Image

പിറവം രണ്ടുകൂട്ടര്‍ക്കും ഉറപ്പില്ല

ജോസ്‌ കാടാപുറം Published on 13 March, 2012
പിറവം രണ്ടുകൂട്ടര്‍ക്കും ഉറപ്പില്ല
രാഷ്‌ട്രീയം അതിന്റെ പ്രകൃതിയാല്‍ തന്നെ നാടകീയമാണ്‌. കേരളീയ രാഷ്‌ട്രീയം അതി ഗംഭീരമായ ഒരു ഒരു നാടകമായിരുന്നു. കേരള രാഷ്‌ട്രീയം ഒരസംബന്ധ നാടകമാണെന്ന ചരിത്ര പുസ്‌തകം തന്നെ ഇവിടെ ഉണ്ട്‌. പിറവത്തെ ജയപരാജയങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ കസേരയും തമ്മില്‍ തത്‌കാലത്തേക്ക്‌ യാതൊരു ബന്ധവുമില്ല. സുകുമാരന്‍ നായരോ, വെള്ളാപ്പള്ളി നടേശനോ ഒന്നും പറഞ്ഞാല്‍ പിറവത്തെ ജനങ്ങളെ തോല്‍പിക്കാന്‍ പറ്റുമെന്ന്‌ ആരും കരുതുന്നില്ല. കാരണം ആളെ നോക്കി സഹായിക്കേണ്ടിടത്ത്‌ സഹായിക്കാന്‍ പിറവത്തുകാര്‍ക്ക്‌ അറിയാം. ഉമ്മന്‍ചാണ്ടിക്ക്‌ ഇടതുപക്ഷത്തിന്റെ ജനാധിപത്യ മര്യാദ മാത്രം മതി ഭരണത്തില്‍ തുടരാന്‍. അതു മാത്രമല്ല, ഭരണമെന്ന മധുചഷകം വലിച്ചെറിഞ്ഞ്‌ പോകാന്‍ ചങ്കൂറ്റമുള്ള ആരുണ്ട്‌ യു.ഡി.എഫിന്റെ കൂടാരത്തില്‍. ചിലപ്പോള്‍ മന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബോ, അല്ലെങ്കില്‍ ഇക്കരെ നിന്ന്‌ അക്കരെ കയറിയ മന്ത്രിയായ ജോസഫോ ആരുംതന്നെ ഭരണം ഉപേക്ഷിക്കില്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം. പിന്നെങ്ങനെ പിറവം തെരഞ്ഞെടുപ്പ്‌ ഭരണകക്ഷിക്ക്‌ ഭീഷണിയാകും. ഇപ്പോള്‍ പോരെങ്കില്‍ ശെല്‍വരാജ്‌ എന്ന സി.പി.എം എല്‍.എല്‍.എ തല്‍സ്ഥാനം രാജിവെച്ച്‌ പ്രതിപക്ഷത്തിന്‌ ഒരാളെ കുറച്ചിരിക്കുകയാണ്‌. തന്നെ മൂന്നു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച്‌ രണ്ട്‌ പ്രാവശ്യം ജയിപ്പിച്ച്‌ എംഎല്‍എ ആക്കിയ ജനങ്ങളോട്‌ ബാദ്ധ്യതയില്ലാതെ, സ്വന്തം താത്‌പര്യം സംരക്ഷിക്കാനും പണമോ, പദവികളോ ലഭിച്ചാല്‍, കുതിരക്കച്ചവടം തൊഴിലാക്കിയ പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ ധനസഹായം കൂടിയായാല്‍ ശെല്‍വരാജുമാര്‍ ജനിക്കും. മരണം വരെ മുഖ്യമന്ത്രിയായിരിക്കാന്‍ ആരുടെ കാല്‌ നക്കാനും തയാറുള്ള നേതാക്കന്മാരുള്ളപ്പോള്‍ ഇതൊക്കെ സാധാരണക്കാര്‍ സഹിച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പോടെ വ്യക്തമാകും.

മറുവശത്ത്‌ ചാടാന്‍ തയാറായിരിക്കുന്ന നാല്‌ എം.എല്‍.എമാരെകുറിച്ചുള്ള കുപ്രചാരണങ്ങള്‍ കൊണ്ട്‌ ഭരണപക്ഷത്തും അങ്കലാപ്പാണ്‌. ഏതായാലും ജനാധിപത്യത്തില്‍ പ്രത്യേകിച്ച്‌ കേരള രാഷ്‌ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി മറുകണ്ടം ചാടിയവര്‍ക്ക്‌ കരകയറിപ്പോകാന്‍ വലിയ ബുദ്ധിമുട്ടാണ്‌.

പിറവത്തേക്ക്‌ തിരിച്ചുവന്നാല്‍, പിറവം ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. കാരണം ഇറ്റലിയിലെ ഷിപ്പ്‌ കേരളത്തിന്റെ ഗോള്‍പോസ്റ്റിലാണ്‌. കപ്പല്‍, തോക്ക്‌, ഇറ്റലി എന്നിങ്ങനെയുള്ള വാക്കുകളാണ്‌ പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. ഇറ്റലിയിലെ മന്ത്രി നാട്ടില്‍ ചുറ്റിയടിക്കുന്നു. ഇവിടത്തെ മന്ത്രിമാര്‍ അകമ്പടി സേവിക്കുന്നു. കേരള ഭരണത്തിന്റെ ഹൈക്കമാന്‍ഡ്‌ ഇപ്പോള്‍ ഇറ്റലിയാണോ എന്ന്‌ സംശയം. ഖദറിട്ട ഒരു ഇറ്റലിക്കാരന്‍ സായിപ്പിനെ പിറവത്ത്‌ കണ്ടകാര്യം സുഹൃത്ത്‌ പറഞ്ഞറിയാനിടയായി.

കപ്പലില്‍ നിന്ന്‌ പിടിച്ചെടുത്ത തോക്കിന്‌ സര്‍ക്കാര്‍ ബഹുമതികളോടെ സ്വീകരണവും യാത്രയയപ്പും നല്‍കി, തോക്കിന്‌ പൂമാലയും, തോക്കിന്റെ ഉടമകള്‍ക്ക്‌ ഗസ്റ്റ്‌ റൂമില്‍ കരിമീന്‍ പൊള്ളിച്ചതും ഒക്കെ നമ്മുടെ സോണിയാ സത്‌കാരം, പാവപ്പെട്ട മീന്‍പിടുത്തക്കാരെ വെടിവെച്ച്‌ കൊന്നതില്‍ എന്ത്‌ ജാതി, എന്ത്‌ മതം, കൊല്ലുന്നവര്‍ ശിക്ഷിക്കപ്പെടണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‌ നീതി കിട്ടണം. പിറവത്തെ ഇലക്ഷനുശേഷം ഇറ്റാലിയന്‍ കപ്പലും തോക്കും പ്രതികളുമൊക്കെ നാടുവിടുമെന്ന്‌ എല്ലാവര്‍ക്കും അറിയാം. സുബ്രഹ്മണ്യസ്വാമിക്കുമറിയാം. പിറവത്തെ വിശ്വാസികള്‍ക്കു ഒക്കെ അറിയാം. ഈ അറിവ്‌ പിറവത്തുള്ളവര്‍ ശരിക്കും മനസ്സിലാക്കുന്നുണ്ട്‌.

കേരളത്തിലെ സര്‍വ്വ സമ്മതരായ നേതാക്കളെ തൊട്ടടുത്ത്‌ കാണാന്‍ പിറവത്തുകാര്‍ക്ക്‌ കിട്ടിയ മഹാഭാഗ്യമാണെന്ന്‌ വേണം ഈ ഇലക്‌ഷനെ കരുതാന്‍. പിറവത്തുകാര്‍ക്ക്‌ ടി.എം ജേക്കബിനേയും അദ്ദേഹത്തിന്റെ നിഷ്‌കളങ്കനായ മകനേയും, എം.ജെ. ജേക്കബിനേയും അറിയാം. പുതിയ എം.എല്‍.എമാര്‍ക്ക്‌ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന എം.എല്‍.എ ആയിട്ടുള്ള ടി.എം. ജേക്കബ്‌, കേരളത്തിലെ ഏറ്റവും കൂടുതല്‍ നിയമസഭാ കാര്യങ്ങള്‍ അറിവുള്ള നേതാവു കൂടിയായിരുന്നു. എന്നാല്‍ എം.ജെ. ജേക്കബ്‌ ജാഡകളില്ലാതെ മണ്‌ഡലത്തിലെ വികസനത്തിനും പുരോഗതിക്കും വേണ്ടി ചുരുങ്ങിയ കാലംകൊണ്ട്‌ കഴിയുന്നതെല്ലാം ചെയ്‌തുകൊണ്ടിരിക്കുന്ന ആളാണ്‌. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ പിറവത്തിന്റെ ഭാവി നിശ്ചയിക്കട്ടെ. നമുക്ക്‌ കാത്തിരിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക