Image

ശബരിമല അന്നദാനം റെക്കോര്‍ഡിലേയ്ക്ക്

അനില്‍ കെ പെണ്ണുക്കര Published on 01 December, 2017
ശബരിമല അന്നദാനം റെക്കോര്‍ഡിലേയ്ക്ക്
സന്നിധാനത്തെ പുതിയ അന്നദാന മണ്ഡപത്തില്‍ ദേവസ്വംബോര്‍ഡ് നടത്തുന്ന അന്നദാനം സര്‍വകാല റെക്കോഡിലേക്ക് . നവംബര്‍ 16മുതല്‍ 30 വരെയുള്ള കാലയളവില്‍ 307323 അയ്യപ്പ ഭക്തരാണ് അന്നദാനത്തില്‍ പങ്കെടുത്തത്. ഏറ്റവും കൂടുതല്‍ പേര്‍ അന്നദാനത്തില്‍ പങ്കെടുത്തത് നവംബര്‍ 25നാണ് 25679 പേര്‍.  ഏറ്റവും കുറവ് നവംബര്‍ 16ന് 12449 പേര്‍. 

അന്നദാനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും കൂപ്പണ്‍ നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അന്നദാനത്തിന് എത്തുന്നവരുടെ എണ്ണം കൃത്യമായി അറിയാന്‍ കഴിയും.

ദേവസ്വംബോര്‍ഡ് കൂപ്പണുകള്‍ തയ്യാറാക്കി പോലീസിന്റെ സഹായത്തോടെയാണ് ഭക്തര്‍ക്ക്  വിതരണം ചെയ്യുന്നത്. കൂപ്പണുകള്‍ സംബന്ധിച്ച കണക്ക് ദേവസ്വം ബോര്‍ഡും പോലീസിന്റെ വിജിലന്‍സ് വിഭാഗവും പ്രത്യേകം സൂക്ഷിക്കുന്നുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദിവസം മുഴുവന്‍ അന്നദാനം നല്‍കുന്നുണ്ട്. 

രാവിലെ ആറ് മുതല്‍ പത്തുവരെയാണ് പ്രഭാത ഭക്ഷണത്തിന്റെ സമയം. ഉപ്പുമാവ്, കടലക്കറി, ചുക്ക്കാപ്പി എന്നിവയാണ് പ്രഭാത ഭക്ഷണത്തിന് നല്‍കുന്നത്. പ്രഭാത ഭക്ഷണത്തിന് ശേഷം ഒരുമണിക്കൂര്‍ ഇടവേളയുണ്ട്. ശുചീകരണത്തിനായാണ് ഈ സമയം വിനിയോഗിക്കുന്നത്.

ഉച്ചഭക്ഷണ വിതരണം 11ന് ആരംഭിച്ച് മൂന്നുവരെ നീളും. ചോറ്, സാമ്പാര്‍, രസം, അവിയല്‍, തോരന്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍. മൂന്നുമണി മുതല്‍ ഏഴുമണിവരെ ഇടവേളയാണ്. ഏഴിന് വൈകിട്ടത്തെ ഭക്ഷണ വിതരണം ആരംഭിക്കും. രാത്രി 11 വരെയാണ് വിതരണം. കഞ്ഞി, പയര്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍. രാത്രി 11 മുതല്‍ 12 വരെ ശുചീകരണത്തിനുള്ള ഇടവേള. 12ന് വീണ്ടും അന്നദാനം പുനരാരംഭിക്കും. ഉപ്പുമാവ്, ഉള്ളിക്കറി എന്നിവയാണ് വെളുപ്പിനെ അഞ്ചുമണിവരെ വിതരണം ചെയ്യുന്നത്. 

244 ദിവസ വേതന തൊഴിലാളികളും 40 പാചകക്കാരും 41 ജീവനക്കാരുമടക്കം 325 പേരാണ് അയ്യപ്പഭക്തര്‍ക്ക് അന്നദാനം നല്‍കുന്നതിനായി കര്‍മ നിരതരായിട്ടുള്ളത്.

കോന്നി സ്വദേശിയായ പത്മനാഭന്‍ നായരാണ് പ്രധാന പാചകക്കാരന്‍. ദേവസ്വം ബോര്‍ഡ് പണിയുന്ന അന്നദാന മണ്ഡപത്തിന്റെ ഒരുനില മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇവിടെ ഒരുസമയം 1350 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. 150 ഇരിപ്പിടങ്ങള്‍ക്കൂടി സജ്ജീകരിക്കുന്നതിനുള്ള സ്ഥലം കൂടി ലഭ്യമാണ്. പൂര്‍ണമായും അത്യാധുനിക സൗകര്യങ്ങളോടെയാണ് അടുക്കള ക്രമീകരിച്ചിട്ടുള്ളത്. അരി വേവിക്കുന്നതിന് സ്റ്റീമാണ് ഉപയോഗിക്കുന്നത്. ഇതിനായി പ്രത്യേക ഡീസല്‍ പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്. ലഘുഭക്ഷണം തയ്യാറാക്കുന്നതിന് പാചക വാതകമാണ് ഉപയോഗിക്കുന്നത്. 

അന്നദാനം സ്പെഷ്യല്‍ ഓഫീസര്‍ ജി.ജി. മധു, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍മാരായ വിജയന്‍പിള്ള, സുജാതന്‍ നായര്‍, സി.ജി. സത്യന്‍ എന്നിവരാണ് അന്നദാനത്തിന്റെ പൂര്‍ണമായ മേല്‍നോട്ടം വഹിക്കുന്നത്.
ശബരിമല അന്നദാനം റെക്കോര്‍ഡിലേയ്ക്ക്ശബരിമല അന്നദാനം റെക്കോര്‍ഡിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക