Image

മുഹമ്മദ് ഹാജിയുടെ കാരുണ്യ സ്പര്‍ശത്താല്‍ 10 വിധവകള്‍ക്ക് കാരുണ്യ ഗൃഹമൊരുങ്ങുന്നു

റഹീം ഒലവക്കോട് Published on 12 December, 2017
മുഹമ്മദ് ഹാജിയുടെ കാരുണ്യ സ്പര്‍ശത്താല്‍ 10 വിധവകള്‍ക്ക് കാരുണ്യ ഗൃഹമൊരുങ്ങുന്നു
പാലക്കാട്: പി.എം. മുഹമ്മദ് ഹാജി എന്ന മനുഷ്യസ്‌നേഹിയുടെ കാരുണ്യ സ്പര്‍ശത്താല്‍ പത്ത് നിര്‍ധനരായ വിധവകള്‍ക്ക് കാരുണ്യ വീട് ഒരുങ്ങുന്നു. റഹീം ഒലവക്കോടിന്റെ നേതൃത്വത്തിലുള്ള  ഏകതാ പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റാണ് പി.എം. മുഹമ്മദ് ഹാജിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ നേതൃത്വം നല്‍കുന്നത്. മുഹമ്മദ് ഹാജി ഏകതാ പ്രവാസിക്കു ഇതിനായി നാല്‍പത് സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കി. പാലക്കാട് മേനാംപാറ ഭാഗത്താണ് സ്ഥലം വിട്ടു നല്‍കിയത്. ഇവിടെ വീടുകള്‍ നിര്‍മ്മിക്കുന്നതിനായി 27നു വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ച കെ.പി.എ.സി.ലളിതയെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ലളിതം 50' ന്റെ ലാഭവിഹിതം വിനിയോഗിക്കും.

തൃശൂര്‍ ആല്‍ത്തറ പരപ്പുരയില്‍ മുഹമ്മദ് ഹാജി ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്നു വന്നയാളാണ്. താന്‍ അനുഭവിച്ച ദുരിതങ്ങളെ ഓര്‍മ്മിക്കുന്ന മുഹമ്മദ് ഹാജിയുടെ നന്മ വറ്റാത്ത മനസ്സാണ് കാരുണ്യ പ്രവര്‍ത്തിക്കു പ്രചോദനമായത്.

എഴുപതുകളില്‍ പാലക്കാട് എത്തിയ മുഹമ്മദ് ഹാജി ആദ്യം 15 രൂപാ ശമ്പളക്കാരനായിട്ടാണ് ജീവിതയാത്രയ്ക്ക് തുടക്കമിട്ടത്. 14 പേരടങ്ങിയ വലിയ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്.  പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടും ഒട്ടേറെയുണ്ടായെങ്കിലും തളര്‍ന്നില്ല. ഏഴു സഹോദരങ്ങളെയും ഒപ്പം കൂടി. 1980ല്‍ ഒരു ചെറിയ സ്ഥാപനം വാടകക്കെടുത്ത് ആരംഭിച്ച പ്രയാണത്തില്‍ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 82ല്‍ ചന്ദ്രാനഗറില്‍ സ്ഥലം വാങ്ങി പലചരക്ക് വ്യാപാരത്തിന് തുടക്കം കുറിച്ചു. മുഹമ്മദ് ഹാജിയും സഹോദരങ്ങളായ മൂസ്സക്കുട്ടി, ഇബ്രാഹിം, അബൂബക്കര്‍, യൂസഫ്, ഖാദര്‍, അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് നാട്ടിലും ദുബായ്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ 20തോളം സ്ഥാപനങ്ങള്‍ നടത്തിവരികയാണ്. വാള്‍മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ്, ലാവണ്ടര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, പി.എം.ഗ്രൂപ്പ് എന്നീ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 1500 പരം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. മുഹമ്മദ് ഹാജിയുടെ നന്മ മനസിനു പിന്തുണയുമായി ഭാര്യ അലീമു മക്കളായ സിറാജുദ്ദീന്‍, ഷറഫുദ്ദീന്‍, സൈനുദ്ദീന്‍ എന്നിവരും ഒപ്പമുണ്ട്.

ഏകതാ പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള സ്ഥലത്തിന്റെ ആധാരം ചലച്ചിത്രനടന്‍ മോഹന്‍ലാലിനു പി.എം.മുഹമ്മദ് ഹാജി കൈമാറി. മോഹന്‍ലാല്‍ ഏകതാ പ്രവാസി ചെയര്‍മാന്‍ റഹീം ഒലവക്കോടിനെ ആധാരം ഏല്‍പ്പിച്ചു. ചടങ്ങില്‍ ചലചിത്ര സംവിധായകന്‍ എം.പത്മകുമാര്‍, ഏകതാ പ്രവാസി വൈസ്‌ചെയര്‍മാന്‍ എബി ജെ. ജോസ്, പാലക്കാട് മുരളി, അഭിരാമി അസോസിയേറ്റ്‌സ് ഡയറക്ടര്‍ നിഷാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.


മുഹമ്മദ് ഹാജിയുടെ കാരുണ്യ സ്പര്‍ശത്താല്‍ 10 വിധവകള്‍ക്ക് കാരുണ്യ ഗൃഹമൊരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക