Image

'ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് ' ഡിസം. ഒന്നിന് തീയേറ്ററുകളിലെത്തും

Published on 01 December, 2017
'ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് ' ഡിസം. ഒന്നിന് തീയേറ്ററുകളിലെത്തും

ബെര്‍ലിന്‍: മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിത 'ഏലിയാമ്മച്ചി'യായി അഭിനയിച്ച ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് എന്ന സിനിമ ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും.

മധ്യകേരളത്തിലെ ഒരമ്മച്ചിയായി ചട്ടയും മുണ്ടും നേര്യതും കാതില്‍ കുണുക്കുമിട്ട ഒരു തികഞ്ഞ സത്യക്രിസ്ത്യാനിയായ അമ്മച്ചിയുടെ വേഷത്തില്‍, ധനികനായ കമ്യൂണിസ്റ്റുകാരനായ ഭര്‍ത്താവിന്റെ ഉത്തമ ഭാര്യയയി മലയാളത്തിന്റെ അമ്മയായ കെപിഎസി ലളിത ഈ ചിത്രത്തിലൂടെ ഏറെ തിളങ്ങുന്നു. പിറന്ന നാള്‍ മുതല്‍ ലഭിച്ച ഈശ്വരവിശ്വാസം ഒട്ടും ചോര്‍ന്നുപോവാതെ വാക്കിലും പ്രവൃത്തിയിലും കൊണ്ടു നടക്കുന്ന അമ്മച്ചി ഒരു കുര്‍ബാന പോലും മുടക്കാത്തയാളാണ്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍ പേഴ്‌സണായ ലളിതച്ചേച്ചി ഈ സിനിമയില്‍ ടൈറ്റില്‍ റോളാണ് അഭിനയിക്കുന്നത്.

'അമ്മദൈവം' എന്ന സങ്കല്‍പ്പമാണ് ഈ സിനിമ.ചിത്രത്തിന്റെ പേരുപോലെ തന്നെ ഒരു സസ്‌പെന്‍സ് ഈ ചിത്രത്തില്‍ മറഞ്ഞിരിയ്ക്കുന്നു.പെറ്റമ്മയെ ഉപേക്ഷിയ്ക്കാനുള്ള മക്കളുടെ കുതന്ത്രങ്ങള്‍ സിനിമയില്‍ ഉരുത്തിരിയുന്നു. ഒടുവില്‍ വൃദ്ധസദനത്തില്‍ എത്തേണ്ടി വരുന്ന ഏലിയാമ്മച്ചിയുടെ മാനസിക പിരിമുറുക്കവും വ്യഥയുമെല്ലാം ചിത്രത്തില്‍ ഒപ്പിയെടുത്തിരിയ്ക്കുന്നു. എല്ലാ ബുധനാഴ്ചകളിലും മാര്‍പാപ്പാ വിശ്വാസികളെ നേരിട്ടു കണ്ട് ആശീര്‍വദിയ്ക്കുന്ന ദിനത്തില്‍ അമ്മച്ചി വത്തിക്കാനിലെത്തി മാര്‍പാപ്പായെ നേരിട്ടുകാണുന്ന സീനും സിനിമയിലുണ്ട്.

പത്തേക്കര്‍ പുരയിടവും വലിയ വീടും സ്വന്തമായുള്ള കടുത്ത കമ്യൂണിസ്റ്റുകാരനായ ഈപ്പച്ചന്റെ ഭാര്യയായ ഏലിയാമ്മച്ചി, ഭര്‍ത്താവിന്റെ മരണശേഷം തനിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ യൂറോപ്പില്‍ താമസിയ്ക്കുന്ന ഇവരുടെ മക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഈപ്പച്ചന്‍ പൊന്നുപോലെ താലോലിച്ചിരുന്ന വീടും പുരയിടവും വിട്ട് മക്കളുടെ അടുത്തേയ്ക്കു പഴയ പ്രൗഢിയോടെ അമ്മച്ചിയായി എത്തുന്നതും ജര്‍മനിയിലും, ലണ്ടനിലും ഇറ്റലിയിലും താമസിയ്ക്കുന്ന മക്കളുടെ കുബുദ്ധിയില്‍പ്പെട്ട് വൃദ്ധസദനത്തിലേയ്ക്കു ചേക്കേറി ചുരുങ്ങിക്കൂടേണ്ടി വരുന്നതുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. 

ഈപ്പച്ചനായി പത്മശ്രീ മധുവും, ഏലിയാമ്മച്ചിയായി കെപിഎസി ലളിതയും മുഖ്യവേഷമിട്ട് അഭിനയിയ്ക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രിയപ്പെട്ട നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ കന്യാസ്ത്രിയായും, ഏതാനും ജര്‍മന്‍ മലായളികള്‍ ചെറിയ റോളിലും സിനിമയില്‍ എത്തുന്നുണ്ട്. ജര്‍മന്‍ മലയാളികളായ ജോളി തടത്തില്‍, ജോസ് കുന്പിളുവേലില്‍, ലിബിന്‍ കാരുവള്ളില്‍, മേഴ്‌സി, നിക്കോള്‍ എന്നിവര്‍ക്കു പുറമെ ഇറ്റാലിന്‍ മലയാളി ബെസി കരിശിങ്കലും തുടങ്ങിയവരും ചിത്രത്തില്‍ അഭിയിക്കുന്നു.

ചേര്‍ത്തല പള്ളിയോട് ഗ്രാമത്തിന്റെ ലൊക്കേഷനില്‍ ചിത്രത്തിന്റെ കഥാ പശ്ചാത്തലം പുരോഗമിയ്ക്കുന്നതിനു പുറമെ ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലുമാണ് പുറംവാതില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഉത്തരചെമ്മീന്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ഹരിദാസ് ഹൈദ്രാബാദ് നിര്‍മ്മിയ്ക്കുന്ന ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിന്റെ രചന, ഛായാഗ്രഹണം എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വഹിയ്ക്കുന്നത് ബെന്നി ആശംസയാണ്. ഗാനരചന ഡോ.വേണുഗോപാല്‍ ബാബു വളപ്പായ, സജീവ് കെ.ജോസഫ് എന്നിവരും,സംഗീതം ബിനു ആനന്ദും നിര്‍വഹിയ്ക്കുന്നു. ഗാനങ്ങള്‍ ആലപിച്ചത് ജി. വേണുഗോപാല്‍, വൃന്ദ, രാജാറാം തുടങ്ങിയവരാണ്. ബെന്നി ആശംസ സംവിധാനം ചെയ്തിരിയ്ക്കുന്ന മറ്റു ചിത്രങ്ങള്‍ ദൈവത്തിന്റെ കൈയ്യൊപ്പ്, ബ്രമ്മാസ്ത്രം തുടങ്ങിയവയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക