Image

ഏതു ജീവിയുടെയും ജീവന്‍ രക്ഷിക്കാനുള്ള ഏതു പ്രയത്‌നവും പുണ്യകര്‍മ്മം (ജോയ് ഇട്ടന്‍)

Published on 04 December, 2017
ഏതു ജീവിയുടെയും ജീവന്‍ രക്ഷിക്കാനുള്ള ഏതു പ്രയത്‌നവും പുണ്യകര്‍മ്മം (ജോയ് ഇട്ടന്‍)
കൃത്യമായ ആസൂത്രണത്തിനുള്ള സന്നദ്ധതയും അല്പം ഭാവനയും ചുറ്റുപാടും ലഭ്യമായ സൗകര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഏതു വലിയ സാമ്പത്തികബാധ്യത കൂടാതെ സമൂഹനന്മയ്ക്കായുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുമെന്നു ഒരു പദ്ധതിയിലൂടെ കേരളം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കു 48 മണിക്കൂര്‍ സൗജന്യചികിത്സ ലഭ്യമാക്കാന്‍ ആവിഷ്കരിച്ച പദ്ധതി അഭിനന്ദനാര്‍ഹമാണ്. അപകടങ്ങളില്‍ പെടുന്നവരുടെ 48 മണിക്കൂര്‍ നേരത്തെ ചികിത്സയുടെ ചെലവു പരുക്കേറ്റയാളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഈടാക്കാതെ ആ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പദ്ധതിയാണിത്.

മാനുഷികമായ വലിയൊരു തലം ഈ പദ്ധതിക്കുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു വലിയ നന്മയാണ്. മനുഷ്യനടക്കം ഏതു ജീവിയുടെയും ജീവന്‍ രക്ഷിക്കാനുള്ള ഏതു പ്രയത്‌നവും പുണ്യകര്‍മമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മറ്റു പല കാര്യങ്ങളിലുമെന്നപോലെ ഏറെ ഉദാത്തമായ ഇക്കാര്യത്തിലും കേരളം ഇതര സംസ്ഥാനങ്ങള്‍ക്കു മാതൃകയാകുകയാണ്. ഇതോടൊപ്പം മറ്റൊരു പ്രധാനപ്പെട്ട സന്ദേശവും ഈ പദ്ധതി നല്‍കുന്നുണ്ട്. ജനോപകാരപ്രദമായ പല പദ്ധതികളും നടപ്പാക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന സര്‍ക്കാരുകള്‍തന്നെ അതിനു മടിക്കുന്നതു സാമ്പത്തിക ബാധ്യത ഭയന്നാണ്. ഇതുമൂലം ഭരണകൂടത്തില്‍നിന്നു ലഭിക്കേണ്ട പലതരം സഹായങ്ങള്‍ ജനങ്ങള്‍ക്കു നഷ്ടമാവുകയാണ്.

ഇതുപ്രകാരം സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, പ്രധാന സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ട്രോമ കെയര്‍ സംവിധാനമുണ്ടാകും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനസര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്.

വാഹനപ്പെരുപ്പത്തോടൊപ്പം റോഡപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും പെരുകിക്കൊണ്ടിരിക്കുന്ന നാടാണു നമ്മുടേത്. അപകടമരണങ്ങളില്‍ അധികവും സംഭവിക്കുന്നതു യഥാസമയം ആവശ്യമായ ചികിത്സ കിട്ടാതെ പോകുന്നതു മൂലമാണ്. ഇവിടെയൊക്കെ വില്ലനാകുന്നതു പണം തന്നെയാണ്. നാട്ടില്‍ ആരെങ്കിലും വാഹനമോടിക്കുകയോ റോഡിലിറങ്ങുകയോ ചെയ്യുന്നത് അപകടത്തില്‍പെടുമെന്നു മുന്‍കൂട്ടിയറിഞ്ഞോ അതു സംഭവിച്ചാല്‍ ചികിത്സ നടത്താനാവശ്യമായ പണം പോക്കറ്റില്‍ കരുതിവച്ചോ അല്ല. പരുക്കേറ്റവരെ കൊണ്ടുപോകുന്നതു സ്വകാര്യ ആശുപത്രിയിലാണെങ്കില്‍, കൈവശം പണമില്ലെങ്കില്‍ തിരിച്ചയക്കപ്പെടുന്ന സംഭവങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്.

പരുക്കേറ്റവരെ സമയത്തിന് ആശുപത്രിയിലെത്തിക്കുന്ന കാര്യത്തിലും പണം തടസ്സമാകുന്നു. പരുക്കേറ്റു കിടക്കുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ സാമ്പത്തികബാധ്യതയും തുടര്‍നടപടികളുമൊക്കെയായി പുലിവാലു പിടിക്കേണ്ടെന്നു കരുതി പലരും അതിനു മടിക്കുന്നു. ഇങ്ങനെ വഴിയില്‍ ദീര്‍ഘനേരം കിടന്നു രക്തംവാര്‍ന്നു മരിക്കേണ്ടി വന്ന ഹതഭാഗ്യര്‍ നിരവധിയാണ്.

കൊല്ലം ജില്ലയിലെ ഇത്തിക്കരയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ആശുപത്രികള്‍ മുഖംതിരിച്ചതിനാല്‍ സമയത്തിനു ചികിത്സ കിട്ടാതെ മരിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇതുകൂടിയാണ് ഈ പദ്ധതി കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അനുഭവങ്ങളില്‍നിന്നു പാഠമുള്‍ക്കൊള്ളാനും ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാതെ നോക്കാനും ഭരണകൂടം ശ്രമിക്കുന്നതു അഭിനനന്ദനീയമാണ്.

അപകടത്തില്‍ പെടുന്നയാള്‍ക്കു ചികിത്സ ലഭ്യമാക്കല്‍ സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ഒരു കേസില്‍ 1988ല്‍ സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍, സാമ്പത്തികബാധ്യത പറഞ്ഞ് ഇതു നടപ്പാക്കാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാരുകള്‍. ആ മടി ഉപേക്ഷിച്ചു പദ്ധതി നടപ്പാക്കാന്‍ ഫലപ്രദമായ വഴി കണ്ടെത്തി കേരള സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു വഴികാട്ടിയായിരിക്കുകയാണ്.

ജനോപകാരപ്രദമെന്ന പേരില്‍ ഭരണകൂടങ്ങള്‍ ആവിഷ്കരിക്കുന്ന പദ്ധതികളില്‍ ഒന്നായി മാത്രം ഗണിക്കപ്പെടേണ്ടതല്ല ഇത്. മാനുഷികമായ വലിയൊരു തലം ഈ പദ്ധതിക്കുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു വലിയ നന്മയാണ്. മനുഷ്യനടക്കം ഏതു ജീവിയുടെയും ജീവന്‍ രക്ഷിക്കാനുള്ള ഏതു പ്രയത്‌നവും പുണ്യകര്‍മമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക