Image

പമ്പയിലും സന്നിധാനത്തും കനത്ത സുരക്ഷ

അനില്‍ കെ പെണ്ണുക്കര Published on 05 December, 2017
പമ്പയിലും സന്നിധാനത്തും കനത്ത സുരക്ഷ
പമ്പയിലും സന്നിധാനത്തും കനത്ത സുരക്ഷഏര്‍പ്പെടുത്തി സായുധ പോലീസും ,കേന്ദ്ര സേനയും .ശബരിമലയില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വിവിധ സുരക്ഷാസേനകള്‍ സംയുക്തമായി റൂട്ട്മാര്‍ച്ച് നടത്തി. സന്നിധാനം പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്നാരംഭിച്ച റൂട്ട്മാര്‍ച്ച് മരക്കൂട്ടം, ശബരിപീഠം, ശരംകുത്തി റോഡുവഴി സന്നിധാനത്ത് സമാപിച്ചു.

കേരളാപോലീസ്, ദ്രുതകര്‍മ്മസേന, എന്‍.ഡി.ആര്‍.എഫ് കമാന്‍ഡോകള്‍ അടങ്ങിയ സായുധ സേനാംഗങ്ങള്‍ റൂട്ട്മാര്‍ച്ചില്‍ അണിനിരന്നു. ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ നാലുതവണ ശബരിമലയിലും സമീപപ്രദേശങ്ങളിലും നിരീക്ഷണ പറക്കല്‍ നടത്തി. തുടര്‍ന്ന് ആളില്ലാ വിമാനം ഉപയോഗിച്ചും നിരീക്ഷണം നടന്നു. ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് പമ്പയിലും സന്നിധാനത്തും ക്രമീകരിച്ചിട്ടുള്ളത്.

നിലവിലുള്ള സേനാബലത്തിന് പുറമേ കേരളാപോലിസിന്റെ നൂറ് കമാന്‍ഡോകളും 200 സേനാംഗങ്ങളും ശബരിമലയുടെ വിവിധഭാഗങ്ങളില്‍ സുരക്ഷാജോലിയില്‍ വ്യാപൃതരാണ്. സന്നിധാനത്തെ പ്രവര്‍ത്തനരഹിതമായ എക്‌സ്‌റേ പരിശോധനാ സംവിധാനം മാറ്റി പുതിയത് സ്ഥാപിച്ചു. വനത്തിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത തിരച്ചില്‍ നടത്തി. പമ്പ, പരിസരപ്രദേശങ്ങള്‍, ചാലക്കയം ടോള്‍ഗേറ്റ്, നിലയ്ക്കല്‍ തുടങ്ങി മര്‍മ്മപ്രധാനവും തന്ത്രപ്രധാനവുമായ ഇടങ്ങളെല്ലാം സുരക്ഷാസേനാംഗങ്ങളുടെ നിരീക്ഷണ വലയത്തിലാണ്. ഡി.ഐ.ജി. സ്പര്‍ജന്‍കുമാര്‍, ശബരിമല പോലീസ് ചീഫ് കോഓര്‍ഡിനേറ്റര്‍, എ.ഡി.ജി.പി. സുദേഷ്കുമാര്‍ എന്നിവര്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ക്യൂ സമ്പ്രദായത്തിലൂടെ മാത്രമാണ് സന്നിധാനത്ത് നെയ്യഭിഷേകം ചെയ്യാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ശ്രീകോവിലിന് അടുത്തേക്കുള്ള പ്രവേശനം തന്ത്രിയ്ക്കും ശാന്തിമാര്‍ക്കുമായി പരിമിതപ്പെടുത്തി. തിരിച്ചറിയല്‍ കാര്‍ഡുള്ള ജീവനക്കാര്‍ക്ക് മാത്രമാണ് സ്റ്റാഫ് ഗേറ്റിലൂടെ സന്നിധാനത്തേയ്ക്ക് പ്രവേശം അനുവദിയ്്ക്കുകയുള്ളു. അധിക സുരക്ഷാ ക്രമീകരണം ബുധനാഴ്ച രാത്രിവരെ തുടരും.
പമ്പയിലും സന്നിധാനത്തും കനത്ത സുരക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക