Image

മാറ്റത്തിന്റെ ശംഖൊലിയുമായ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം .

Published on 07 December, 2017
മാറ്റത്തിന്റെ ശംഖൊലിയുമായ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം .
ന്യൂയോര്‍ക്ക്: യുവതയുടെ തുടിപ്പുമായ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭരണ സമിതിയില്‍ സമൂല മാറ്റത്തിനു തുടക്കമായി .ഈ കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ ശ്രീ അജിത് കൊച്ചുകുടിയില്‍ (പ്രസിഡണ്ട് ), ശ്രീ സ്റ്റാന്‍ലി കളത്തില്‍ (സെക്രട്ടറി ), ശ്രീ റിനോജ് കൊരുത് (ട്രഷറര്‍ ) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു . സാമൂഹിക സാംസ്കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച ഈ യുവാക്കളാല്‍ സംഘടന പൂര്‍വാധികം ശക്തമായി മുന്നേറുമെന്നു പൊതുയോഗം വിലയിരുത്തി .

ന്യൂയോര്‍ക്ക് ട്രൈസ്‌റ്റേറ്റ് നിവാസികളുടെ ഇടയില്‍ എന്നും തലയെടുപ്പോടെ നിന്നിട്ടുള്ള കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ നാളിതുവരെ സമൂഹത്തിനു വിലയേറിയ സംഭാവനകള്‍ നല്‍കുന്നതില്‍ ബദ്ധശ്രദ്ധരാണ് . നിരാശ്രയരായ ജനവിഭാങ്ങള്‍ക്കു തണലേകാനും , നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സാമൂഹിക , സാംസ്കാരിക ഉന്നമനത്തിനും അസോസിയേഷന്‍ എന്നും മുന്‍പന്തിയില്‍ തന്നെ ആണ്. ശ്രേഷ്ഠ ഭാഷയായ മലയാളം വളരുന്ന തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനായി സംഘടന ആരംഭിച്ച ജോര്‍ജ് ജോസഫ് മെമ്മോറിയല്‍ മലയാളം സ്കൂള്‍ അനേക വര്‍ഷങ്ങളായി നിരവധി കുട്ടികളുടെ ആലംബമാണ് . ശ്രീ വര്‍ഗീസ് ചുങ്കത്തില്‍ , ശ്രീ എബ്രഹാം പുതുശേരില്‍ ,ശ്രീമതി സരസമ്മ കുറുപ്പ് എന്നിവര്‍ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകരായി മലയാണ്മയുടെ മധുരം മുറ തെറ്റാതെ വിളംമ്പുന്നു . പുതിയ വിചാരധാരകളുടെ വേലിയേറ്റം സൃഷ്ടിക്കുന്നത്, പ്രശസ്ത പ്രവാസി എഴുത്തുകാരന്‍ കൂടിയായ ശ്രീസാമുവേല്‍ മത്തായിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന മാസം തോറുമുള്ള "വിചാരവേദി " ഫോറം ആണ് .ആനുകാലിക സാഹിത്യ സംസ്കാരിക വിഷയങ്ങള്‍ ഒരു മേശക്കു ചുറ്റും ഇരുന്നു ചര്‍ച്ച ചെയ്യാനും പഠിക്കാനും "വിചാരവേദി " അവസരം ഒരുക്കുന്നു . സ്വന്തമായുള്ള കെട്ടിടത്തില്‍ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരു സമ്പൂര്‍ണ്ണ ഗ്രന്ഥശാല പ്രവര്‍ത്തിപ്പിക്കുന്നു എന്നതും ഒരു വലിയ കാര്യം തന്നെയാണ് . സീനിയര്‍ സിറ്റിസണ്‍ ക്ലബ് ആണ് എടുത്തു പറയേണ്ട മറ്റൊരു പ്രവര്‍ത്തന മേഖല . പൂര്‍വസൂരികള്‍ തെളിച്ച പാതയിലൂടെ സംഘടനയെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തി എടുക്കും എന്ന് പുതിയ ഭരണസമിതി അറിയിച്ചു .

എല്ലാവരുടെയും അഭിപ്രായം സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു ശൈലി ആയിരിക്കും താന്‍ സ്വീകരിക്കുക എന്നു പ്രസിഡണ്ട് അജിത് കൊച്ചുകുടിയില്‍ അറിയിച്ചു . ഊര്‍ജസ്വലമായി കര്‍മ്മ രംഗങ്ങളില്‍ ഇടപെട്ടു സമൂഹത്തിന്റെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റാന്‍ താന്‍ മുന്പിലുണ്ടാകും എന്ന് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍ പറഞ്ഞു . കഴിഞ്ഞ ഒരു വര്‍ഷക്കാലം ട്രഷറര്‍ ആയിരുന്ന തന്നെ വീണ്ടും അതെ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തത് തന്റെ ആത്മാര്‍പ്പണത്തിനുള്ള അംഗീകാരമായി കരുതുന്നു എന്ന് റിനോജ് കൊരുത് വ്യക്തമാക്കി . അബ്രഹാം പുതുശേരില്‍ വൈസ് പ്രസിഡന്റായും , ലതിക ആര്‍ നായര്‍ ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു .

സര്‍വ്വശ്രീ ബാഹുലേയന്‍ രാഘവന്‍, ജോര്‍ജ് മുതലക്കുഴി ,തോമസ് വര്ഗീസ് ,കുര്യാക്കോസ് മുണ്ടക്കല്‍ ,കോമളന്‍ പിള്ള ,ഷെബി പാലത്തിങ്കല്‍ , ശബരിനാഥ് നായര്‍,സുരേഷ് കുറുപ്പ് , ജോര്‍ജ് മാറാച്ചേരില്‍ ,സാമുവേല്‍ മത്തായി , തോമസ് ഉമ്മന്‍ ,മാത്യു ജോഷ്വാ ,സോണി പോള്‍ , പിങ്കി ആന്‍ തോമസ് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബെര്‍സ് ആയി തിരഞ്ഞെടുക്കപ്പെട്ടു . അപ്പുക്കുട്ടന്‍ പിള്ള ,രാജു പി എബ്രഹാം എന്നിവര്‍ എക്‌സ് ഒഫീഷ്യോ ആകും . ശബരിനാഥ് നായര്‍ ആണ് മീഡിയ കോര്‍ഡിനേറ്റര്‍.
മാറ്റത്തിന്റെ ശംഖൊലിയുമായ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക