Image

നെഹ്‌റു കുടുംബത്തിലെ സ്‌ത്രീകള്‍ക്കെതിരായ കോടിയേരിയുടെ പരാമര്‍ശം സ്‌ത്രീത്വത്തെ അപമാനിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌

Published on 12 December, 2017
നെഹ്‌റു കുടുംബത്തിലെ സ്‌ത്രീകള്‍ക്കെതിരായ കോടിയേരിയുടെ പരാമര്‍ശം സ്‌ത്രീത്വത്തെ അപമാനിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌


തിരുവനന്തപുരം: നെഹ്‌റു കുടുംബത്തിലെ സ്‌ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ ഭാവിയില്‍ കോണ്‍ഗ്രസിന്‌ അധ്യക്ഷനില്ലാത്ത അവസ്ഥയാകുമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന വിവാദമാകുന്നു.

കോടിയേരിയുടെ പ്രസ്‌താവന സ്‌ത്രീത്വത്തെ അപമാനിക്കുന്നതാണെന്നു പറഞ്ഞ്‌ കോണ്‍ഗ്രസ്‌ രംഗത്തെത്തി. പദവിക്കു നിരക്കാത്തതും അപക്വവുമായ പ്രസ്‌താവനയാണിതെന്നും കോടിയേരി മാപ്പു പറയണമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. സുരേഷ്‌ ബാബു അഭിപ്രായപ്പെട്ടു.

സി.പി.ഐ.എം വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യവെയായിരുന്നു കോടിയേരിയുടെ പരാമര്‍ശം. കോണ്‍ഗ്രസ്‌ നോമിനേറ്റഡ്‌ പാര്‍ട്ടിയായി മാറിയെന്നും കോടിയേരി പറഞ്ഞിരുന്നു.

നേരത്തെ കോണ്‍ഗ്രസ്‌ നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാമും കോടിയേരിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റിന്റെ യോഗ്യതക്ക്‌ ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ടയെന്നായിരുന്നു ബല്‍റാം പറഞ്ഞത്‌.

സോണിയാഗാന്ധി അധ്യക്ഷയായി രണ്ടു ദശകത്തിന്‌ ശേഷം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ കോണ്‍ഗ്രസ്‌ അധ്യക്ഷനായി തെരഞ്ഞെടുത്തതിന്‌ പിന്നാലെയായിരുന്നു കോടിയേരിയുടെ ആക്ഷേപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക