Image

കൈയേറ്റഭൂമിയില്‍ ക്ഷേത്രം നിര്‍മിച്ചാല്‍ ഈശ്വരന്‍ പ്രാര്‍ഥന കേള്‍ക്കുമോ എന്നു കോടതി

Published on 12 December, 2017
കൈയേറ്റഭൂമിയില്‍ ക്ഷേത്രം നിര്‍മിച്ചാല്‍ ഈശ്വരന്‍ പ്രാര്‍ഥന കേള്‍ക്കുമോ എന്നു കോടതി

ന്യൂഡല്‍ഹി: കൈയേറ്റ ഭൂമിയില്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. നടപ്പാത കൈയേറി അനധികൃതമായി നിര്‍മിച്ച ക്ഷേത്രത്തില്‍നിന്നുള്ള പ്രാര്‍ഥന ഈശ്വരന്‍ കേള്‍ക്കുമോ എന്നു ഹൈക്കോടതി ചോദിച്ചു. മധ്യഡല്‍ഹിയിലെ കരോള്‍ ബാഗില്‍ ഹനുമാന്‍ പ്രതിഷ്ഠ അനധികൃതമായി നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. 

നടപ്പാത കൈയേറി നിര്‍മിച്ച സ്ഥലങ്ങളില്‍നിന്നു പ്രാര്‍ഥിച്ചാല്‍ ഇത് ഈശ്വരനിലേക്ക് എത്തുമോ എന്താണ് ഇതിന്റെ പവിത്രത നടപ്പാത കൈയേറിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തല്‍, ജസ്റ്റീസ് സി.ഹരിശങ്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചു. അനധികൃത കൈയേറ്റങ്ങള്‍, അത് ക്ഷേത്രമായാലും നിയമപരമായി നേരിടുമെന്ന് ബെഞ്ച് മുന്നറിയിപ്പു നല്‍കി. അധികൃത കൈയേറ്റങ്ങള്‍ നടന്നിട്ടുള്ള നടപ്പാതകളുടെ രേഖകള്‍ ഹാജരാക്കാനും നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനോടു കോടതി നിര്‍ദേശിച്ചു.

ഹനിമാന്‍ പ്രതിഷ്ഠയുടെ ഒരു ഭാഗം നടപ്പാതയിലും ബാക്കിയുള്ള ഭാഗം ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി(ഡിഡിഎ)യുടെ ഭൂമിയിലാണെന്നും പിഡബഌുഡിക്കുവേണ്ടി ഹാജരായ ഡല്‍ഹി സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സത്യകം കോടതിയെ അറിയിച്ചു. ഇതോടെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനവും പാര്‍ക്കിംഗും തടയാത്തതെന്നു ചോദിച്ച കോടതി, ഭൂമി കൈയേറ്റം അനുവദിച്ച ഡിഡിഎ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചു. 

ഒരു ട്രസ്റ്റാണ് ഹനുമാന്‍ പ്രതിഷ്ഠ ഉള്‍പ്പെടുന്ന ഭൂമി നിയന്ത്രിക്കുന്നതെന്നും ഈ ട്രസ്റ്റിന്റെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കുകയാണെന്നും ഡല്‍ഹി പോലീസിനുവേണ്ടി കൂടി ഹാജരായ സത്യകം കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കോടതി പോലീസിനു നിര്‍ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക