Image

കേരളത്തില്‍ നിന്നും കാണാതായ 66 ബോട്ടുകള്‍ മഹാരാഷ്ട്രാ തീരത്തെത്തി

Published on 03 December, 2017
കേരളത്തില്‍ നിന്നും കാണാതായ 66 ബോട്ടുകള്‍ മഹാരാഷ്ട്രാ തീരത്തെത്തി


തിരുവനന്തപുരം: ഓഖി ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്ന്‌ കേരളത്തില്‍ നിന്നും കാണാതായ 66ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്ത്‌ എത്തി. കോഴിക്കോട്‌ ബേപ്പൂരില്‍ നിന്നും കാണാതായ 66 ബോട്ടുകളും മത്സ്യ തൊഴിലാളികളുമണ്‌ മഹാരാഷ്ട്രാ തീരെത്തെത്തിയിട്ടുള്ളത്‌. കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും കാണാതായ 2 ബോട്ടുകളും മഹാരാഷ്ട്ര സിന്ധുദുര്‍ഗ്‌ തീരത്തെത്തി.

ആകെ 952 മത്സ്യത്തൊഴിലാളികളാണ്‌ തീരത്തെത്തിയ ബോട്ടുകളില്‍ ഉണ്ടായിരുന്നത്‌. ഇവരെ തിരിച്ചയക്കുന്നതിനുളള എല്ലാ ഉത്തരവാദിത്വവും മഹാരാഷ്ട്ര സര്‍ക്കാര്‍ ഏല്‍ക്കുുമെന്ന്‌ മഹാരാഷ്ട്രാ മുഖ്യ മന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്‌ ട്വീറ്റിലൂടെ അറിയിച്ചു.

കന്യാകുമാരി കൊടിമലൈ സ്വദേശികളാണ്‌ കേരളത്തില്‍ നിന്നും പോയ ബോട്ടിലുണ്ടായിരുന്നത്‌. ഇവരെ തീരത്തും സമീപത്തുമായി പാര്‍പ്പിച്ചിരിക്കുകയാണ്‌. രക്ഷപ്പെട്ടവര്‍ക്ക്‌ മൂന്ന്‌ ദിവസത്തെ ഭക്ഷണം റേഷനായി നല്‍കിയിട്ടുണ്ടെന്ന്‌ തീരരക്ഷാസേനാ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര സാലുങ്കെ അറിയിച്ചു.

കടലില്‍ കാണാതായവരില്‍ 450 പേരെ ഇതുവരെ കണ്ടെത്തിയതായാണ്‌ കണക്ക്‌. 126 പേരെ കണ്ടെത്താനുണ്ടെന്ന്‌ റവന്യൂ വകുപ്പ്‌ അറിയിച്ചു. എന്നാല്‍ തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമല്ലന്നാരോപിച്ച്‌ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കഴക്കൂട്ടത്ത്‌ ദേശീയ പാത ഉപരോധിച്ചു.

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത്‌ 8 കോടിയുടെ നാശനഷ്ടമുണ്ടായതായാണ്‌ റവന്യൂ വകുപ്പിന്റെ പ്രാധമിക വിലയിരുത്തല്‍. ശനിയാഴ്‌ച ഏഴ്‌ പേര്‍ കൂടെ മരിച്ചതോടെ മരണസംഖ്യ 13 ആയിട്ടുണ്ട്‌. . മരിച്ചവരുടെ കുടുംബത്തിന്‌ 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക്‌ 20,000 രൂപയും സൗജന്യ ചികിത്സയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക