Image

രാഹുലിന്റെ വിശ്വാസത്തെ വീണ്ടും ചോദ്യം ചെയ്‌ത്‌ ബി.ജെ.പി

Published on 03 December, 2017
 രാഹുലിന്റെ വിശ്വാസത്തെ വീണ്ടും ചോദ്യം ചെയ്‌ത്‌ ബി.ജെ.പി

വഡോദര: കോണ്‍ഗ്രസ്സ്‌ ഉപാദ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വാസത്തെ ചോദ്യം ചെയ്‌ത്‌ ബി.ജെ.പി വീണ്ടും രംഗത്ത്‌. വസ്‌ത്രത്തിന്‌ മുകളില്‍ പൂണൂല്‍ ധരിക്കുന്ന രാഹുല്‍ ഗാന്ധി എന്ന ബ്രാഹ്മണന്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യവുമായാണ്‌ ബി.ജെ.പി ലോകസഭാ എം.പി മീനാക്ഷി ലേഖി രംഗത്തെത്തിയിരിക്കുന്നത്‌.

വിശ്വാസത്തെ കുറിച്ച്‌ വ്യക്തമാക്കണമെന്ന്‌ പറഞ്ഞ ലേഖി ആദ്യമായിട്ടാണ്‌ താന്‍ വസ്‌ത്രത്തിന്‌ മുകളില്‍ പൂണൂല്‍ ധരിച്ച ബ്രാഹ്മണനെ കാണുന്നതെന്ന്‌ പരിഹസിക്കുകയും ചെയ്‌തു. വഡോദരയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടയിലാണ്‌ മീനാക്ഷി ലേഖി ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.

നേരത്തേ രാഹുല്‍ വസ്‌ത്രത്തിന്‌ മുകളില്‍ പൂണൂല്‍ ധരിച്ച ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിച്ചിരുന്നു. പ്രിയങ്കയുടെ കല്യാണത്തിനും രാജീവ്‌ ഗാന്ധിയുടെ മരണക്രിയകളിലും പങ്കെടുക്കുമ്പോഴുള്ളതായിരുന്നു ഈ ചിത്രങ്ങള്‍. കോണ്‍ഗ്രസ്സിന്റെ ഗുജറാത്ത്‌ ഘടകമാണ്‌ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

`പൂണൂല്‍ ധരിക്കുന്ന ബ്രാഹ്മണര്‍ ശിവ ഭക്തരാണെന്നാണ്‌ പറയപ്പെടുന്നത്‌. രാമന്‍ ശിവ ഭക്തനാണെന്നും, രാമ സേതുവിന്റെ നിര്‍ണാണത്തിന്‌ മുന്‍പ്‌ ശിവനെ പ്രാര്‍ത്ഥിച്ചതിലൂടെ രാമന്‍ നിലനിന്നിരുന്നില്ല എന്നുമാണ്‌ യു.പി.എ വ്യകതമാക്കിയിരുന്നത്‌. അപ്പോള്‍ ഈ വിഷയത്തില്‍ രാഹുല്‍ നിലപാട്‌ വ്യക്തമാക്കുകയാണെങ്കില്‍ അത്‌ തങ്ങള്‍ക്ക്‌ പുതിയ അറിവായിരിക്കുമെന്നും' ലേഖി പരിഹസിച്ചുകൊണ്ട്‌ പറഞ്ഞു.

2007 ല്‍ യു.പി.എ സര്‍ക്കാര്‍ രാമ സേതു ഷിപ്പിംഗ്‌ കനാല്‍ പദ്ധതിക്ക്‌ വേണ്ടി സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്‌ ഹിന്ദു പുരാണത്തിലെ ഒരു ഭാഗം മാത്രമാണെന്നും രാമന്‍ ഉണ്ടായിരുന്നു എന്നതിന്‌ തെളിവില്ലന്നും പറഞ്ഞ്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യ അത്‌ തള്ളിയിരുന്നു. പിന്നീട്‌ യു.പി.എ സര്‍ക്കാര്‍ രാമനെ കുറിച്ച്‌ പരാമര്‍ശിച്ച ഭാഗം പിന്‍വലിക്കുകയും സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്‌മൂലം സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു.

വിഷയത്തിലും ഞങ്ങളുടെ കര്‍സേവകര്‍ കൊല്ലപ്പെട്ട ഗോദ്ര കലാപത്തിന്റെ കാര്യത്തിലും അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ടെന്നും ലേഖി പറഞ്ഞു. ഗുജറാത്തിലെ സോംനാഥ്‌ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ബി.ജെ.പി മുന്‍പും രാഹുലിന്റെ വിശ്വാസത്തെ ചോദ്യം ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക