തും പമ്പയിലും പോലീസും ഫയര്‍ഫോഴ്സും വനംവകുപ്പും ദ്രുതകര്‍മസേനയും ആവശ്യമായ എല്ലാ മുന്‍കരുതലുകളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ(30ന്) ഉച്ചയോടെ സന്നിധാനത്ത് തീര്‍ഥാടകരുടെ തിരക്കില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.


വിലവിവരപ്പട്ടിക ആറ് ഭാഷകളില്‍
================================
വിലവിവരപ്പട്ടിക ആറ് ഭാഷകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന 
സന്നിധാനത്തെ ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക ആറ് ഭാഷകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്. സന്തോഷ്‌കുമാര്‍ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, തുലാപ്പള്ളി, പ്ലാപ്പള്ളി എന്നീ സ്ഥലങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഈടാക്കാവുന്ന വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടറേറ്റില്‍ നിന്നും വിലവിവരപ്പട്ടിക തയ്യാര്‍ ചെയ്ത് എല്ലാ ഹോട്ടലുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ ചില ഹോട്ടലുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും മാത്രം തയ്യാറാക്കിയിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ വെച്ചിട്ടുണ്ട്. ഇത്തരത്തില്‍ വെച്ചിട്ടുള്ള വലിയ ഫ്ളക്സ് ബോര്‍ഡുകളില്‍ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ വിലവിവരം പ്രദര്‍ശിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹോട്ടലുകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളില്‍ ആറ് ഭാഷകളിലുമുള്ള വിവരങ്ങള്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ ഓഫീസില്‍ വിളിച്ച് ചേര്‍ത്ത ഹോട്ടല്‍ ഉടമകളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന്(ഒന്നിനകം) രണ്ട് ഭാഷകളില്‍ മാത്രമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡുകള്‍ മാറ്റി ആറ് ഭാഷകളിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. സന്നിധാനത്ത് വില്‍പ്പന നടത്തുന്ന പഴവര്‍ഗങ്ങളുടെ വിലവിവരം പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. ഇന്നലെ(29ന്) വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 8000 രൂപ പിഴ ഈടാക്കി. അമിതവില ഈടാക്കല്‍, അളവില്‍ കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ എന്നിവയ്ക്കാണ് പിഴ ചുമത്തിയത്.

കര്‍മനിരതരായി വിശുദ്ധി സേനാംഗങ്ങള്‍
=========================================
സന്നിധാനവും പരിസരവും ശുചിയായി സൂക്ഷിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ഭാഗങ്ങളുടെ ശുചീകരണം ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്തുള്ള വിവിധ സ്ഥലങ്ങളിലെ ശുചീകരണത്തില്‍ ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലുള്ള വിശുദ്ധി സേനാംഗങ്ങളുടെ പങ്ക് വളരെ വലുതാണ്. തമിഴ്നാട്ടില്‍ നിന്നെത്തിയിട്ടുള്ള 300 വിശുദ്ധി സേനാംഗങ്ങളാണ് സന്നിധാനത്ത് ശുചീകരണം നടത്തുന്നത്. ശുചീകരണത്തിനായി സന്നിധാനത്തെ ഒന്‍പത് സെക്ടറുകളായി തിരിച്ചിട്ടുണ്ട്. താഴെ തിരുമുറ്റം, അപ്പാച്ചിമേട്-മരക്കൂട്ടം റോഡ്, മരക്കൂട്ടം-സബ്വേ, മരക്കൂട്ടം-ശരംകുത്തിറോഡ്, നടപ്പന്തല്‍, ഭസ്മക്കുളം, പാണ്ടിത്താവളം, മാലിന്യസംസ്‌ക്കരണ പ്ലാന്റ്, മരക്കൂട്ടം-13-ാം വളവ് എന്നിങ്ങനെയാണ് ശുചീകരണസ്ഥലങ്ങള്‍ വേര്‍തിരിച്ചിട്ടുള്ളത്. ആറ് സെക്ടറുകളില്‍ 24 മണിക്കൂറും ശുചീകരണം നടക്കുന്നുണ്ട്. പുണ്യംപൂങ്കാവനം പദ്ധതിയുടെ ഭാഗമായി നടക്കുന്ന ശുചീകരണത്തിലും വിശുദ്ധി സേനാംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. 23 മുതല്‍ 40 പേര്‍വരെ ഉള്ളവരുടെ സംഘങ്ങളായാണ് വിശുദ്ധി സേനാംഗങ്ങളെ വിവിധ സെക്ടറുകളായി നിയോഗിച്ചിട്ടുള്ളത്. ഓരോ സെക്ടറിലും സേനാംഗങ്ങളില്‍ നിന്നും ഓരോരുത്തരെ സൂപ്പര്‍വൈസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമേ റവന്യൂ വകുപ്പില്‍ നിന്നുള്ള ഒന്‍പത് സൂപ്പര്‍വൈസര്‍മാരേയും ഓരോ സെക്ടറുകളിലായി നിയോഗിച്ചിട്ടുണ്ട്. സുരേഷ്ബാബു, വിനോദ്, മനോജ്, അനുഅജയന്‍, ജയന്‍, ബൈജു, രമേശ്, സന്തോഷ്‌കുമാര്‍, വിഷ്ണു സലിംകുമാര്‍ എന്നിവരാണ് സൂപ്പര്‍വൈസര്‍മാരായി പ്രവര്‍ത്തിക്കുന്നത്.

അയ്യപ്പഭഗവാന് ലഭിക്കുന്നത് വൈവിധ്യമാര്‍ന്ന കത്തുകള്‍
====================================================
നിത്യ ബ്രഹ്മചാരിയായ അയ്യപ്പഭഗവാന് ലഭിക്കുന്നത് നിരവധി വിവാഹ ക്ഷണക്കത്തുകള്‍. പ്രണയസാഫല്യത്തിനായി കത്തുകള്‍ അയയ്ക്കുന്നവരും കുറവല്ല. കൂടാതെ ഗൃഹപ്രവേശനത്തിന് ക്ഷണിക്കല്‍, ഉദ്ദിഷ്ടകാര്യം സാധിച്ചതിന് നന്ദിപ്രകടനം തുടങ്ങി വൈവിധ്യമാര്‍ന്ന കത്തുകളാണ് സന്നിധാനത്തെ തപാല്‍ ഓഫീസില്‍ പ്രതിദിനംകിട്ടിക്കൊണ്ടിരിക്കുന്നത്. സന്നിധാനത്തെ ജോലി ഒരു വ്രതാനുഷ്ഠാനംപോലെ കരുതുന്ന പോസ്റ്റ്മാസ്റ്റര്‍ എം. അയ്യപ്പന്‍ ഈ കത്തുകള്‍ അന്നന്ന് തന്നെ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറിക്കൊണ്ടിരിക്കുന്നു. 
സന്നിധാനത്തെ പോസ്റ്റോഫീസില്‍ അയ്യപ്പഭഗവാന്റെ പേരില്‍ ഇന്നലെ(29)വരെ മണിഓര്‍ഡറായി ലഭിച്ചത് 19104 രൂപ. മണിഓര്‍ഡറുകളുടെ തുക അതത് ദിവസം തന്നെ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് പോസ്റ്റമാസ്റ്റര്‍ കൈമാറും. ഇതിന് പുറമേ തപാല്‍വകുപ്പിന്റെ മൈസ്റ്റാമ്പ് പദ്ധതിയില്‍ സ്വന്തം ഫോട്ടോ ഉള്‍ക്കൊള്ളുന്ന സ്റ്റാമ്പ് തയ്യാറാക്കി വാങ്ങുന്നതിന് ഭക്തരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. സ്വാമിവേഷത്തില്‍ സ്റ്റാമ്പ് തയ്യാറാക്കി വാങ്ങുന്നതിനാണ് ഭക്തര്‍ക്ക് താല്‍പ്പര്യം. അഞ്ചുരൂപയുടെ പന്ത്രണ്ട് സ്റ്റാമ്പുകളടങ്ങുന്ന ഒരു ഷീറ്റാണ് 300രൂപയ്ക്ക് മൈസ്റ്റാമ്പ് പദ്ധതിയില്‍ നല്‍കുന്നത്. ഒന്നില്‍ കൂടുതല്‍ ഷീറ്റുകള്‍ എടുക്കുന്നവര്‍ക്ക് അധികമായെടുക്കുന്ന ഓരോ ഷീറ്റിനും 270രൂപയാണ് ഇടാക്കുന്നത്. സ്വന്തം ഫോട്ടോയുള്ള തപാല്‍സ്റ്റാമ്പുകള്‍ കരസ്ഥമാക്കി അയയ്ക്കാന്‍ കഴിയുമെന്നതാണ് തപാല്‍വകുപ്പിന്റെ മൈസ്റ്റാമ്പ് പദ്ധതിയുടെ പ്രത്യേകത. സന്നിധാനത്തെ തപാല്‍വകുപ്പിന്റെ സീലിനും ഒരു പ്രത്യേകതയുണ്ട്. പതിനെട്ടാംപടിയില്‍ അയ്യപ്പന്‍ ഇരിക്കുന്ന രൂപമാണ് സീലില്‍ ആലേഖനം ചെയ്തിട്ടുള്ളത്. ഒരു പോസ്റ്റ്മാസ്റ്ററും രണ്ട് പോസ്റ്റ്മാന്‍മാരും നാല് അസിസ്റ്റന്റ്മാരും അടങ്ങുന്നതാണ് സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിന് താഴെയായുള്ള തപാല്‍ഓഫീസ്.

ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം
ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം
ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം
ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം
ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം
ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം
ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം
ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക