Image

കുവൈറ്റില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവല്‍ക്കരിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി തേടി

Published on 12 March, 2012
കുവൈറ്റില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവല്‍ക്കരിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി തേടി
കുവൈറ്റ്‌ സിറ്റി: രാജ്യത്ത്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവല്‍ക്കരിക്കാനും പ്രവര്‍ത്തന സ്വാതന്ത്ര്യമനുവദിക്കാനും അനുമതി തേടി പാര്‍ലമെന്‍റില്‍ കരടുബില്‍ അവതരിപ്പിക്കപ്പെട്ടു. പ്രതിപക്ഷ എം.പിമാരായ മുസല്ലം അല്‍ ബര്‍റാക്‌, ഫൈസല്‍ അല്‍ മുസ്ലിം, ജംആന്‍ അല്‍ ഹര്‍ബാശ്‌, ഫൈസല്‍ അല്‍ യഹ്യ, അബ്ദുറഹ്മാന്‍ അല്‍ അന്‍ജരി എന്നിവര്‍ ചേര്‍ന്നാണ്‌ കരടുബില്‍ അവതിരിപ്പിച്ചത്‌.

ഭരണഘടനക്കനുസൃതമായും രാജ്യസ്‌നേഹത്തിലധിഷ്‌ഠിതമായും രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവല്‍ക്കരിക്കാനും പ്രവര്‍ത്തന സ്വാതന്ത്ര്യമനുവദിക്കാനുമാണ്‌ കടുബില്ലില്‍ അനുമതി തേടിയിരിക്കുന്നത്‌. ജനാധിപത്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവയും ഗോത്രവര്‍ഗമതഭൂമിശാസ്‌ത്ര വിവേചനമൊന്നുമില്ലാത്തവയുമാണെന്ന്‌ ഉറപ്പുവരുത്തണം, ഏറ്റവും ചുരുങ്ങിയത്‌ 50 അംഗങ്ങള്‍ ഉണ്ടായിരിക്കണം, രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ സൈനികഅര്‍ധ സൈനിക വിഭാഗങ്ങളുണ്ടാക്കരുത്‌, വിദേശ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കരുത്‌, ആസ്ഥാനം കുവൈത്തില്‍ തന്നെയായിരിക്കണം തുടങ്ങിയ നിബന്ധനകളാണ്‌ കരടുബില്ലില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ നിബന്ധനകളായി മുന്നോട്ടുവെച്ചിരിക്കുന്നത്‌.
രാജ്യത്തെ ഭരണഘടന അനുസരിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവല്‍ക്കരിക്കാനോ പ്രവര്‍ത്തിക്കാനോ അനുവാദമില്ല. ചില കൂട്ടായ്‌മകളുടെ പേരിലാണ്‌ എം.പിമാരടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ കൂട്ടായ്‌മകള്‍ക്ക്‌ പാര്‍ലമെന്‍റിന്‍െറ അംഗീകാരമില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്‍റില്‍ എം.പിമാര്‍ `ഒറ്റയാന്മാ'രാണ്‌. ഭരണപക്ഷം, പ്രതിപക്ഷം എന്ന വേര്‍തിരിവ്‌ സര്‍ക്കാറിനെ അനുകൂലിക്കുന്ന എം.പിമാരും എതിര്‍ക്കുന്ന എം.പിമാരും എന്ന നിലക്ക്‌ മാത്രമാണ്‌.

രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവല്‍ക്കരിക്കാനുള്ള അനുമതി ലഭിച്ചാല്‍ അത്‌ ഏറ്റവും ഗുണം ലഭിക്കുക നിലവില്‍ പ്രതിപക്ഷമെന്ന്‌ വിളിക്കപ്പെടുന്നവര്‍ക്കാവും. നിലവിലെ പ്രതിപക്ഷ കൂട്ടായ്‌മകള്‍ എന്നത്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നാവുമ്പോള്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനാവും. അതുകൊണ്ടുതന്നെ സര്‍ക്കാറും അനുകൂലികളും രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരണത്തിന്‌ എതിരായിരിക്കും.

മേഖലയില്‍ താരതമ്യേന മികച്ച ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമെന്ന സല്‍പേര്‌ കുവൈത്തിനുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലാത്തത്‌ വലിയ `അംഗവൈകല്യം' തന്നെയാണെന്നും അത്‌ തിരുത്തപ്പെടേണ്ടതുണ്ടെന്നുമുള്ള കാഴ്‌ച്ചപാടാണ്‌ പ്രതിപക്ഷ എം.പിമാരില്‍ കൂടുതല്‍ പേര്‍ക്കും.
കുവൈറ്റില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവല്‍ക്കരിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി തേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക