Image

വൈറോളജി ഗവേഷണ കേന്ദ്രവുമായി കേരള സര്‍ക്കാര്‍;പിന്നില്‍ ഡോ:എം വി പിള്ള, ഡോ: ശാര്‍ങ്ഗധരന്‍ (അനില്‍ കെ പെണ്ണുക്കര)

അനില്‍ കെ പെണ്ണുക്കര Published on 04 December, 2017
വൈറോളജി ഗവേഷണ കേന്ദ്രവുമായി കേരള സര്‍ക്കാര്‍;പിന്നില്‍ ഡോ:എം വി പിള്ള, ഡോ: ശാര്‍ങ്ഗധരന്‍ (അനില്‍ കെ പെണ്ണുക്കര)
 സാംക്രമിക രോഗങ്ങള്‍ക്കു പ്രതിവിധി കണ്ടെത്താനുള്ള ഗവേഷണത്തിനും പഠനത്തിനും രോഗ നിര്‍ണ്ണയത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി കേരളത്തില്‍ സ്ഥാപിക്കുന്നു. പദ്ധതിക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ലോക പ്രശസ്ത ശാസ്ത്രഞ്ജന്മാരായ ഡോ. എം വി പിള്ളയും ഡോ ശാര്‍ങ്ഗധരനും.

അടുത്ത വര്‍ഷം തന്നെ വൈറോളജി ഗവേഷണ കേന്ദ്രംപ്രവര്‍ത്തന സജ്ജമാക്കുവാനാണ് സര്‍ക്കാരിന്റെ ശ്രമം .

കേരള ബയോടെക്‌നോളജി കമ്മീഷന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വൈറോളജി സമ്മേളനത്തില്‍ ഗവേഷണ കേന്ദ്രത്തിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് നടത്തിയത് .

തിരുവനന്തപുരത്തെ നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ട്കൃത്യമായ സമയപരിധിക്കുള്ളില്‍ നടപ്പാക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരുടെ ഉള്‍പ്പെടെ സഹകരണം ലഭ്യമാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ഐ.ഡി.സിയുടെ തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കര്‍ സ്ഥലമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കുന്നത്. ഇവിടെ 25,000 ചതുരശ്ര അടി വിസ്തൃതിയില്‍ പ്രീ ഫാബ് കെട്ടിടം ആദ്യഘട്ടത്തില്‍ ഒരുക്കും.ഇതുകൂടാതെ, 78,000 ചതുരശ്ര അടിയില്‍ മൂന്നുനില കെട്ടിടം നിര്‍മിക്കാനുള്ള നടപടിയും വരുന്നുണ്ട് .

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ പദ്ധതിരേഖ തയാറാക്കുന്നതിനുള്ള കരട് അടിസ്ഥാനരേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. രോഗ നിയന്ത്രണം, നിര്‍മാര്‍ജനം, അവലംബിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയവ സമഗ്രമായി പഠിക്കുകയും അപഗ്രഥിക്കുകയും പരിഹരിക്കുകയുമാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. വൈറസ് ഗവേഷണ കേന്ദ്രം സജ്ജമാക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് നിര്‍വഹിക്കുന്നത്. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടി ആയിരിക്കും ഈ സ്ഥാപനം തുടങ്ങുക.

മുഖ്യ മന്ത്രിയുടെ പ്രത്യേക ആവശ്യ പ്രകാരം ഡോ. എം വി പിള്ളയും ഡോ ശാര്‍ങ്ഗധരനും ചേര്‍ന്നാണ് പദ്ധതിയുടെ പ്രാരംഭ രേഖ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് അംഗീകരിച്ച മുഖ്യ മന്ത്രി ശാസ്ത്ര കൗണ്‍സിലിനോട് പദ്ധതി നടപ്പില്‍ വരുത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

നിലവില്‍ കേരളത്തില്‍ വൈറസ് പഠനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള വൈറോളജി ഗവേഷണ കേന്ദ്രങ്ങള്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഈ രണ്ടു കേന്ദ്രങ്ങളും ആലപ്പുഴ ജില്ലയിലെ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനു കാര്യമായ സഹായങ്ങള്‍ നല്‍കുന്നില്ല. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്1 എന്‍1 പരിശോധന മാത്രമാണു നടത്തുന്നത്.

സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അതുപോലുമില്ല. അതേ സമയം, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വൈറസ് സാംപിളുകള്‍ ശേഖരിച്ചു സമഗ്ര ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്.

പക്ഷെ സംസ്ഥാനത്തു ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുമ്പോഴും വൈറസിന്റെ ഇനം കണ്ടെത്താനുള്ള ശ്രമം പോലും ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരം സഹചര്യങ്ങളില്‍ ആണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക്ഗുണകരമായ വൈറോളജി ഗവേഷണ കേന്ദ്രവുമായി കേരളാ സര്‍ക്കാര്‍ എത്തുന്നത് .

കാന്‍സര്‍ ചികിത്സാരംഗത്ത് തന്റെതായ നേട്ടങ്ങള്‍ കൈവരിക്കുകയും ലോക പ്രശസ്തി നേടുകയും ചെയ്ത ഡോ: എം വി പിള്ള അമേരിക്കന്‍ മലയാളികളുടെ അഭിമാനം ആണ് .ഈ രംഗത്തു അദ്ദേഹം നേടിയ അറിവുകള്‍ ഒരു അധ്യാപകനെ പോലെ ലോകത്തിനു മുന്നില്‍ എത്തിക്കുകയും ആരോഗ്യ രംഗത്തു കേരളത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം നില്‍ക്കുവാന്‍ താല്പര്യം കാട്ടുകയും ചെയ്യുന്ന വ്യക്തിത്വം കൂടിയായാണ് ഡോ:എം വി പിള്ള .

നാലാമത് മാര്‍ ഗ്രിഗോറിയസ് പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട് . ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലാ മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ വിഭാഗം പ്രൊഫസറായിരുന്ന ഡോ. പിള്ള അദ്ധ്യാപകനെന്ന നിലയിലും പ്രശസ്തനാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ഡോ:എം വി പിള്ള , രക്താര്‍ബുദത്തെക്കുറിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് അമേരിക്കയിലെ പ്രശസ്തമായ മെഡിക്കല്‍ ജേണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ യുവ എഴുത്തുകാരെപ്രോത്സാഹിപ്പിക്കുന്നതിനായി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍ എന്ന പദ്ധതി ആരംഭിച്ചതും ഡോ :എം വി പിള്ളയുടെ ശ്രമഫലമായാണ്. തിരുവനതപുരം റീജിയണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോമാ നിര്‍മ്മിച്ച കുട്ടികളുടെ ഓങ്കോളജി വാര്‍ഡിന്റെ സ്ഥാപനത്തില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ് .

ജനിച്ച നാടിനു വേണ്ടി, ഭാഷയെ സ്‌നേഹിച്ചും, നമ്മുടെ ആരോഗ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോ:എം വി പിള്ളയ്ക്കൊപ്പം പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. ശാര്‍ങ്ഗധരനും ഒപ്പം കൂടുന്നു. ഡെങ്കിപ്പനി പോലെ ഉള്ള വൈറസ് രോഗങ്ങള്‍ക്കു ഫലപ്രദമായ ചികിത്സമാത്രമല്ല , പൂര്‍ണ്ണമായും അത് നമ്മുടെ നാട്ടില്‍ നിന്നും ഇല്ലാതാക്കുവാനുള്ള ശ്രമത്തിനാണ് ഇന്ന് തിരുവനന്തപുരത്ത് തുടക്കമിട്ടത് .
വൈറോളജി ഗവേഷണ കേന്ദ്രവുമായി കേരള സര്‍ക്കാര്‍;പിന്നില്‍ ഡോ:എം വി പിള്ള, ഡോ: ശാര്‍ങ്ഗധരന്‍ (അനില്‍ കെ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക