Image

മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം

Published on 09 December, 2017
മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം
അന്തരിച്ച ചലച്ചിത്ര സംവിധായകരായ കെ.ആര്‍. മോഹനനും ഐ.വി.ശശിക്കും ചലച്ചിത്രമേളയുടെ ആദരം

രാജ്യാന്തര ചലച്ചിത്രമേളയെ മികവുറ്റതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരിലൊരാളായിരുന്നു അക്കാദമി ചെയര്‍മാന്‍ കൂടിയായിരുന്ന കെ.ആര്‍. മോഹനനെന്ന് നടന്‍ വി.കെ. ശ്രീരാമന്‍ അനുസ്മരിച്ചു. കെ.ആര്‍. മോഹനനെക്കുറിച്ചുള്ള പുസ്തകം സംവിധായകന്‍ ടി.വി. ചന്ദ്രന്‍ കെ.പി. കുമാരന് നല്‍കി പ്രകാശനം ചെയ്തു.

സിനിമയോടുള്ള അടങ്ങാത്ത ആസക്തിയായിരുന്നു ഐ.വി.ശശിയുടെ സിനിമകളെ ജനപ്രിയമാക്കിയതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. ഐ.വി.ശശിയെക്കുറിച്ചുള്ള പുസ്തകം സത്യന്‍ അന്തിക്കാട് പി.വി. ഗംഗാധരന് നല്‍കി പ്രകാശിപ്പിച്ചു. നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവര്‍ ശ്രീ തീയറ്ററില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല - അപര്‍ണ സെന്‍

ആവിഷ്കാര സ്വാതന്ത്ര്യം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടതല്ലെന്ന് അപര്‍ണ സെന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രതിരോധിക്കാനുള്ള സ്വാതന്ത്ര്യമാണ് നിരോധിക്കാനുള്ള അധികാരമല്ല ജനാധിപത്യത്തിലുണ്ടാകേണ്ടത്. ഇത് സിനിമയെക്കുറിച്ചു മാത്രമുള്ള ചര്‍ച്ചയല്ല, എല്ലാത്തരം സ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കയാണെന്ന് തിരിച്ചറിയണമെന്നും അപര്‍ണ സെന്‍ പറഞ്ഞു. കലാ സൃഷ്ടിയില്‍ എന്തു പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം കലാകാരന്റേതാണെന്ന് ഡോ. ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ശീര്‍ഷകം കൊണ്ടു മാത്രം ഒരു ചിത്രത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നത് അനീതിയാണെന്ന് എസ്. ദുര്‍ഗയെ പരാമര്‍ശിച്ചുകൊണ്ട് ശശി തരൂര്‍ പറഞ്ഞു. ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന്‍ സന്തോഷ് സേനന്‍, സെമിഹ് കപ്ലനൊഗ്ലു, വി കെ ജോസഫ്, സജിത മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. സി. ഗൗരിദാസന്‍ നായര്‍ മോഡറേറ്ററായിരുന്നു.

വിമന്‍ ഇന്‍ സിനിമ കളക്ടീവ് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു

ചലച്ചിത്ര മേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ വിമന്‍ കളക്ടീവ് ഇന്‍ സിനിമ സ്റ്റാള്‍ അപര്‍ണാ സെന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സജിതാ മഠത്തില്‍, റീമാ കല്ലിങ്കല്‍,സംവിധായകരായ ശ്രീബാല.കെ.മേനോന്‍, വിധു വിന്‌സെന്റ് മറ്റ് ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക