Image

ബ്രിസ്‌ബേന്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയ്ക്ക് സ്വന്തം ദേവാലയം

Published on 07 December, 2017
ബ്രിസ്‌ബേന്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയ്ക്ക് സ്വന്തം ദേവാലയം

ബ്രിസ്‌ബേന്‍: മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ബ്രിസ്‌ബേന്‍ സൗത്ത് ആസ്ഥാനമായി 2013 ല്‍ രൂപം കൊണ്ട സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം യാഥാര്‍ഥ്യമായി. 

ഹില്‍ക്രെസ്‌റ് ലൂഥറന്‍ സഭ വക 108 112 middle road എന്ന വസ്തുവിലുള്ള പള്ളിയും അതോടനുബന്ധിച്ചുള്ള 4 ഏക്കര്‍ സ്ഥലവും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നവംബര്‍ 29ന് സെന്റ് തോമസ് ഇടവക ബ്രിസ്‌ബേന്‍ സൗത്ത് സ്വന്തമാക്കി. 

വികാരി ഫാ. വര്‍ഗീസ് വാവോലിന്റെ കീഴില്‍ ഇടവകയുടെ നടത്തു കൈക്കാരന്‍ തോമസ് കാച്ചപ്പിള്ളി, ചര്‍ച്ച് ഡെവലപ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ റജി ജോസഫ്, ജോയിന്റ് കണ്‍വീനര്‍ സോണി കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ 21 ഓളം പാരിഷ് കൗണ്‍സില്‍ അംഗംങ്ങളും 54 ഓളം ചര്‍ച്ച് ഡെവലപ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെയും ശ്രമഫലമാണ് ഈ സ്വപ്നതുല്യമായ ലക്ഷ്യം സാക്ഷാത്കരിച്ചത്.

ബ്രിസ്‌ബേന്‍ സൗത്ത് ഇടവകയെ സംബന്ധിച്ചേടത്തോളം ഇതൊരു ചരിത്ര നേട്ടമാണെന്നത് എടുത്തു പറയേണ്ട ഒന്നാണ്. മെല്‍ബണ്‍ രൂപതയുടെ കീഴിലുള്ള ഓസ്‌ട്രേലിയയിലെ വിവിധ ഇടവകകള്‍ ദേവാലയ നിര്‍മാണത്തിനായി സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിലും രൂപതയിലെ ആദ്യത്തെ ദേവാലയം സ്വന്തമാക്കാന്‍ ദൈവം തെരഞ്ഞെടുത്തത് ബ്രിസ്‌ബേന്‍ സൗത്ത് ഇടവകയെ ആണെന്ന് പറയാതെ വയ്യ. 

2013 ല്‍ മെല്‍ബണ്‍ ആസ്ഥാനമായി സീറോ മലബാര്‍ രൂപത സ്ഥാപിതമായതിനു ശേഷം ഇടവക രൂപീകരണം നടന്നപ്പോള്‍ രൂപതയിലെ ആദ്യത്തെ ഇടവക ആയി തീരുവാനുള്ള ഭാഗ്യവും ബ്രിസ്‌ബേന്‍ ഇടവകയ്ക്കുണ്ടായി. സെന്റ് തോമസ് ഇടവകയുടെ അന്നത്തെ വികാരി ഫാ. പീറ്റര്‍ കാവുംപുറം തുടങ്ങിവച്ച സ്വന്തമായ ഇടവക ദേവാലയം എന്ന ആശയം പുതിയ വികാരി ആയി ചുമതലയേറ്റ വാവോലില്‍ അച്ചന്റെ നേതൃത്വത്തിലുള്ള പള്ളി കമ്മിറ്റി തുടരുകയായിരുന്നു.

2.25 മില്യണ്‍ ഡോളറിനു സ്വന്തമാക്കിയ വസ്തുവില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ചൈല്‍ഡ് കെയര്‍ സെന്ററും വൈദിക മന്ദിരത്തിനെ യോഗ്യമായ അഞ്ച് ബെഡ്‌റൂം ഉള്ള നല്ല ഒരു വീടും ഉണ്ട്. ഒരു വലിയ പള്ളിയും ഓഡിറ്റോറിയവും നിര്‍മിക്കാനുള്ള സിറ്റി കൗണ്‍സില്‍ അംഗീകാരം നിലവിലുള്ള ഈ സ്ഥലം ഇടവകയ്ക്ക് കിട്ടിയ ദൈവിക ദാനമാണെന്നാണ് ഇടവക ജനങ്ങള്‍ വിശ്വസിക്കുന്നത്. ഇടവകക്കുണ്ടായ ഈ നേട്ടത്തില്‍ ദൈവത്തിനു നന്ദി പറയുവാന്‍ ഡിസംബര്‍ രണ്ടിന് പുതിയ ദേവാലയത്തില്‍ ഒത്തുചേര്‍ന്ന ഇടവകാംഗങ്ങള്‍ മധുരപലഹാരങ്ങള്‍ പങ്കുവച്ചും കൊന്ത ചൊല്ലിയും സന്തോഷം പങ്കുവച്ചു. 

ഈ ചരിത്രനേട്ടത്തിന്റെ നാള്‍വഴികളില്‍ വിശ്വസ്വ തീഷ്ണതയില്‍ നിരന്തരം പ്രാര്‍ഥിക്കുകയും ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ മാധ്യസ്ഥം അപേക്ഷിക്കുകയും സാന്പത്തികമായി സഹായിക്കുകയും ചെയ്ത എല്ലാ ഇടവകാംഗങ്ങള്‍ക്കും വികാരി ഫാ. വര്‍ഗീസ് വാവോലില്‍ നന്ദി അറിയിച്ചു.

ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ രൂപതയുടെ ചട്ടങ്ങള്‍ക്കനുസരിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ഇടവകക്ക് സ്വന്തമായ ദേവാലയം എന്ന ആശയത്തെ പ്രോസാഹിപ്പിക്കുകയും ചെയ്ത മാര്‍ ബോസ്‌കോ പുത്തൂരിനും വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്കും ചാന്‍സലര്‍ ഫാ. മാത്യു അച്ഛനും പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍ നന്ദി അറിയിച്ചു. 

റിപ്പോര്‍ട്ട്: ടോം ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക