Image

ഗോപിയോ ആഗോള കണ്‍വെന്‍ഷന്‍ 2018 ജനുവരി 6 മുതല്‍ ബഹ്‌റൈനില്‍

Published on 01 December, 2017
ഗോപിയോ ആഗോള കണ്‍വെന്‍ഷന്‍ 2018 ജനുവരി 6 മുതല്‍ ബഹ്‌റൈനില്‍
മനാമ: ആഗോള തലത്തില്‍ ഇന്ത്യന്‍ വംശജരുടെ സ്വാധീന ശക്തിയായി വളര്‍ന്ന ബൗദ്ധിക സംഘം 'ഗോപിയോ' (ദി ഗ്‌ളോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്ള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) 2018 ജനുവരി 6 മുതല്‍ 9 വരെ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ദ്വൈവാര്‍ഷിക സമ്മേളനം സംഘടിപ്പിക്കുന്നു. ഗള്‍ഫ് ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന് പ്രവാസി ഇന്ത്യക്കാരില്‍ (എന്‍ആര്‍ഐ) നിന്നും ഇന്ത്യന്‍ വംശജരില്‍ (പിഐഒ) നിന്നും വമ്പിച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജനുവരി 6ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ഇന്ത്യന്‍ വിദേശ കാര്യ സഹ മന്ത്രി ജനറല്‍ ഡോ. വി.കെ സിംഗ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, ഗോപിയോ, എന്‍ആര്‍ഐ അച്ചീവേഴ്‌സ് മാഗസിന്‍ എന്നിവയുടെ സഹകരണത്തില്‍ 'എന്‍ആര്‍ഐ വിമന്‍ അച്ചീവേഴ്‌സ് സമ്മാന്‍' സമര്‍പ്പിക്കുമെന്ന് ഗോപിയോയുടെ ഗ്‌ളോബല്‍ അംബാസഡറും പരിപാടിയുടെ ചീഫ് കണ്‍വീനറുമായ സണ്ണി കുലത്താക്കല്‍ അറിയിച്ചു.

ജനുവരി 7ന് നടക്കുന്ന പരിപാടിയില്‍ മുന്‍ വിദേശ കാര്യ മന്ത്രി ഡോ. ശശി തരൂരും മുതിര്‍ന്ന ബിജെപി നേതാക്കളും 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ സംബോധന ചെയ്ത് സംസാരിക്കും.

ഗോപിയോയും ഡല്‍ഹിയില്‍ നിന്ന് 37 വര്‍ഷമായി പ്രസിദ്ധീകരിക്കുന്ന ബിസിനസ് ഇന്ത്യാ മാഗസിനുമായി ചേര്‍ന്ന് അന്നേ ദിവസം വൈകുന്നേരം ഒരുക്കുന്ന ചടങ്ങില്‍ 'ഗ്‌ളോബല്‍ ഇന്ത്യന്‍ ബിസിനസ്‌മെന്‍ അവാര്‍ഡ്' സമ്മാനിക്കും. 'ദി പയനിയര്‍' എഡിറ്റര്‍ ചന്ദന്‍ മിത്ര, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, ബിജെപി വക്താവ് നളിന്‍ കോഹ്‌ലി എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിക്കും. ആഗോള ടെലികമ്യൂണികേഷന്‍സ് പ്രയോക്താവായ സാം പിത്രോഡ ജനുവരി 8ന് പ്രതിനിധികള്‍ക്കായി വിശദമായ സെഷന്‍ നടത്തുന്നതാണ്. മുന്‍ പ്രധാനമന്ത്രിമാരും മുന്‍ രാഷ്ട്രത്തലവന്മാരും ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗങ്ങളുമടക്കമുള്ള പ്രമുഖര്‍ ത്രിദിന സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പങ്കെടുക്കുന്ന പ്രമുഖരില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഗുഡ്‌വില്‍ സ്വെലിത്തീനി കാ ഭെകൂസുലു രാജാവ് 25 അംഗ പ്രതിനിധികളുമായി എത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അസംബഌ ചീഫ് വിപ് രാജ് പുരോഹിത് എന്നിവര്‍ വന്‍ ബിസിനസ് പ്രതിനിധി സംഘവുമായാണ് സമ്മേളനത്തിന് എത്തുക.

30 മില്യന്‍ വിദേശ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരമുള്ള പ്രസ്ഥാനമായ ഗോപിയോ ഇത്തരമൊരു സമ്മേളനം ബഹ്‌റൈനില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിനെ ബഹ്‌റൈന്‍ ഊര്‍ജ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ മിര്‍സ സ്വാഗതം ചെയ്തു.

ഐതിഹാസികമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നയിക്കാന്‍ 1915 ജനുവരി 9ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മഹാത്മാ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തിയതിനെ അനുസ്മരിച്ചു കൊണ്ടാണ് 'വിദേശ ഇന്ത്യക്കാരുടെ' കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. ഗാന്ധിജിയുടെ തിരിച്ചുവരവിനെ അനുസ്മരിച്ചാണ് ഓരോ ഒന്നിടവിട്ട വര്‍ഷങ്ങളിലും ഇന്ത്യന്‍ സര്‍ക്കാര്‍ പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്നത്. ഗോപിയോയും ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത പരിപാടി ഒരുക്കുന്നതെന്ന് ഗോപിയോ ന്യൂയോര്‍ക്ക് ചെയര്‍മാന്‍ ഡോ. തോമസ് എബ്രഹാം പറഞ്ഞു.

കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ പൂര്‍ണ പിന്തുണ ഈ കണ്‍വെന്‍ഷനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള തലത്തിലുള്ള ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് തന്ത്രപ്രധാനമായ നെറ്റ്‌വര്‍ക്കിംഗ് പഌറ്റ്‌ഫോം ആണ് ബഹ്‌റൈന്‍ കണ്‍വെന്‍ഷനിലൂടെ ഗോപിയോ ഒരുക്കുന്നത്. 1989ല്‍ സ്ഥാപിതമായത് മുതല്‍ ഇത്രയും കാലത്തിനിടെ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ബിസിനസുകാരെ ഒരുമിച്ചു കൂട്ടുന്നതില്‍ വലിയ കാല്‍വെപ്പുകളാണ് ഗോപിയോ നടത്തിയിട്ടുള്ളത്. അതോടൊപ്പം, പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ വിവിധ സര്‍ക്കാറുകള്‍ക്ക് മുന്നിലും രാജ്യാന്തര വേദികളിലും എത്തിക്കാനും ഈ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്ന് ഗോപിയോ പ്രസിഡന്റ് നീരജ് ബക്ഷി പറഞ്ഞു.
ഗോപിയോ ആഗോള കണ്‍വെന്‍ഷന്‍ 2018 ജനുവരി 6 മുതല്‍ ബഹ്‌റൈനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക