Image

കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൂടിയതാണോ പ്രശ്‌നം: വിധുബാല

സേവ്യര്‍ കാവാലം Published on 03 December, 2017
കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൂടിയതാണോ പ്രശ്‌നം: വിധുബാല

മസ്‌കറ്റ്: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൂടിപ്പോയതാണോ അവരുടെ പ്രശ്‌നങ്ങള്‍ കൂടാന്‍ കാരണമെന്ന് സംശയമുണ്ടെന്ന് നടി വിധുബാല. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വനിതാ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ മസ്‌കറ്റിലെത്തിയ അവര്‍ ക്ലബ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 

മുന്‍കാലങ്ങളില്‍ മരുമക്കത്തായം നിലനിന്നിരുന്നപ്പോള്‍ അമ്മായിയമ്മ പൊരില്ലായിരുന്നു. കഴിഞ്ഞ തലമുറയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളുടെ എണ്ണം കുറവായിരുന്നു. പാടത്തു പണിയെടുക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ സാന്പത്തികമായി താഴേക്കിടയിലുള്ള അനേകം സ്ത്രീകള്‍ ലൈംഗിക ചൂഷണങ്ങളില്‍ പെട്ടിട്ടുണ്ട്. മാധ്യമങ്ങളുടെ സാന്നിധ്യം ഇന്നത്തേതുപോലെ ഇല്ലായിരുന്നതുകൊണ്ടുതന്നെ പണ്ടുകാലത്ത് പല കേസുകളും പുറത്തറിഞ്ഞില്ല എന്നതാണ് സത്യം. സമൂഹത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഐടി മേഖലയില്‍ ലൈംഗിക ചൂഷണം വന്‍തോതില്‍ നടക്കുന്നുണ്ടെന്ന് വിധുബാല പറഞ്ഞു.

 കേരളത്തിലെ സ്ത്രീകള്‍ തന്റടത്തോടെ പോലീസില്‍ പരാതികളുമായി പോകുന്‌പോള്‍ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പരാതിപ്പെടാന്‍ പലപ്പോഴും വിമുഖത കാട്ടുകയാണ്. സമൂഹത്തില്‍ ചൂഷണം ചെയ്യപ്പെടുന്നവര്‍ക്കു വേണ്ടി കാര്യമായി ചെയ്യണമെന്ന് ആഗ്രഹമുണ്ട്, സമൂഹത്തില്‍ സാന്പത്തികമായി ഉന്നതിയിലുള്ള പുരുഷന്മാരും മാറിയ സാഹചര്യത്തില്‍ കോടതികളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കുള്ള പ്രത്യേക പരിഗണനകളുടെ പേരില്‍ ബലിയാടുകളാകുന്നുണ്ട്. 

നൂറില്‍പരം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താന്‍ സിനിമയില്‍ നിന്നും യഥാര്‍ഥത്തില്‍ സ്വരം നല്ലപ്പഴെ പാട്ടു നിര്‍ത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്, എന്നാല്‍ കോടതിയുടെ പരിഗണയിലിരിക്കുന്ന കേസായതുകൊണ്ടു അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും അവര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ മലയാള വിഭാഗം കണ്‍വീനര്‍ ടി.ഭാസ്‌കരന്‍, വനിതാ വിംഗ് സെക്രട്ടറി സിന്ധു സുരേഷ്, ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക