Image

ഏവരും ഇഷ്‌ടപ്പെടും, ഈ സുലുവിനെ

Published on 06 December, 2017
 ഏവരും ഇഷ്‌ടപ്പെടും, ഈ സുലുവിനെ
വ്യത്യസ്‌തവും വെല്ലുവിളികള്‍ നിറഞ്ഞതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു വിജയിപ്പിക്കുന്നതില്‍ അസാമാന്യ കഴിവുള്ള നടിയാണ്‌ വിദ്യാ ബാലന്‍. ഡേര്‍ട്ടി പിക്‌ചര്‍, കഹാനി എന്നീ ചിത്രങ്ങള്‍ അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്‌. ഇപ്പോള്‍ തുമാരി സുലു എന്ന ചിത്രത്തിലൂടെ വിദ്യ വീണ്ടും പ്രേക്ഷക മനസു കീഴടക്കുന്നു.

ചിലരുണ്ട്‌. അവരുടെ സൗന്ദര്യമായിരിക്കില്ല നമ്മെ ആകര്‍ഷിക്കുന്നത്‌. മറിച്ച്‌ അവരുടെ സംസാരമായിരിക്കും. മനസിലേക്ക്‌ മെല്ലെ കടന്നു വന്ന്‌ നമ്മെ കീഴടക്കുന്ന ഒരുതരം മാന്ത്രിക വശ്യതയുണ്ടാകും അവരുടെ വാക്കുകള്‍ക്കും അതിന്റെ ഈണത്തിനും. 

സുരേഷ്‌ ത്രിവേണി സംവിധാനം ചെയ്‌ത ബോളിവുഡ്‌ ചിത്രം `തുമാരി സുലു' കാഴ്‌ച വയ്‌ക്കുന്നത്‌ ഇതുപോലെ പ്രിയങ്കരമായ ശബ്‌ദവും വാക്കുകളും കൊണ്ട്‌ ഹൃദയങ്ങളെ കീഴടക്കുന്ന ഒരു സ്‌ത്രീയുടെ, പരിമിതികള്‍ ഭേദിച്ചു കൊണ്ടു മുന്നേറുന്ന അവളുടെ സ്ഥിരോത്സാഹത്തെയും ആത്മവിശ്വാസത്തെയുമാണ്‌.

വിദ്യാ ബാലന്‍ അവതരിപ്പിക്കുന്ന സുലോചന എന്ന വീട്ടമ്മയിലൂടെയാണ്‌ കഥ പറഞ്ഞു പോകുന്നത്‌. മുംബൈയിലെ തിരക്കുകള്‍ക്കിടയിലെ ഒരു സാധാരണ കുടുംബിനി. ഒരു ടെക്‌സ്റ്റൈല്‍ കമ്പനിയില്‍ മാനേജരായ ഭര്‍ത്താവ്‌ അശോകിനും പതിനൊന്നു വയസുകാരനായ മകന്‍ പ്രണവിനുമൊപ്പമാണ്‌ സുലോചനയുടെ ജീവിതം. 

അവിടെ വീട്ടിലും ഓഫീസിലുമായി മുള്‍മുനയില്‍ നിന്നു ജോലി ചെയ്‌തു രണ്ടിടത്തേക്കും ഓടിത്തളരുന്ന ടിപ്പിക്കല്‍ ഉദ്യോഗസ്ഥ-വീട്ടമ്മയുടെ ജീവിത സാഹചര്യമല്ല സുലോചനയുടേത്‌. ചേച്ചിമാര്‍ ഇരട്ടകള്‍. അവരാകട്ടെ ഉദ്യോഗസ്ഥരും. പക്ഷേ സുലുവോ. പത്തില്‍ മൂന്നു പ്രാവശ്യമാണ്‌ തോറ്റത്‌. എന്നു കരുതി അപര്‍ഷതാ ബോധവുമായി വീട്ടില്‍ചടഞ്ഞു കൂടാനൊന്നും സുലുവിനെ കിട്ടില്ല. ലക്കി ഡ്രോ മത്സരങ്ങളിലും മറ്റും പങ്കെടുത്ത്‌ ആവുന്നത്ര സമ്മാനങ്ങള്‍ വാരിക്കൂട്ടുകയാണ്‌ സുലുവിന്റെ വിനോദം. 

കൂടാതെ റസിഡന്റ്‌ അസോസിയേഷന്റെ വാര്‍ഷികത്തില്‍ മൈം അവതരിപ്പിച്ചതിന്‌ സമ്മാനം, നാരങ്ങാ സ്‌പൂണ്‍ മത്സര വിജയി അങ്ങനെ നിരവധി മത്സരങ്ങളില്‍ സുലു വിജയിക്കുന്നു. ഈയിനത്തില്‍ വീട്ടിലേക്ക്‌ കുറേയേറെ സമ്മാനങ്ങളും വന്നിട്ടുണ്ട്‌. ഒരു പ്രഷര്‍കുക്കര്‍, രണ്ട്‌ മൊബൈല്‍ ഫോണ്‍, ഫ്‌ളാസക്‌ ഇതെല്ലാം സുലുവിന്റെ കലാവാസനകള്‍ക്ക്‌ കിട്ടിയ ഉപഹാരങ്ങളാണ്‌.

വിദ്യാഭ്യാസത്തില്‍ അമ്പേ പിന്നിലാണെങ്കിലും ജീവിതത്തില്‍ എങ്ങനെയും ഉയരണം എന്ന തീവ്രമായ ആഗ്രഹമാണ്‌ സുലുവിനെ നയിക്കുന്നത്‌. അതിനായി കുറേയേറെ ബിസിനസ്‌ ആശയങ്ങള്‍ സുലു കണ്ടുവയ്‌ക്കുന്നുണ്ടെങ്കിലും വീട്ടുകാരുടെ കളിയാക്കല്‍ കേട്ട്‌ അതെല്ലാം ഉപേക്ഷിക്കേണ്ടി വരികയാണ്‌. ഒരു ജോലി നേടി അതില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ട്‌ സ്വന്തം കാലില്‍ നില്‍ക്കണമെന്നാണ്‌ സുലു ആഗ്രഹിക്കുന്നത്‌. 
വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത്‌ അതില്‍ നിന്നു കിട്ടിയ സമ്മാനങ്ങള്‍ സുലുവിന്‌ പ്രോത്സാഹനമാകുന്നു. ഇങ്ങനെയിരിക്കേയാണ്‌ സുലുവിനെ തേടി `റേഡിയോ വൗ'വില്‍ നിന്നു ഒരു പ്രഷര്‍ കുക്കര്‍ സമ്മാനമായി ലഭിച്ച വാര്‍ത്തയുമായി വിളിക്കുന്നത്‌. റേഡിയോ വൗ വിലെ സന്ദര്‍ശനം സുലുവിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നു.

 പ്രസരിപ്പും ആത്‌മവിശ്വാസവും തുളുമ്പുന്ന റേഡിയോ ജോക്കിമാരുടെ സംസാരവും പെരുമാറ്റവും സുലുവിനെ ആകര്‍ഷിക്കുന്നു. തനിക്കും ഒരു റേഡിയോ ജോക്കി ആകണമെന്ന ആഗ്രഹം തുറന്നു പറയുന്ന അവസരത്തില്‍ അതിന്റെ മേധാവിയായ മരിയ സൂദ്‌ ഈ മേഖലയില്‍ മുന്‍ പരിചയമുണ്ടോ എന്നു ചോദിക്കുന്നു. `ഇല്ല, പക്ഷേ എനിക്കിതു ചെയ്യാന്‍ കഴിയും' എന്ന സുലുവിന്റെ മറുപടി സ്‌ത്രീയുടെ ആത്മവിശ്വാസത്തിനുള്ള ഉദാഹരണവും ഫെമിനിസ്റ്റുകളെ തൃപ്‌തിപ്പെടുത്താന്‍ പോന്നതുമാണ്‌.

സുലോചനയുടെ ചിരിയും സംസാരവുമാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌ എന്നു വേണമെങ്കില്‍ പറയാം. വിദ്യയുടെ ശബ്‌ദത്തിന്റെ ആകര്‍ഷണീയതയും മാധുര്യവും ഇത്രയേറെ ഉപയോഗിച്ച മറ്റൊരു സിനിമ വേറെയില്ല എന്നു പറയാം. തന്റെ മാത്രമല്ല, തനിക്കു ചുറ്റുമുളളവരുടെ ലോകം കൂടി സന്തോഷഭരിതമാക്കുന്നതാണ്‌ സുലോചനയുടെ ജീവിതം. സുലുവായി വിദ്യ തകര്‍ത്തു എന്നു തന്നെ പറയാം. 

പ്രത്യേകിച്ചും റേഡിയോ ജോക്കിയായി വരുമ്പോഴുള്ള അവതരണം. തന്റെ ജോലി വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടു പോകുമ്പോഴും വീടിനുള്ളില്‍ നിന്നും സമൂഹത്തില്‍ നിന്നും പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന സ്‌ത്രീയുടെ നേര്‍ക്കാഴ്‌ചയും ഈ ചിത്രം മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. സുലുവിന്റെ ഭര്‍ത്താവായി എത്തിയ മാനവ്‌ കൗളും മികച്ച അഭിനയം കാഴ്‌ച വച്ചു.

















































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക